കണ്ട പൂരവും കാണാൻ പോകുന്ന തൃശൂർ പൂരവും
by ct william
in Social
08 May 2022
മൂന്നുതവണയെങ്കിലും തൃശൂർ പൂരം കണ്ട ഒരാളിൽ തൃശൂർ പൂരം ഒരു ബോറൻ തനിയാവർത്തനമാണ്. ഇതാണ് സത്യം. ഞങ്ങൾ തൃശൂർക്കാർ അനവധി തവണ പൂരം കണ്ടവരാണ്. ഞങ്ങളുടേത് പൂരപ്പെരുമയുടെ നാടാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ തൃശൂർക്കാർക്ക് പൂരം ഒരു സാംസ്കാരിക ആചാരത്തിനും ഗൃഹാതുരതക്കപ്പുറവും അത്രയ്ക്ക് കേമമല്ല തന്നെ. മാത്രമല്ല, പഴയതുപോലെ ഇപ്പോൾ തൃശൂർ പൂരം തൃശൂർക്കാർക്ക് പോലും അങ്ങനെ സുഗമമായി ആസ്വദിക്കാനുമാവില്ല. പൂരക്കാഴ്ചയുടെ റൌണ്ടും പരിസരവും കുറേക്കാലമായി സുരക്ഷയുടെ പേരിൽ ബന്തവസ്സിലുമാണ്. പൂരത്തെ കുറിച്ച് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്തകൾ പറയുന്നതും തൃശൂർ പൂരം പൂരസംസ്കൃതിയിൽ നിന്ന് ദൂരെദൂരേക്ക് അകലുകയാണെന്നാണ്. തൃശൂർ പൂരം പൂരമല്ലാതാവുകയാണ്. പൂരത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് നാമിപ്പോൾ കാണുന്നത്. സത്യം പക്ഷേ പ്രദേശിക പൊങ്ങച്ച ബഹുമാനം കൊണ്ട് ആരും തുറന്നുപറയാറില്ല.
എന്നാൽ ഓരോവർഷവും ഞങ്ങൾക്ക് പൂരം വീണ്ടും വീണ്ടും കാണേണ്ടിവരുമെന്നതാണ് ഞങ്ങളുടെ ഒരു സുഖകരമായ ദുരവസ്ഥ. കാരണം, തൃശൂർ പൂരത്തിന് ഞങ്ങൾക്ക് പ്രിയപ്പെട്ട ആരെങ്കിലുമൊക്കെ പൂരം കാണാൻ വരും. അതുകൊണ്ട് ആതിഥേയ മര്യാദയും സാമൂഹ്യ ഉത്തരവാദിത്തവും കണക്കിലെടുത്ത് ഞങ്ങൾക്ക് ഈ പൂരം കാണേണ്ടിവരും. അതിഥികളെ പൂരം കാണിക്കേണ്ടിവരും. ഞങ്ങൾ അവരോടൊപ്പം പൂരം കാണുകയും ഒരാചാരം പോലെ അതിനെ മഹത്വവൽക്കരിച്ചും പ്രൊമോട്ടുചെയ്തും അതിഥികളെ വീണ്ടും വീണ്ടും ക്ഷണിച്ചുകൊണ്ടേയിരിക്കും. ചുരുക്കത്തിൽ അതിഥികളെ കാണാനും അതിന്റെ പേരിൽ ഒരു ഹോട്ട് പൂരസൽക്കാരത്തിന്റെ സാധ്യത തേടുകയുമാണ് ഞങ്ങൾ തൃശൂർക്കാർ എക്കാലത്തും.
പൂരം അനുഭവിച്ചാസ്വദിക്കാവുന്ന ഒരു ഉത്സവമാണ്. അതൊരു ദൃശ്യ-ശ്രാവ്യോത്സവമാണ്. ഒരു മഹാജനസഞ്ചയത്തിന്റെ വെറുതെയുള്ള ഒത്തുചേരലാണത്. ശാസ്ത്രീയമായും ആചാരനിഷ്ഠാപരമായും, ഒരു പൂരത്തോടെ പൂരം മുഴുവനും കണ്ടുതീർക്കുക അസാധ്യമാണ്. അതുകൊണ്ടാണ് മൂന്നുതവണയെങ്കിലും പൂരം കാണണമെന്ന് ഞാൻ ആമുഖത്തിൽ പറഞ്ഞത്. മൂന്നുതവണ കണ്ടുകഴിഞ്ഞാൽ പിന്നെ പൂരം ഗൃഹാതുരമായ ഒരു തനിയാവർത്തനമാണ്.
