സൈബറിടങ്ങളിലെ കലാസാഹിത്യം
05 Feb 2022
സൈബർ പ്രതലം എന്ന് പറയുന്നതിനേക്കാൾ സൈബർ തിരമാലതലങ്ങൾ എന്നു പറയുന്നതാണ് യുക്തിസഹമായ ശരിയെന്നാണ് എന്റെ പക്ഷം. കാരണം, ഇന്റ്റർനെറ്റിന്റെ അഥവാ സൈബർ സംസ്കൃതിയുടെ മൂലഭാഷയിൽ പറയുന്നത് സർഫിങ്ങ് (Surfing) എന്നാണ്. എന്നുവച്ചാൽ സാഗരോപരിതലങ്ങളിൽ തിരമാലകളോടൊപ്പം നടത്തുന്ന ഒരു സാഹസികമോ കായികമോ ആയ ഒരു യാത്ര.
ഇന്റർനെറ്റ് അഥവാ സൈബർ പ്ലാറ്റ്ഫോം അല്ലെങ്കിൽ സ്പെയ്സ് എന്നതിന്റെ മലയാള മൊഴിമാറ്റം നടത്തിയപ്പോൾ കിട്ടിയ ഒരു സാധാരണ വാക്കായിരിക്കണം പ്രതലം എന്നത്. പ്രതലം എന്നാൽ ഏതാണ്ട് സമതലസ്വഭാവമുള്ള ഒരു തലം എന്ന് വ്യാഖ്യാനിക്കേണ്ടിവരും. എന്നാൽ സൈബറിടങ്ങളിലെ തലമെന്ന് പറയുന്നത് സമതലസ്വഭാവമുള്ള പ്രതലമല്ല, മറിച്ച് അശാന്തമായ അലമാലകളുടെ അസ്ഥിരമായ ഒരു കലുഷിത തലമാണ്. അതുകൊണ്ടുതന്നെ അതിന്റെ സ്വരരാഗതാളലയങ്ങളും അസ്ഥിരവും അസ്വസ്ഥജനകവുമായിരിക്കും. മാത്രമല്ല, അതിന്റെ സൌന്ദര്യമെന്നത് നൈമിഷകവുമാണ്. കാഴ്ചക്കാരന്റെ മനോഭാവത്തിനും ആത്മഭാവത്തിനും വിധേയമാവുന്ന ഒരു ആസ്വാദനതലത്തിൽ കടൽപരപ്പുകളിലെ ആസ്വാദനം നൈമിഷകമായിപ്പോവുന്നുണ്ടല്ലോ. അതുകൊണ്ടാണ് ഓരോ ദിവസത്തെയും സൂര്യോദയവും സൂര്യാസ്തമനവും തികച്ചും വ്യത്യസ്തമായ ഭാവതലങ്ങളിൽ നമ്മേ സന്തോഷിപ്പിക്കുന്നതും അഭിരമിപ്പിക്കുന്നതും.
പുതുതെന്ന അഹങ്കാര വിഭവവുമായി നാമിന്ന് കൊട്ടിഘോഷിക്കുന്ന ഈ സൈബർ പ്രതലം എന്റെ ഭാഷയിൽ ഞാൻ പറയാനാഗ്രഹിക്കുന്ന തിരമാലതലം ഒരിക്കലും പുതുതല്ല. കാവ്യോത്ഭവത്തിന്റെ അനാദികാലം മുതലുണ്ട് ഈ തരംഗതലം. ആദ്യകവിതക്കുവേണ്ടി വാത്മീകം തകർത്ത മാനിഷാദയിൽ തുടങ്ങുന്നു ഈ ശബ്ദതരംഗതലം. പിന്നീട് എപ്പോഴോ അതിന് ഒരു ദൃശ്യതരംഗതലം കൂടി ചേർന്നുവന്നുവെന്ന് മാത്രം.
