പിറക്കാത്ത കുഞ്ഞ്
02 Oct 2022
പാതിയുറക്കത്തിന്റെ
ആർത്ത യാമങ്ങളിൽ
ആധിയുടെ ചോരപുരണ്ട
തുരുമ്പിച്ച ചക്രമുരുണ്ട
ചോരഞ്ഞരമ്പുകളിലൂടെ
മരണാമ്പുലൻസുകൾ
നിർത്താതെ കൂവിപ്പായുന്നുണ്ട്.
കൂമ്പാത്ത ചുണ്ടുകളിലെ
ചോരപരാഗണങ്ങൾ
പിറക്കാത്ത കുഞ്ഞിന്റെ
കരച്ചിൽ പരത്തുന്നുണ്ട്.
പൊട്ടിവീണ പാൽമണമുള്ള
പഴന്തുണിതൊട്ടിലിൽ
കരയുന്ന കളിപ്പാട്ടങ്ങൾ
കലപില കൂട്ടുന്നുണ്ട്.
ഉറക്കത്തിലെ പാതി ഉണർവ്വും
ഉണർവ്വിലെ പാതി ഉറക്കവും
പിറക്കാത്ത കുഞ്ഞിന്റെ
വിടരാത്ത വിതുമ്പലാവാന്നുണ്ട്.
നീയെന്റെ ഉണർവ്വിലെ
നീറുന്ന കൃഷ്ണമണിയായ്
നീയെന്റെ ഉറക്കിലെ
നീളുന്ന മരണമണിയായ്
ഈറനണിയിക്കുന്നുണ്ട്.