ചെറായി ഒരു ബീച്ചല്ല, സംസ്കാരമാണ്.
29 Jun 2022
ചെറായി കാണാത്ത മലയാളികളുണ്ടോ? ഉണ്ടെങ്കിൽ അവരോട് എനിക്ക് സഹതാപം മാത്രം. കാരണം നാം കാണേണ്ട ഒരിടമാണ് ചെറായി. സത്യത്തിൽ സാംസ്കാരിക കേരളത്തിന്റെ പൈതൃകഭൂമി ഇതല്ലേ എന്ന് നാം നിസ്സംശയം ചോദിച്ചുപോവും, ചെറായി ശരിക്കും കണ്ടുതീരുമ്പോൾ.
കൊച്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ചെറായി ബീച്ച്. 15 കിലോമീറ്ററോളം നീളമുള്ള ഈ കടൽത്തീരം താരതമ്യേന ആഴം കുറഞ്ഞതും ഏറെ ശുചിത്തമുള്ളതുമാണെന്ന് പറയാം. വൈപ്പിൻ ദ്വീപിന്റെ ഭാഗമായ ചെറായി ബീച്ച് പക്ഷേ ഇപ്പോൾ അനാസ്ഥയുടെ കടലോരമാവുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിവരുന്നുണ്ട്.
ഇവിടെ കടൽ അപകടകാരിയല്ല, കൊച്ചുകുട്ടികൾ പോലും ഈ ബീച്ചിൽ സുരക്ഷിതരാണ്. ഒരുപാട് വിനോദസഞ്ചാരികൾ ഇവിടെ നീന്തിക്കളിക്കുവാനും വെയിലേറ്റ് കിടക്കുവാനുമായെത്തുന്നു. കൊച്ചിക്കായലും അറബിക്കടലും ഇവിടെ ഇണചേരുന്നു. കടൽകഥ പറയുന്ന ചിപ്പികളും കൊഞ്ചിക്കുഴയുന്ന ഡോള്ഫിനുകളും ഈ ബീച്ചിനുമാത്രം സ്വന്തം.
സാംസ്കാരികഭാഷയിൽ പറഞ്ഞാൽ കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു തീരദേശ പട്ടണമാണ് ചെറായി. ഗ്രേറ്റർ വൈപ്പിൻ ദ്വീപിന്റെ ഭാഗമെന്നും പറയാം. 1341-ലെ മഹാ പ്രളയത്തിൽ കടലിൽ നിന്ന് പ്രത്യക്ഷമായതാണത്രെ വൈപ്പിൻ ദ്വീപ്. ഈ വൈപ്പിൻകരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറം പഞ്ചായത്തിലാണ് ചെറായി സ്ഥിതിചെയ്യുന്നത്. വെള്ളപ്പൊക്കത്തിന്റെ ഭാഗമായി ചേറിൽ നിന്നാണത്രെ ചെറായി ഉണ്ടായത്. ഇവിടങ്ങളിലെ കറുത്ത ചേറ് പൊക്കാളികൃഷിക്ക് കേമമാണത്രെ. ചരിത്രമുറങ്ങുന്ന പോർച്ചുഗീസ് നിർമ്മിതമായ പള്ളിപ്പുറം കോട്ടയും ഇവിടെയാണ്.