ആദ്യകവി മാനിഷാദ സംപ്രേക്ഷണം ചെയ്യുകയാണുണ്ടായത്. ആദ്യത്തെ ബ്രോഡ്കാസ്റ്റിങ്ങ് (Broadcasting) കവിതയായിരുന്നു അത്. നമ്മുടെ ഇന്നത്തെ സൈബർ ഭാഷയിൽ പറഞ്ഞാൽ അദ്യകവി മാനിഷാദ എയർ ചെയ്യുകയാണുണ്ടായത്. ആദ്യകവിയുടെ മാനിഷാദാകാലങ്ങളിൽ മാനവികാന്തരീക്ഷം എന്തുകൊണ്ടും ശാന്തമായിരുന്നു. ഇന്നത്തേതുപോലെ ഇത്രയേറെ തരംഗദൈർഘ്യവും ദുർഘടങ്ങളും നിറഞ്ഞ സൈബർ തിരമാലതലങ്ങൾ അന്നുണ്ടായിരുന്നില്ല്. അതുകൊണ്ടുതന്നെ മാനിഷാദ മാനം മുട്ടേയും മാനം തുളച്ചും പ്രകമ്പനം കൊണ്ടു.
പിന്നീട് തുഞ്ചത്തെഴുത്തച്ഛൻ നടത്തിയത് പ്രകൃതിയോട് കുറേക്കൂടി അടുത്തുനിന്നുകൊണ്ടുള്ള സംപ്രേക്ഷണമായിരുന്നു. ആദ്യകവി മാനിഷാദ പാടുമ്പോൾ അത് ഭൂമിയോടാണ് പാടി പ്രകമ്പനം കൊള്ളിച്ചതെങ്കിൽ, എഴുത്തച്ഛന്റെ കാവ്യ സംപ്രേക്ഷണം പ്രകൃതിയുടെ ജൈവാവസ്ഥയിലൂടെയായിരുന്നു. ഒരുു കിളിയെ സമൂഹമാധ്യമമാക്കിയായിരുന്നു എഴുത്തച്ഛന്റെ കാവ്യ സംപ്രേക്ഷണം. എഴുത്തച്ഛന്റെ ഈ സംപ്രക്ഷണത്തെ വേണമെങ്കിൽ നമുക്ക് ആദ്യത്തെ ടെലി സംപ്രേക്ഷണത്തോട് Telecasting) അടുപ്പിച്ചുനിർത്താം. ഇത്തരത്തിലൊക്കെ ചിന്തിക്കുമ്പോൾ ഇന്നത്തെ അഹങ്കാര സൈബർതലമെന്നത് പഴഞ്ചനാവുന്നത് നമുക്ക് കാണാവുന്നതാണ്.
ആദ്യകവിയും എഴുത്തച്ഛനും സാഹിത്യം സംപ്രേക്ഷണം ചെയ്യുമ്പോൾ ഇവിടെ ഒരേയൊരു സംപ്രേക്ഷണ നിലയമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് സാഹിത്യ സംപ്രേക്ഷണ നിലയങ്ങളുടെ ബഹളമാണ്. ഇന്നത്തെ അപേക്ഷിച്ച് അന്ന് അന്തരീക്ഷം ഏറെ ശാന്തവുമായിരുന്നു. ശ്രോതാക്കളുടെ കർണ്ണപുടങ്ങൾക്ക് സ്വച്ഛതയുടേയും ശാന്തതയുടേയും നല്ല കാലമായിരുന്നു അന്ന്. സാഹിത്യം കേൾക്കാൻ അവർ കാതുകൾ വട്ടം പിടിച്ചുനിന്നിരുന്നു അക്കാലത്ത്. അതുകൊണ്ടുതന്നെ മാനിഷാദയുടെ ഗാംഭീര്യവും കിളിപ്പാട്ടിന്റെ ലാളിത്യവും ഏറെ തടസ്സങ്ങളില്ലാതെ അവരുടെ കാതുകളിലൂടെ കടന്നുപോയിരുന്നു. അവ അവരുടെ മനനതലങ്ങളിൽ ആഴത്തിൽ സ്പർശിച്ച് ആത്മതലങ്ങളിൽ ശാന്തിയുടെ നേർത്ത തിരയിളക്കം നടത്തിയിരുന്നു. ഉത്തമ കലകളുടേയും സാഹിത്യത്തിന്റേയും ഉന്നം പിഴക്കാത്ത സംശുദ്ധമായ സംപ്രേക്ഷണമായിരുന്നു മാനിഷാദയും കിളിപ്പാട്ടും.
