നി ഞാനായപ്പോൾ
02 Oct 2022
നീ വിരിച്ചിട്ട കൈമെത്തയിൽ
ഞാനെന്നെ മയക്കിക്കിടത്തി
നീ അഴിച്ചുവിട്ട വിരലുകളിൽ
എന്റെ യാഗാശ്വം കുതിച്ചുകിതച്ചു.
നീ വിടർത്തിയ മാരിവില്ലിൽ
എന്റെ ചൂണ്ടുവിരൽ സിന്ദൂരമിട്ടു.
നിന്റെ കൺചക്രവാളങ്ങളിൽ
എന്റെ ഹൃദയം മഷിക്കൂടായി.
നിന്റെ കവിൾപുറങ്ങളിൽ
എന്റെ ചുണ്ടുകൾ മേഞുനടന്നു.
നിന്റെ ചുണ്ടാഴങ്ങളിൽ
എന്റെ ചിപ്പികളിഴഞ്ഞു മദിച്ചു.
നിന്റെ നേർത്ത വിരൽവലകളിൽ
എന്റെ ചൂണ്ടുവിരൽ കിടന്നുപിടച്ചു.
നിന്റെ കർണ്ണച്ചുഴികളിൽ
എന്റെ സ്വരം കരഞ്ഞുതീർന്നു.
നിന്നിൽ നീ ഞാനായപ്പോൾ
എന്നിൽ നീയും ഞാനുമില്ലാതായി.