കണ്ടു വിശ്വസിക്കുന്നവരും ഭാഗ്യവാന്മാർ
15 Jun 2022
കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ എന്നൊക്കെ വിശ്വസിക്കാമെങ്കിലും വിശുദ്ധ തോമാസ് ശ്ലീഹ അങ്ങനെ ആയിരുന്നില്ല. കണ്ടും തൊട്ടും അനുഭവിച്ചും മാത്രം വിശ്വസിക്കുന്ന വിശുദ്ധ വ്യക്തിത്വമാണ് തോമാസ് ശ്ലീഹയുടേത്. വിശുദ്ധ തോമാസ് ശ്ലീഹ പോലുമാണെങ്കിലും വിശ്വാസത്തിന്റെ കഥ മറിച്ചല്ല. നമുക്ക് കണ്ടും തൊട്ടും അനുഭവിച്ചും വിശ്വസിക്കാം തോമാസ് ശ്ലീഹയെ ഇവിടെ ഈ ദേവാലയത്തിൽ. ഇത് മാർതോമ തീത്ഥകേന്ദ്രം.
ഈ കാണുന്നതാണ് കൊടുങ്ങല്ലൂരിലെ അഴീക്കോടിലെ മാർതോമാ പള്ളിയും തീർത്ഥകേന്ദ്രവും. കൊടുങ്ങല്ലൂരിൽ നിന്ന് അഴീക്കോട് ജെട്ടിയിലേക്ക് ബസ്സ് മാർഗ്ഗവും മുനമ്പം അഴിമുഖത്തുനിന്ന് ജങ്കാർ മാർഗ്ഗവും സന്ദർശകർക്ക് ഈ തീർത്ഥകേന്രത്തിലെത്താവുന്നതാണ്.
മുനമ്പത്തുനിന്ന് ജങ്കാർ കായലോളങ്ങളിലൂടെ ഇഴയുമ്പോൾ സന്ദർശകരുടെ ഓർമ്മകളും ഒപ്പമിഴയുന്നു എ.ഡി. 52-ന്റെ കാലാതിർത്തിയിലേക്ക്. അന്നാണത്രെ വിശുദ്ധ തോമാസ് ശ്ലീഹ പഴയകാല മുസിരിസ് പട്ടണമായ ഇന്നത്തെ കൊടുങ്ങല്ലൂരിൽ കാലുകുത്തിയത്.
കൊടുങ്ങല്ലൂരിൽ കാലുകുത്തിയ വിശുദ്ധ തോമാസ് ശ്ലീഹ ഏഴര പള്ളികൾ സ്ഥാപിച്ചതായാണ് പറയപ്പെടുന്നത്. മാല്യങ്കര, കൊല്ലം, നിരണം, നിലയ്ക്കൽ, കൊക്കമംഗലം, കോട്ടക്കാവ്, പാലയൂർ, പിന്നെ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിൽ തിരുവിതാംകോട് എന്നിടത്ത് ഒരു പള്ളികൂടി സ്ഥാപിച്ചെന്നും പറയപ്പെടുന്നു. തിരുവിതാംകോടിലെ പള്ളിക്ക് അരചൻ പള്ളി അഥവാ അരമന പള്ളി എന്നൊരു അപരനാമം കൂടിയുണ്ടത്രെ. ഈ പേരു് ലോപിച്ചാണ് അരപ്പള്ളി ഉണ്ടായതെന്നും പറയപ്പെടുന്നു.
കൊടുങ്ങല്ലൂരിൽ നിന്നാരംഭിച്ച വിശുദ്ധ തോമാസ് ശ്ലീഹയുടെ ക്രിസ്തുസന്ദേശ പ്രേഷിതയാത്ര ചോള-പാണ്ഡ്യ രാജ്യങ്ങളും കടന്ന് എ.ഡി. 72-ൽ മൈലാപ്പൂരിൽ രക്തസാക്ഷിത്വത്തിൽ അവസാനിക്കുകയായിരുന്നുവെന്ന് ചരിത്രം. ഒരു വേടന്റെയോ, ബ്രാഹ്മണന്റെയോ അമ്പേറ്റ് കൊല്ലപ്പെട്ടതാണെന്നുള്ള അഭ്യൂഹങ്ങളും നിലനില്ക്കുന്നുണ്ട്. മൃതദേഹം അവിടെത്തന്നെ സംസ്കരിച്ചതായി പുരാതന കൃതിയായ മാർതോമാപർവ്വത്തിലുണ്ടെന്നും അവകാശപ്പെടുന്നു.