ഇന്നത്തെ സൈബർ തിരമാലതലങ്ങളിലെ കലാസാഹിത്യ സംപ്രക്ഷണങ്ങൾക്ക് പലപ്പോഴും ഉന്നം പിഴക്കുന്നുണ്ട്. ശാസ്ത്രസാങ്കേതിക വിഭവക്കൂട്ടുകൾ കലാസാഹിത്യ സംപ്രക്ഷണം എളുപ്പമാക്കുന്നുണ്ടെങ്കിലും അവ പലപ്പോഴും മനനതലങ്ങളിലും ആത്മതലങ്ങളിലും സ്പർശിക്കുന്നതേയില്ല. പകരം അവ മനോരോഗാതുരമായ ആത്മരതിയുടെ (Mentally Disordered Narcissism) ഓളങ്ങളിലൂടെ കടന്നുപോകുന്നു. ഇവിടെ സ്രഷ്ടാവും ശ്രോതാവും മനോരോഗാതുരമായ ആത്മരതിയുടെ അവസ്ഥയെ പ്രാപിക്കുന്നു. സൈബർ നിരൂപണ ഭാഷയിലെ ലൈക്കും ഷെയറും കമന്റും (Like, Share, comment) അങ്ങനെ മാലിന്യകൂമ്പാരങ്ങളുണ്ടാക്കുന്നു. ഒടുവിൽ സൃഷ്ടിയും ആ മാലിന്യകൂമ്പാരങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നു. ഒന്നുംതന്നെ കാലത്തെ അതിജീവിക്കുന്നില്ല, അലങ്കാരത്തിനെങ്കിലും ഒരു സ്മാരകം പോലും അവശേഷിപ്പിക്കുന്നില്ല.
സൈബർ ടെക്നോളജി പുസ്തകപ്രസാധനത്തിന്റെ കുത്തക പൊളിക്കുന്നുണ്ട്. പാവം എഴുത്തുകാരനെ ചൂഷണം ചെയ്തുകൊണ്ട് തടിച്ചുകൊഴുക്കുന്ന പ്രസാധക വിഷജന്തുക്കളെ ഇല്ലായ്മ ചെയ്യുന്നുണ്ട് സൈബറിടങ്ങളിലെ ഇ-ബുക്ക് (E-Book) പ്രസാധനം. ആമസോൺ തന്നെ 60 ലക്ഷം ഇ-ബുക്ക് ഇറക്കിയിട്ടുണ്ട്. 900 ലക്ഷം പേരെങ്കിലും ഇ-ബുക്ക് വായിക്കുന്നുണ്ട്. കടലാസ്സിന് വേണ്ടി മരങ്ങളെ കൊല്ലുന്ന പ്രകൃതിയുടെ ഘാതകരെ ഇല്ലായ്മ ചെയ്യുന്നുണ്ട് സൈബർ ടെക്നോളജി. അതേസമയം എഴുത്തുകാരല്ലാത്ത സൈബർ പ്രതലങ്ങളിലെ വിരൽതേപ്പുകാരെ വിലകുറഞ്ഞ എഴുത്തുകാരാക്കുന്നുമുണ്ട് സൈബർ ടെക്നോളജി. സൈബർ തിരമാലതലങ്ങളിലെ തിരകളെപോലെ എഴുതിമായ്ക്കപ്പെടുന്ന കലാസാഹിത്യ രചനകൾ നമ്മുടെ സാംസ്കാരികതയെ കൊന്നുകൊലവിളിക്കുന്നുമുണ്ട്. ഇതുതന്നെയാണ് സൈബർ തിരമാലതലങ്ങളിലെ കലാസാഹിത്യ ദുരന്തവും.