അതുകൊണ്ടുതന്നെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ വൈപ്പിൻ ദ്വീപും അനുബന്ധ ചെറായി ബീച്ചും ഇടം പിടിച്ചതിൽ അത്ഭുതത്തിന് അവകാശമില്ല. മാത്രമല്ല, നവോത്ഥാന കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ രണ്ടു വിപ്ലവ നായകന്മാരുടെ ജന്മദേശമാണ് ചെറായി. കേരളത്തിന്റെ വീരപുത്രരായ സഹോദരൻ അയ്യപ്പനും മത്തായി മഞ്ഞൂരാനും ചെറായി തീരങ്ങൾക്ക് സ്വന്തം.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം ചെറായിക്ക് കൂടി അവകാശപ്പെട്ടതാണ്. കേരളത്തിൽ സാമൂഹ്യ നവോത്ഥാനത്തിന് തുടക്കം കുറിച്ച സഹോദരൻ അയ്യപ്പൻ നേതൃത്വം നൽകിയ മിശ്രഭോജനം നടന്നത് ഇവിടെ, തുണ്ടിടപറമ്പിൽ വച്ചാണ്. അതുകൊണ്ടു തന്നെ ചെറായി കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരുന്നു. കൂടാതെ ഇ.എം.എസ്. മന്ത്രിസഭയിൽ അംഗമായിരുന്ന സ്വാതന്ത്യ്ര സമര സേനാനിയായ മത്തായി മാഞ്ഞൂരാനും ഈ കടലോരത്തിനു സ്വന്തം. മലയാള സിനിമയുടെ കാർന്നോരായ ശങ്കരാടിയും മാധ്യമ രംഗത്തെ പ്രഗൽഭനായ പത്മഭൂഷൻ ടി.വി.ആർ. ഷേണായിയും ചെറായിലെ തമ്പുരാക്കന്മാരാണ്.
ഇവിടം നിറയെ റിസോർട്ടുകളാണ്. ബീച്ചിനോട് ചേർന്ന് കേരളീയ പഴമയുടെ ശീലിൽ പണിതീർത്ത റിസോർട്ടുകളാണ് ഇവിടെ മുഴുവനും. ഈ ബീച്ചിനെ കേരളീയമാക്കുന്നതും ആവോളം കേരളീയത വിളമ്പുന്ന ഈ റിസോർട്ടുകൾ തന്നെ. ആയുർവേദത്തിലൂടെ ആയുരാരോഗ്യം സൌഖ്യം പകരുന്ന ഇവ വിദേശികളെ ഉന്നം വക്കുന്നതുകൊണ്ട് സാധാരണക്കാർക്ക് അപ്രാപ്യവുമാണ് ഈ റിസോർട്ടുകൾ.
എന്നാൽ സാധാരണക്കാർക്കായി ഇവിടെ ഹോം സ്റ്റേകളുണ്ട്, ശിവേട്ടന്റെ കടയുണ്ട്. ഇവിടെ വഞ്ചിക്കൂടുകളിരുന്ന് സാധാരണക്കാർക്ക് മിതമായ നിരക്കിൽ തിന്നാം കുടിക്കാം. പിന്നേയും സമയം ബാക്കിയുണ്ടെങ്കിൽ ചെറായി കടലോരത്തെ വായനശാലയിലിരുന്ന് അല്പം സമയം വായിക്കാം.
ഈ കടലോരം സ്വകാര്യകുത്തകക്ക് കൊടുക്കുന്നതിൽ പ്രതിഷേധിക്കുന്ന ഫ്ലക്സ് ബോഡുകൾ കാണാം നമുക്ക് ഈ വായനശാലക്കരികെ. അതേസമയം 15 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ കടലോരത്ത് വാഹനങ്ങൾ മാറിമാറി പാർക്കുചെയ്യുമ്പോഴൊക്കെ പാർക്കിങ്ങ് ഫീസ് വാങ്ങി വിനോദസഞ്ചാരികളെ പിഴിയുന്ന തദ്ദേശഭരണകൂടത്തെ കാണുമ്പോഴും ഇവിടുത്തെ പണിതീരാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോഴും ഈ കടലോരം സ്വാകാര്യകുത്തകകൾക്ക് കൊടുക്കുന്നതാണ് ഭേദമെന്നും സഞ്ചാരികൾക്ക് തോന്നിപ്പോകും.
