ഇണങ്ങാതെ പിണങ്ങാതെ
02 Oct 2022
അറിയാതെ മുറിയാതെ
ചിറകറിയാതെ പിറകെ പറന്ന
പൊൻ പ്രാക്കളല്ലേ നാം.
പിണങ്ങാതെ ഇണങ്ങാതെ പിരിയാം
നമുക്കിനിയും പിറക്കാമൊരുനാൾ
പരസ്പരം പിറകെ തന്നെ പറക്കാം.
നമുക്ക് കാക്കാം കൊക്കിലൂറും
നറും കവിതയുടെ കുറുകലും
ചിറകിലെ താളവും
മേഘങ്ങളിൽ നാം തീർക്കും
വഴിപിഴക്കാത്ത വൃത്തവും.
കാണാമഴവില്ലിൽ നമുക്കൂയലാടാം
സപ്തവർണ്ണമണികൾ പങ്കുവെക്കാം.
ചക്രവാളങ്ങളിൽ നാം
ചിറകടിച്ചസ്തമിക്കുമ്പോൾ
പുനർജനിയിലുദിക്കാം നമുക്ക്
പിറകെ പറക്കാതെ നുണയാം
കൊക്കിലൂറും അവസാന കവിതയും.