ആലുവ ശിവക്ഷേത്രം
10 Oct 2022
ത്രേതായുഗത്തിൽ സാക്ഷാൽ ശ്രീരാമൻ ശേഷക്രിയ നടത്തിയ ഒരു ഹോമസ്ഥലിയിലേക്കാണ് ഈ പാലം നമ്മേ കൂട്ടികൊണ്ടുപോകുന്നത്. ത്രിവേണി സംഗമം പുണ്യതീർത്ഥമാവുന്ന ഒരു ജലപരവതാനി കൂടിയാണ് ഈ ഭൂമിക. ഇവിടെ വച്ചാണ് ശ്രീരാമഭക്തനായ ജടായു, സീതയെ തട്ടിക്കൊണ്ടുപോകുന്ന രാവണനെ തടഞ്ഞാക്രമിച്ചത്. തുടർന്നുണ്ടായ യുദ്ധത്തിൽ രാവണൻ ജടായുവിന്റെ വായും നടുവും വാലും അറുത്ത് കൊലപ്പെടുത്തിയതും ഇവിടെവച്ചാണ്.
ജടായുവിന്റെ വായയും, നടുഭാഗവും, വാൽഭാഗവും വീണ മൂന്നു പ്രദേശങ്ങൾ ഐതിഹ്യപ്രകാരം ഇങ്ങനെ- തല/വായ് ഭാഗം വീണിടം, ആലുവായ മഹാദേവക്ഷേത്രപരിസരം, നടുഭാഗം വീണിടം, നടുങ്ങല്ലൂർ അഥവാ കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രസ്ഥലി, വാൽ ഭാഗം വീണിടം, തിരുവാലൂർ മഹാദേവ ക്ഷേത്രസമീപവും.
അതുകൊണ്ടുതന്നെ ഇവിടെയാണത്രെ ശ്രീരാമൻ, പക്ഷിശ്രേഷ്ടനായ ജടായുവിന് അന്ത്യകർമ്മങ്ങൾ ചെയ്തത്. ഐതിഹ്യകഥകൾ വേറേയും പലതുണ്ടെങ്കിലും പരക്കെ വിശ്വസിക്കുന്ന കഥയിതാണ്.
ഞാനിപ്പോൾ നില്ക്കുന്ന ആലുവായുടെ കഥയും കഥാവശേഷവും ഇതാണ്. ശ്രീരാമൻ തുടങ്ങിവച്ച ആ ശേഷക്രിയ പിന്നീട് ജന്മാന്തരങ്ങളുടെ പിതൃതർപ്പണത്തിന്റെ നെയ്ത്തിരികളുടെ നൈരന്തര്യമായതും അങ്ങനെയാണ്.
എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്റെ
തീരത്തെ ഈ മണപ്പുറത്താണ് ചരിത്രപ്രസിദ്ധമായ ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരബ്രഹ്മസ്വരൂപനായ മഹാദേവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതായത് സാക്ഷാൽ ശിവഭഗവാൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
ആലുവ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്ന ആലുവ ശിവരാത്രി പ്രസിദ്ധമാണ്, ചരിത്രമാണ്. ലക്ഷക്കണക്കിന് ആളുകൾ അന്നേ ദിവസം ഈ മണപ്പുറത്ത് ശിവരാത്രി ആഘോഷിക്കാൻ ഒത്തുകൂടുന്നു. ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ മുതൽ തീർത്ഥാടകർ ഈ ജലപരവതാനിയിൽ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നു. ഈ ജലബലിപീഡത്തിൽ അന്ന് ആത്മാക്കൾ മോക്ഷപ്രാപ്തിയിൽ ആറാടും. അവർ പൂക്കളും ഇലകളും കളഭകണങ്ങളുമായ് ഇങ്ങനെ ഒഴുകിനടക്കും. ഉറ്റവരും ഉടയവരും അതുകണ്ട് നിർനിമേഷരായി ആനന്ദത്തിലാറാടും.
ശിവരാത്രിക്ക് മണപ്പുറത്ത് ബലിയർപ്പിച്ചാൽ പരേതാത്മാക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. ഈ വിശ്വാസമാണ് ധാരാളം ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്നത്. ശിവരാത്രികൂടാതെ കർക്കടക വാവിനും ഇവിടെ ധാരാളം ഭക്തർ പിതൃതർപ്പണത്തിന്നായി വരാറുണ്ട്. അതുകൂടാതെ സാധാരണ ദിവസങ്ങളിലും ഇവിടെ ബലിതർപ്പണം പതിവാണ്.