പിന്നീട് വിശുദ്ധന്റെ അസ്ഥികൾ മൂന്നാം നൂറ്റാണ്ടിൽ ഏഷ്യാ മൈനറിലെ എദേസായിലേക്ക് കൊണ്ടുപോയതായും രേഖകളുണ്ടത്രെ. കഥകൾ അവിടേയും അവസാനിക്കുന്നില്ല. 1141-ൽ വിശുദ്ധന്റെ അസ്ഥികൾ മെഡിറ്ററേനിയൻ തീരത്തുള്ള ക്വിയോസ് ദ്വീപിലേക്ക് കൊണ്ടുപോയത്രെ. പിന്നീട് 1258-ൽ ഇറ്റലിയിലെ കിഴക്കേതീരത്തുള്ള ഓർത്തോണ പട്ടണത്തിലേക്കും മാറ്റിയതായും ക്രൈസ്തവ വൃത്തങ്ങൾ അവകാശപ്പെടുന്നു.
ഇനിയാണ് നാമിപ്പോൾ നില്ക്കുന്ന അഴീക്കോട് മാർതോമ്മ തീർത്ഥകേന്ദ്രത്തിന്റെ കഥയിലേക്ക് നാമെത്തുക. 1953 ഡിസംബർ 6-ന് അക്കാലത്തെ പൌരസ്ത്യ തിരുസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്ന യൂജിൻ കാർഡിനൽ ടിസ്സറാങ്ങ് വിശുദ്ധന്റെ വലതുകരത്തിന്റെ ഒരു അസ്ഥിക്കഷണത്തിന്റെ തിരുശേഷിപ്പുമായി കേരളത്തിലെത്തിയത്രെ. ആ തിരുശേഷിപ്പാണ് ഈ പള്ളിയിൽ സൂക്ഷിച്ചിട്ടുള്ളത്. അങ്ങനെ ക്രൈസ്തവർക്ക് കണ്ടും തൊട്ടും അനുഭവിച്ചും വിശുദ്ധ തോമാസ് ശ്ലീഹയിൽ വിശ്വസമർപ്പിച്ചുകൊണ്ട് പ്രാർത്ഥനാനുഭവത്തെ പ്രാപിക്കാം ഈ ദേവാലയത്തിൽ. ഒപ്പം ഒരു വിശുദ്ധ ചരിത്രത്തിന് സാക്ഷ്യം വഹിക്കാനുമാവും.
യേശുദേവന്റെ മുറിവുകളുടെ സ്പർശമേറ്റ വിശുദ്ധ തോമാസ് ശ്ലീഹയുടെ വലതുകരത്തിന്റെ തിരുശേഷിപ്പിൽ ശരണം പ്രാപിച്ച് ഇവിടെ എത്തുന്ന ഭക്തർക്കും വിശ്വാസികൾക്കും ചരിത്രാന്വേഷികൾക്കും കയ്യും കണക്കുമില്ല.
വിശുദ്ധ മാർ തോമാസ് ശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ ഓർമ്മ പുതുക്കുന്നതിനും വിശ്വാസ പ്രഖ്യാപനം പുതുക്കുന്നതിനുമായി എല്ലാ വർഷവും നവംബർ 21-കഴിഞ്ഞ് വരുന്ന ഞായറാഴ്ചയാണ് ഇവിടുത്തെ തിരുന്നാൾ ആഘോഷിക്കുന്നത്. ഇവിടുത്തെ തിരുശേഷിപ്പു വണക്കവും, ഊട്ടും, ബോട്ടു വെഞ്ചിരിപ്പും, ബോട്ടുകളുടെ അകമ്പടിയോടെ പെരിയാറിലൂടെ വിശുദ്ധന്റെ തിരുസ്വരൂപവമായുള്ള ഭാരത പ്രവേശന പ്രദക്ഷിണവും കേമമാണ്.