പൂരത്തിന്റെ ആനകൾക്ക് മാറ്റമില്ല. എഴുന്നെള്ളത്തിനും മാറ്റമില്ല. പൂരപ്പന്തലുകളുടെ സ്ഥാനങ്ങൾക്കും അലങ്കാരങ്ങൾക്കും മാറ്റമില്ല. താളമേളങ്ങൾക്കും മാറ്റമില്ല. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മാറ്റമില്ല. വർണ്ണങ്ങൾക്കും രൂപഭാവങ്ങൾക്കുമുള്ള മാറ്റങ്ങൾക്കപ്പുറം, പൂരക്കുടകളില്ലാത്ത കുടമാറ്റത്തിനും മാറ്റമില്ല. അതുപോലെതന്നെ പുലർച്ച മുഴങ്ങുന്ന വെടിക്കെട്ടിനും മാറ്റമില്ല. ഇതിനൊക്കെ സാക്ഷ്യം വഹിക്കുന്ന ജനക്കൂട്ടത്തിനും മാറ്റമില്ല. തൃശൂരിന്റെ കാഴ്ചക്കൂട്ടിനും രുചിക്കൂട്ടിനും ലഹരിക്കൂട്ടിനും മാറ്റമില്ല. അതേ, തൃശൂർ പൂരം കണ്ട് അനുഭവിച്ചാസ്വദിച്ചവർക്ക് അതൊരു ഗൃഹാതുരമായ തനിയാവർത്തനമാണ്.
എല്ലാ ഉത്സവങ്ങൾക്കുമെന്നോണം തൃശൂർ പൂരത്തിനുമുണ്ട് ഒരു സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയ ശാസ്ത്രവും പരിസ്ഥിതി ശാസ്ത്രവും. പൂരം നാളുകളിൽ തൃശൂരിൽ കച്ചവടം പൊടിപൊടിക്കും. ഹോട്ടലുകളും ലോഡ്ജുകളും പണം കൊയ്യും. രണ്ടുദിവസത്തെ പൂരം കാണാൻ അരലക്ഷം വരെ വാങ്ങുന്ന ഹോട്ടലുകളും ലോഡ്ജുകളും ഉണ്ട് തൃശൂരിൽ. ആരും ഇവരെ നിയന്തിക്കാറില്ല. പഴംപൊരിയുടേയും ചായയുടേയും വില നിയന്ത്രിക്കുന്നവർ ഇവരെ നിയന്ത്രിക്കാറില്ല, തൊടാറുമില്ല. വ്യാജമോ വില കുറഞ്ഞതോ ആയ മദ്യക്കച്ചവടത്തിനും ഭ്രാന്തൻ ലഹരിയാണ് പൂരം. ഈ ലഹരി മാഫിയക്കാരേയും ആരും നിയന്ത്രിക്കാറില്ല, തൊടാറുമില്ല. പൂരം എക്സിബിഷനും തകർത്ത്തിമിർത്താടും.
ഈ കച്ചവടപ്പെരുമ ചാനലുകളിലും മിന്നും. അതുകൊണ്ട് ചാനലുകൾക്കും തൃശൂർ പൂരം മിന്നും കച്ചവടത്തിന്റെ പൂരമാണ്. പൂരം മിമിക്രിക്കാരുടെ ഉപജീവനമാണ്. അവർ പൂരത്തെ വഷളാക്കി വിളമ്പും. അവർക്കായി ചാനലുകൾ പന്തലൊരുക്കും, ഇലയിടും. അക്ഷരാർത്ഥത്തിൽ തൃശ്ശിവപേരൂർ കേരളത്തിന്റെ കച്ചവടകേന്ദ്രമാവും, പൂരം നാളുകളിൽ. എന്നാലും അടുത്ത പൂരം നടത്താൻ സർക്കാർ സഹായത്തിന്നായി കൈനീട്ടേണ്ടി വരുമെന്നതും ഒരു വസ്തുതയാണ്.
പൂരം ആനപ്രേമികൾക്ക് ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. ആനഭാവങ്ങളിൽ അഭിരമിക്കുന്നവർക്ക് അത് ലഹരിയാണ്. അതേസമയം ആനജീവനിൽ ആർദ്രത പുലർത്തുന്നവർക്ക് അത് ക്രൂരതയുടെ ഹീനമായ ലഹരിയാണ്. ശബ്ദവർണ്ണങ്ങളിൽ അഭിരമിക്കുന്നവർക്ക് അത് ഉത്സവമാണ്. ശബ്ദവർണ്ണങ്ങളിൽ പാരിസ്ഥിതിക ഗൌരവം പുലർത്തുന്നവർക്ക് അത് ഒടുങ്ങാത്ത വേദനയാണ്. പ്രകൃതിയുടെ നിലവിളിയാണ്.
രാഷ്ട്രീയ പാർട്ടികൾക്കും ഉത്സവമാണ് തൃശൂർ പൂരം. തങ്ങളാണ് പൂരം പൊടി പൊടിക്കാനുള്ള നിമിത്തമായതെന്ന് ഒരോ രാഷ്ട്രീയപാർട്ടികളും ഫ്ലക്സുകളിലൂടേയും അല്ലാതേയും നേതാക്കളെ തിടമ്പേറ്റി എഴുന്നെള്ളത്ത് നടത്തും. പിന്നെ എല്ലാവരും ഒരാചാരമെന്നോണം ഉപചാരം ചൊല്ലിപ്പിരിയും. സത്യത്തിൽ ഇതല്ലേ പൂരം, തൃശൂർപൂരം. കാണാൻ പോകുന്ന പൂരം ഇനിയും കാണിച്ചുതരണോ?