മധ്യകേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന ക്ഷേത്രമായ, ഈ ദേശീയ തീർത്ഥാടന കേന്ദ്രത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങൾ ധാരാളമാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവാ ശിവക്ഷേത്രം എന്നുതുടങ്ങി പലതും പലതും. അവയിൽ പ്രബലവും പ്രസക്തവും ജടായു ജഡമായകഥ തന്നെ.
അങ്ങനെ വില്വമംഗലം സ്വാമികൾ അനന്തൻ കാട് അന്വേഷിച്ചു പോകുന്ന വഴി ഒരു മകരസംക്രാന്തി ദിവസമാണ് ശിവഭഗവാന്റെ സാന്നിദ്ധ്യം ഇവിടെ ആലുവായിൽ കണ്ടെത്തിയതും ശിവപ്രതിഷ്ട നടത്തിയതെന്നുമാണ് വിശ്വാസം.
പ്രകൃത്യാൽ ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവ ശിവക്ഷേത്രം. മഴക്കാലത്ത് പെരിയാർ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോഴാണ് ഇവിടെ ആറാട്ട് നടക്കുക. ഇതുപോലെ പ്രകൃത്യാൽ ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ ഇവയാണ്. ചമ്രവട്ടം അയ്യപ്പക്ഷേത്രം, താണിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താക്ഷേത്രം, തൃപ്പുലിക്കൽ ശിവക്ഷേത്രം.
മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല ആചാര ക്രമങ്ങളും ആലുവ മഹാദേവ ക്ഷേത്രത്തിലുണ്ട്. ഇവിടെ മകരം മുതൽ മേടംവരെ മൂന്നു മാസക്കാലം മാത്രമെ ദീപാരാധനയും പൂജകളും ഉള്ളൂ.
പഞ്ചവിളക്കുകൾ എന്നറിയപ്പെടുന്ന അഞ്ചു വിളക്കുകൾ ആണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇവ അഞ്ചും ഒരുവർഷം തൊഴാൻ സാധിക്കുന്നത് ഭക്തർക്ക് ഏറെ പുണ്യദായകമത്രെ. മകരവിളക്ക് , ശിവരാത്രി വിളക്ക് , കൊടിപ്പുറത്ത് വിളക്ക് , മീനമാസത്തിലെ ഉത്രവിളക്ക് , വിഷുവിളക്ക് എന്നിവയാണ് ആ പഞ്ചവിളക്കുകൾ.
ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി വലിയൊരു കരിങ്കൽ തറ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇവിടെ കാണുന്ന ബാക്കി നിർമ്മിതികളെല്ലാം തന്നെ ഉത്സവകാലങ്ങളിൽ താൽക്കാലികമായി ഉണ്ടാക്കുന്നതാണ്. ശിവഭൂതഗണങ്ങളാണ് ക്ഷേത്രം നിർമ്മിച്ചതെന്നും, അതിൽ അസൂയാലുവായ ഇന്ദ്രൻ കോഴിയായി വന്ന് കൂവി ഭൂത ഗണങ്ങളുടെ കാലബോധത്തെ തെറ്റദ്ധരിപ്പിച്ചതുവഴി നിർമ്മാണം തറയിലൊതുക്കിയതാണെന്നും കഥ.
നെയ്യ് വിളക്ക്, മൃത്യുഞ്ജയം, പുഷ്പാഞ്ജലി, ജലധാര , സഹസ്ര കുംഭാഭിഷേകം, ക്ഷീരധാര മുതലായവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകളെങ്കിലും പ്രധാന പിത്യദർപ്പണ കർമ്മങ്ങൾ നടക്കുക ശിവരാത്രി വാവ്, കർക്കിടക വാവ്, തുലാംവാവ്, മുതലായ നാളുകളിലാണ്. പിതൃക്കളുടെ ഒരിക്കലും ഉടയാത്ത ഓർമ്മകളുടെ ഈ കളിമൺ കുടങ്ങളിൽ മോക്ഷം പ്രാപിച്ച ആത്മാക്കളുടെ ജീവന്റെ ഈർപ്പമുള്ള അഗ്നി ജ്വലിക്കുന്നുണ്ട്, പെരിയാറിന്റെ ഓളങ്ങൾ ആ അഗ്നിയെ താലോലിക്കുന്നുണ്ടാവണം. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക