പെരിയാറിന്റെ വേണുഗായകർ

പെരിയാറിന്റെ വേണുഗായകർ
10 Oct 2022

ഇക്കുറിയും ഓണം ഒറ്റയ്ക്കായിരുന്നു. യാത്ര തന്നെ ശരണം. ആലുവ ശിവക്ഷേത്ര ദർശനവും കഴിഞ്ഞ് പെരിയാറിന്റെ ഓളങ്ങളിൽ മോക്ഷപ്രാപ്തിയുടെ മന്ത്രമോതുന്ന തീരത്തുകൂടി നടക്കവേ കണ്ടുമുട്ടിയവരാണ് ഇവർ. വിജു ഭാസ്കറും സുഭാഷും. പിതൃതർപ്പണം നടത്തി കുളിച്ചുതോർത്തിയ ഇവരോട് വെറുതെ കുശലം പറഞ്ഞതാണ്.  അപ്പോഴാണ് മനസ്സിലായത് രണ്ടുപേരും നടത്തിയത് പിതൃതർപ്പണമായിരുന്നില്ലെന്ന്. ഇനിയും മരിച്ചിട്ടില്ലാത്ത കലയുടെ പുനർജ്ജനി കുളിച്ചുതോർത്തിയവരായിരുന്നു ഇവർ. നമുക്ക് കലയുടെ ഈ ദേശാടനഭിക്ഷുക്കളുടെ കഥ കേൾക്കാം. ഇവരെ കാണുന്നവർ ഇവരിലെ ഇനിയും മരിച്ചിട്ടില്ലാത്ത കലയെ കാണണം. ഇവരെ ദത്തെടുക്കണം. ഇവർക്കും വേണം നമ്മുടെ കാലാലോകത്ത് ഒരിടം. വിജു ഭാസ്കറിന്റെ ഫോൺ നമ്പർ-9895865254. സീറ്റി സ്കാൻ ഇവർക്ക് നന്മകൾ മാത്രം നേരുന്നു.

രണ്ടുപേരും കൊല്ലത്തുകാരാണ്. കലാകാരന്മാരാണ്. ഒരു കാലത്ത് ഏതൊക്കെയോ വേദികളിൽ നിറഞ്ഞുനിന്നവരാണ്. പക്ഷേ എല്ലാം കോവിഡ് കൊണ്ടുപോയി. ആരൊക്കെയോ അതിജീവനം നടത്തിയപ്പോൾ വിജു ഭാസ്കറും സുഭാഷും വരകളുടേയും വർണ്ണങ്ങളുടേയും ബ്രഷുകളുമായി ഉപജീവനം നടത്തിവരികയാണ്, കേരളത്തിന്റെ തലങ്ങും വിലങ്ങും.

വിജു ഭാസ്കർ നല്ല മിമിക്രിക്കാരനാണ്. അമ്പലപ്പറമ്പുകളിലും മിനിസ്ക്രീനുകളിലും നിറഞ്ഞാടിയവനാണ്. കാലക്കേടും കോവിഡും കൂടി എല്ലാം തുലച്ചുകളഞ്ഞു. സിനിമകളിൽ മമ്മുട്ടിക്ക് ഡ്യൂപ്പിട്ട് തല്ലുകൊണ്ടവനാണ്. ശരീരം തടിച്ചപ്പോൾ ആ പണിയും പോയി.

പുല്ലാംകുഴലിൽ വിസ്മയം കാണിച്ചിരുന്നു വിജു ഒരുകാലത്ത്. വയറുനിറക്കാൻ വരപ്പ് തുടങ്ങിയപ്പോൾ സാധകം ആമാശയത്തിന് വഴിമാറി. എന്നാലും വിജുവിന്റെ ഭാണ്ഡത്തിൽ എപ്പോഴും രണ്ടോ മൂന്നോ പുല്ലാംകുഴൽ കാണും. വേദിയും പ്രേക്ഷകരുമില്ലാത്തിടങ്ങളിൽ ആ വേണുഗാനം ഒഴുകും. ഈ പെരിയാറിന്റെ ഓളങ്ങളിലും വിജുവിന്റെ വേണുനാദം ഉടയാതെ ഒഴുകുന്നു.

സുഭാഷ്, വിജുവിന്റെ കൂടെയുണ്ടാവും വരകളോടൊപ്പവും വർണ്ണങ്ങളോടൊപ്പവും. വിജുവിന്റെ പുല്ലാംകുഴലുകളുടെ സൂക്ഷിപ്പുകാരനായി. സുഭാഷ് മിമിക്രി കലാകാരനാണ്. പണ്ടൊരു കാലത്ത് വേദികളും പ്രേക്ഷകരും ആരാധകരും ഉണ്ടായിരുന്നു, സുഭാഷിന്. സുഭാഷിന്റെ ചുണ്ടിൽ നിന്നും ശരീരത്തിൽനിന്നും മാമുക്കോയയും പ്രേംനസീറും പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്ന കാലമുണ്ടായിരുന്നു. ഇന്നില്ല. വഴിയോരങ്ങളിൽ ഇവരുപേക്ഷിച്ചുപോകുന്ന വരകളും വർണ്ണങ്ങളുമാണ് ഇന്ന് ഇവരുടെ വേദികളും പ്രേക്ഷകരും ആരാധകരും.

പക്ഷേ, ഇന്നും ഇവരുടെ ആത്മവിശ്വാസവും പ്രതീക്ഷകളും സ്വപ്നങ്ങളും ഊഷ്മളതയോടെതന്നെ ജ്വലിച്ചുനില്ക്കുന്നു. ഇവർക്കും ഇവിടെ ജീവിക്കണം, കലാകാരന്മാരായി തന്നെ. ഇവരുടെ തോളിലും ഒക്കത്തുമുണ്ടായിരുന്നവരൊക്കെ രക്ഷപ്പെട്ടു. ഇവർ മാത്രം കലയുടെ ഭിക്ഷാംദേഹികളായി ഇന്നും ദേശാടനം നടത്തുന്നു, ആരോടും പരിഭവമില്ലാതെ.

ഇവരെ കാണുന്നവർ ഇവരിലെ ഇനിയും മരിച്ചിട്ടില്ലാത്ത കലയെ കാണണം. ഇവരെ ദത്തെടുക്കണം. ഇവർക്കും വേണം നമ്മുടെ കാലാലോകത്ത് ഒരിടം. സീറ്റി സ്കാൻ ഇവർക്ക് നന്മകൾ മാത്രം നേരുന്നു. ഈ കഥയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *