പ്രണയമിണങ്ങും ചൂണ്ടുവിരൽ
27 Nov 2022
അവൾ കവിതയുടെ രഥമേറി
എന്നോട് പ്രണയം ചോദിച്ചു.
ഞാൻ പ്രണയരഥമേറി
അവൾക്ക് കവിത നേദിച്ചു.
പിന്നെ ഉൽപ്രേക്ഷാസക്തിയിലവൾ
എന്നെ ഉപമകളിലുപേക്ഷിച്ചു പോയി.
അച്ചാണി വീണുപോയാ രഥം പിന്നെ
അധികദൂരമുരുളാതെ, നിന്നുപോയി.
മോതിരവിരലച്ചാണിയാക്കിയവൾ
ഓടിച്ചാരഥം ചോരക്കറയിലൊട്ടി, പിന്നെ
വീണ്ടുമേറെക്കാലമാ രഥമുരുണ്ടതെൻ
ചൂണ്ടുവിരലച്ചാണിയിലായിരുന്നു.
പ്രണയമണയും വിരൽ, മോതിരവിരലല്ല
പ്രണയമിണങ്ങും വിരൽ, ചൂണ്ടുവിരലല്ലോ.
അതോർമ്മ വേണം പ്രണയമേ നിത്യം
അതോർമ്മ വേണം പ്രണയ സാരഥ്യമേ.