പണ്ട് വ്യാജമദ്യം കഴിച്ച് ഒരുപാട് പേരെ കൊലയക്ക് കൊടുത്ത ഒരു ദേശമുണ്ടായിരുന്നു കേരളത്തിൽ. എന്നാൽ ഇന്ന്, അതേ ദേശത്തുനിന്ന് പ്രലോഭിത വ്യാജസാഹിത്യം കൊടുത്തുകൊണ്ട് അനേകരെ, സാഹിത്യത്തിൽ അപഥസഞ്ചാരം നടത്താൻ പ്രേരിപ്പിക്കുന്ന ഒരു കവി ഉണ്ടായിരിക്കുന്നു. കാണാൻ തരക്കേടില്ലാത്ത ആ കവി അവരുടെ മനോഹരമായ ചിത്രങ്ങളുടെ അകമ്പടിയോടെ ഒരുപാട് കവിത കണക്കെ തോന്നിപ്പിക്കുന്ന അക്ഷരസാമഗ്രികൾ അവരുടെ വസ്ത്രാഞ്ചലത്തിൽ കെട്ടിത്തൂക്കിയിട്ടുകൊണ്ട് സൈബറിടങ്ങളിൽ മാലിന്യമായി വലിച്ചെറിയുന്നു. ഇങ്ങനെ ഒരുപാട് പേരുണ്ട്. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്, അവകാശമുണ്ട്, ഒരുവേള അധികാരവുമുണ്ട്. അവർ കേന്ദ്ര-സംസ്ഥാന തലത്തിൽ പുരസ്കൃതരാവാനുള്ള സാധ്യതയും ഞാൻ തള്ളിക്കളയുന്നില്ല. എന്നാൽ പ്രലോഭിത വ്യാജസാഹിത്യം കൊടുത്തുകൊണ്ട് അനേകം സാഹിത്യകുതുകികളെ കൊന്നൊടുക്കുന്ന ഇവരെ വായനക്കാരുടെ ഏതു കോടതി ശിക്ഷിക്കണം എന്നതാണ് നമ്മുടെ പ്രശ്നം. ഇതൊരു സാംക്രമിക രോഗമാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ മനോരോഗാതുരമായ ആത്മരതിയുടെ അവസ്ഥാന്തരമാണ് ഈ സാഹിത്യ ജല്പനങ്ങളും മാലിന്യങ്ങളും.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. രണ്ട് കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. പരമപ്രധാനമായിട്ടുള്ള കാര്യം ആത്മരതി തന്നെ. മറ്റൊന്ന് മനോരോഗാതുരമായ പ്രത്യേകിച്ചും പ്രണയ-ലൈംഗികാതികളിൽ കൊതിച്ചോ വിധിച്ചോ ജീവിക്കുന്നവരുടെ ദുരവസ്ഥ. ഇതുരണ്ടും സാഹിത്യത്തിന് വിഷയമാവാം. പക്ഷേ, അതിൽ വൈയക്തിക-വിചാര-വികാരപരതക്കപ്പുറം സാഹിത്യം വേണം. അതിന് സാഹിത്യം എന്തെന്ന് അറിയണം. തത്ത്വചിന്താപരമായി പറഞ്ഞാൽ പരിപാകം വന്ന എഴുത്തുകാരൻ അവന്റെ ശരീരത്തിൽ നിന്ന് വേർപ്പെടുന്ന അവസ്ഥ ഉണ്ടാവണം. ആ അവസ്ഥയിലാണ് നല്ല സാഹിത്യം ഉണ്ടാവുക. അല്ലെങ്കിൽ അത് കഴുതക്കാമാർത്ഥ-ക്രോധ-മോഹ വിലാപമായി അധ:പ്പതിക്കും. സൈബറിടങ്ങളിലെ പുതിയ എഴുത്തുകാരുടെ പ്രശ്നം ഇതാണ്. സത്യത്തിൽ ഇത് എഴുത്തുകാരന്റേയോ എഴുത്തിന്റേയോ മാത്രം ദുരന്തമല്ല. സൈബറിടങ്ങളിലെ ചതിക്കുഴികളായ ലൈക്കും, ഷെയറും, കമന്റും സാധാരണ മനുഷ്യരിൽ ഉണ്ടാക്കിയെടുക്കുന്ന സൈബർ ദുരന്തമാണ്.
എഴുത്തുകാരൻ സ്വയം ചോദിക്കേണ്ട കുറച്ച് ചോദ്യങ്ങളുണ്ട്. എന്തിന് എഴുതണം. എങ്ങിനെ എഴുതണം. ആർക്കുവോണ്ടി എഴുതണം. എപ്പോൾ എഴുതണം. ആത്യന്തികമായും താൻ എഴുതാൻ പാകമായോ എന്ന് അന്വേഷിക്കേണ്ട ധാർമ്മിക ഉത്തരവാദിത്തവും അയാൾക്കുണ്ടാവണം. മാത്രമല്ല, എഴുത്തുകാരന് അവശ്യം വേണ്ട സത്ത്വഗുണങ്ങൾ അയാൾ കണ്ടെത്തുകയും വേണം. നിർഭാഗ്യവശാൽ ഇതൊന്നുമില്ലാതെ പിറക്കുന്ന ചാപിള്ളകളാണ് നമ്മുടെ സൈബറിടങ്ങളിൽ നാമിപ്പോൾ കണ്ടുവരുന്നത്. ചാപിള്ളക്കച്ചവടക്കാരായ ഒട്ടുമിക്കവാറും പ്രസാധകരും ഈ ചാപിള്ളകളെ നല്ലവണ്ണം പ്രൊമോട്ട് ചെയ്യുന്നുമുണ്ട്..