കായലിലെ ഓളപ്പരപ്പിലൂടെയൂള്ള പെഡൽ ബോട്ട് സവാരി നടത്തി ചെറായിയുടെ പ്രകൃതി സൌന്ദര്യം നുകർന്ന് നുകർന്ന് വടക്കോട്ട് യാത്ര ചെയ്താൽ മുനമ്പം ബീച്ചിലെത്താം, പുലിമുട്ട് കാണാം, പുലിമുട്ടിലൂടെ കടലിലേക്ക് നടക്കാം. പിന്നെ പള്ളിപ്പുറം കോട്ടയിലെ പച്ചപ്പട്ടുവിരിച്ച പ്രണയസരോവരത്തിലുമെത്താം. പണ്ടുപണ്ടൊരുകാലത്ത് ഇവിടം മുഴുവനും മഞ്ഞുകൊണ്ട് മൂടി, ഈ കോട്ട സംരക്ഷിച്ച, പരിശുദ്ധ ചരിത്രമായ മഞ്ഞുമാതാവിന്റെ പള്ളിയും കാണാം.
മുനമ്പം ഫെറികടന്നാൽ ക്രൈസ്തവ ചരിത്രം പറയുന്ന അഴീക്കോട് മാർത്തോമ പള്ളി കാണാം. അവിടേനിന്ന് വടക്കൻ പറവൂരിലെത്തിയാൽ പ്രസിദ്ധമായ കോട്ടക്കാവ് മാർത്തോമ പള്ളിയും കാണാം. പിന്നേയും കുറച്ച് സഞ്ചരിച്ചാൽ നവോത്ഥാന വിപ്ലവ സിംഹമായ സഹോദരൻ അയ്യപ്പന്റെ മടയിലെത്താം. ശ്രീനാരായണ ഗുരുവിന്റേയും കുമാരനാശാന്റേയും ചട്ടമ്പിസ്വാമികളുടേയും ഓർമ്മകൾ പുതുക്കാം. ഇതിനെല്ലാറ്റിനും പുറമേ ജൂതചരിത്രത്തിന്റെ ഇടനാഴികകളിലൂടെ സഞ്ചരിച്ചുകൊണ്ട് സിനഗോഗുകൾ കാണാം. മുസിരിസ്സിന്റെ ശില്പഗോപുരമായ ചേരമാൻൻ പള്ളി കാണാം, പാലിയത്തച്ഛന്റെ ഗരിമയിൽ തല ഉയർത്തിനില്ക്കുന്ന പാലിയം കൊട്ടാരവും കാണാം.
പിന്നേയും പിന്നേയും തീരദേശ റോഡിലൂടെ കായലിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും തെക്കോട്ട് പോയാൽ ശ്രീനാരായണ ഗുരു പ്രതിഷ്ഠ നിർവഹിച്ച മലയാള പഴനി എന്നു പേരുകേട്ട ചതുർമുഖ ക്ഷേത്രമായ ശ്രീ ഗൌരീശ്വരക്ഷേത്രത്തിലെത്താം. ശ്രീ സുബ്രഹ്മണ്യനാണ് മുഖ്യ പ്രതിഷ്ഠയെങ്കിലും ശിവനും പാർവതിയും ഗണപതിയും കൂടി ചതുർമുഖ പ്രതിഷ്ഠ ഒരുക്കുന്നു. ഒപ്പം അയ്യപ്പനും നവഗ്രഹങ്ങളും വേറെ വേറെ പ്രതിഷ്ഠകളും തീർക്കുന്നുണ്ടിവിടെ. തൃശൂർ പൂരം കഴിഞ്ഞാൽ പിന്നെ കേമം ഈ ക്ഷേത്രത്തിലെ ഉത്സവമാണത്രെ. ഇവിടുത്തെ ആനകളുടെ തലപ്പൊക്ക മത്സരം കേമമാണ്.
ഇതെല്ലാം കണ്ടുതീരുമ്പോഴാണ് നാം ചെറായി പൂർണ്ണമായും കണ്ടുതീരുന്നത്. പക്ഷേ നമ്മുടെ വിനോദസഞ്ചാരികളിൽ ഭൂരിപക്ഷവും ഈ കടലിൽ പകലന്തിയോളം നീരാടി റിസോർട്ടുകളുടെ തടവലും തലോടലമേറ്റ് തിന്നും കുടിച്ചും ചെറായി കാണാതെ തിരിച്ചുപോവുന്നു.