ഇത് എഴുത്തിന്റെ മാത്രം പ്രശ്നമല്ല. മറ്റു കലകളുടെ കൂടി പ്രശ്നമാണ്. ചിത്രകലയും, ഫോട്ടോഗ്രാഫിയും, സംഗീതവും, അഭിനയകലയും; എന്തിന് മാധ്യമപ്രവർത്തനം പോലും സൈബറിടങ്ങളിലെ ഈ ചതിക്കുഴികളിൽ പെട്ടുഴലുന്നു. എല്ലാം തന്നെ സൈബറിടങ്ങളിലെ ചതിക്കുഴികളിൽ പെട്ടുഴലുന്നു. ബ്രഷും ചായക്കൂട്ടും വേണ്ട ഇന്ന് ചിത്രകലക്ക്. വെളിച്ചത്തിന്റേയും നിഴലിന്റേയും കണക്കുകൂട്ടലുകൾ വേണ്ട ഇന്ന് ഫോട്ടേഗ്രഫിക്ക്. സംഗീതവും അങ്ങനെതന്നെ. സ്വരങ്ങൾക്ക് ശുദ്ധി വേണ്ട, സ്ഥാനം വേണ്ട, ഭാവം വേണ്ട, ലയവും വേണ്ട, താളവും വേണ്ട. അഭിനയകലക്കും ഒന്നും വേണ്ട, നടന് ശബ്ദം വേണ്ട, നടനവും വേണ്ട, സൌന്ദര്യവും വേണ്ട. പണവും സ്വാധീനവും ഉണ്ടെങ്കിൽ എല്ലാം ടെക്നോളജി ചെയതോളും, ഭംഗിയായി. വാർത്തകളിൽ നിന്ന് വാർത്ത അപ്രത്യക്ഷമാവുന്ന തരത്തിൽ റേറ്റിങ്ങിനുവേണ്ടി നെട്ടോട്ടമോടുന്ന നമ്മുടെ മാധ്യമ പ്രവർത്തനത്തേയും ഈ ടെക്നോളജി റാഞ്ചിയെടുക്കുന്നുണ്ട്.
ആവശ്യത്തിന് പണമുണ്ടെങ്കിൽ ഏത് ചപ്പും ചവറും പുസ്തകമാക്കാം, എഴുത്തുകാരനാവാം, ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ ലഭ്യമാക്കാം. സാംസ്കാരിക താരവാമാം. ചിത്രകാരനാവാം. ഫോട്ടോഗ്രാഫറാവാം. സംഗീതജ്ഞനാവാം. അഭിനയ ചക്രവർത്തിയാവാം.
മനുഷ്യൻ എന്നത് ബൈബിൾ കഥയിലെ കേവലം കളിമണ്ണ് മാത്രമായി പുനർജനിച്ചിരിക്കുന്നു. നമ്മുടെ ആവശ്യാനുസരണം നമുക്ക് നമ്മേ എന്തുമാക്കാം, പണത്തിന്റേയും സ്വാധീനത്തിന്റേയും അകമ്പടിയോടെ ടെക്നോളജിയുടെ സഹായത്താൽ. തിരമാലകൾ അങ്ങനെയാണ്. തിരകൾ എല്ലാം തീരത്തേക്ക് കൊണ്ടുവരും. പിന്നെ കടലിലേക്ക് തന്നെ തള്ളും. ഒന്നിനേയും നിലനിർത്തുന്ന സ്വഭാവം തിരമാലകൾക്കില്ല. ഇവിടെയാണ് പുതിയ കാലത്തെ തിരമാലതലവും കലാസാഹിത്യവും പ്രസക്തമാവുന്നത്.