പ്രണയസരോവര തീരത്തെ ചരിത്രവിദ്യാർത്ഥി
02 Jun 2022
ഞാനിപ്പോൾ നില്ക്കുന്നത് ഓർമ്മകളുടെ ഈർപ്പമുള്ള ഒരു ചരിത്രസ്ഥലിയിലാണ്. പെരിയാർ അറബിക്കടലിനെ ഉമ്മവക്കുന്ന സംഗമസ്ഥാനമാണിത്. പച്ചവിരിപ്പിന് മുകളിൽ പവിഴമല്ലികൾ പ്രണയമഴ പെയ്യുന്ന ഒരു പ്രണയസരോവം കൂടിയാണിത്. ഇവിടുത്തെ പ്രണയമഴയിൽ നനഞ്ഞൊട്ടിയ പ്രണയമിഥുനങ്ങൾ വാത്സ്യായന ശിലകളായി അവിടവിടെ ഉന്മാദം പൂത്തുകിടക്കുന്നുണ്ടാവും.
ഇത് കൊടുങ്ങല്ലൂർ കോട്ട എന്നറിയപ്പെടുന്ന കോട്ടപ്പുറം കോട്ട. കേരള ചരിത്രത്തിന്റെ ഗൃഹാതുരതയിലേക്ക് പൂക്കുന്ന ഗുൽമോഹർ, പൂമാനം തീർക്കുന്ന കോട്ട. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിന്റെ തെക്കൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന തുരുത്തിപ്പുറം പാലത്തിന് സമീപമുള്ള ഒരു കോട്ടയാണിത്. അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ കോട്ടകൊത്തളങ്ങളിൽ പോർച്ചുഗീസ്-ഡച്ച് അധിനിവേശകഥകൾ മുഴങ്ങുന്നുണ്ട്. സാമൂതിരിമാരും നാട്ടുരാജാക്കന്മാരും ഹൈദരാലിയും ടിപ്പുസുൽത്താനും ഏറ്റവുമൊടുവിൽ പാലിയത്തച്ഛനും സായുധ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞെടുത്ത ചരിത്രഭൂമിയാണിത്. സാംസ്കാരിക വകുപ്പിൻ കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഈ കോട്ട സംരക്ഷിക്കപ്പെട്ടുപോരുന്നു.
1523-ലാണ് പോർച്ചുഗീസുകാർ ഈ കോട്ട പണിതീർത്തതെന്നാണ് ചരിത്രം. 1662-ൽ ഡച്ചുകാർ ഈ തന്ത്രപ്രധാനമായ കോട്ട പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പിന്നീട് പാലിയത്തച്ഛന്റെ രഹസ്യമായ താന്ത്രികസഹായത്തോടെ 1663-ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചെടുക്കുകയായിരുന്നു. അക്കാലത്ത് പാലിയത്തച്ഛൻ പോർച്ചുഗീസുകാരെ തന്ത്രപരമായി വഞ്ചിച്ചതിനെ തുടർന്ന് ഈ കോട്ട ഉപേക്ഷിച്ചുപോയിരുന്നു. പാലിയത്തച്ഛനാണ് ഈ കോട്ട തകർത്ത് ഉള്ളിൽ പ്രവേശിക്കാനുള്ള സൂത്രങ്ങൾ ഡച്ചുകാർക്ക് കൈമാറിയത്. പിടിച്ചെടുത്ത കോട്ട പിന്നീട് ഡച്ച് നാവികരുടെ വിശ്രമകേന്ദ്രമാക്കുകയായിരുന്നു.
കോട്ടയിൽ നിന്ന് ജീവനുംകൊണ്ടോടിയ പോർച്ചുഗീസുകാർ അമ്പഴക്കാട് സെമിനാരിയിൽ അഭയം പ്രാപിച്ചതായാണ് ചരിത്രം. എന്നിരുന്നാലും 200 പോർച്ചുഗീസ് പട്ടാളക്കാരും 100 നായർ പട്ടാളക്കാരും കൊല്ലപ്പെട്ടതായാണ് പറയപ്പെടുന്നത്. കൊല്ലപ്പെട്ട പട്ടാളക്കാരന്റേതെന്ന് പറയപ്പെടുന്ന ഒരു അസ്ഥിക്കൂടം ഇവിടെനിന്ന് കണ്ടെടുത്തതായും ചരിത്രഗവേഷകർ അവകാശപ്പെടുന്നുണ്ട്.
ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ഈ കോട്ടയും സമീപത്തെ പള്ളിപ്പുറം കോട്ടയും ടിപ്പു 3 ലക്ഷം രൂപക്ക് കൈക്കലാക്കിയെന്നാണ് ചരിത്രം പറയുന്നത്. പ്രസ്തുത കരാറിൽ അന്നത്തെ തിരുവിതാംകൂർ ദിവാനായ രാജാ കേശവദാസും ഡച്ച് ഗവർണറായ ജോൺ ജെറാർഡും ഒപ്പുവച്ചതായും ചരിത്രരേഖകളുണ്ട്.
പിന്നീട്, കൊച്ചിയും തിരുവിതാംകൂറും പിടിച്ചെടുക്കുന്നതിന്നായുള്ള ടിപ്പുവിന്റെ യുദ്ധതന്ത്രങ്ങളൊന്നും തന്നെ വിജയിച്ചില്ല. പിന്നീടുണ്ടായ യുദ്ധങ്ങളിലെല്ലാം ടിപ്പു ദയനീയമായി പരാജയപ്പെട്ടതായാണ് പറയപ്പെടുന്നത്. എന്തായാലും ഈ കോട്ടകൾ ഇന്ന് പുരാവസ്തു വകപ്പിന്റെ കീഴിലാണ്. പുരാവസ്തു ഗവേഷണം നടന്നതിന്റെ അനാഥമാക്കപ്പെട്ട അടയാളങ്ങളും നമുക്കിവിടെ കാണാം.
പെരിയാറിന്റെ ഓളങ്ങളുടെ തലോടലേറ്റ് കിടക്കുന്ന ഈ ഹരിതാഭഭൂമി ഇന്ന് ഒരു പ്രണയസരോവരതീരമാണ്. പത്തുരൂപ കൊടുത്ത് ടിക്കെറ്റെടുത്താൽ ഈ പ്രണയസരോവരം പകലന്തിയോളം നമുക്ക് സ്വന്തമാക്കാം.
ഇവിടുത്തെ പച്ചപ്പിലും ചാരുബഞ്ചുകളിലും കോട്ടകളുടെ കറവീണ ചെങ്കൽ മതിലോരങ്ങളിലും ഗുൽമോഹർ ഒരുക്കിയ ചെമ്പട്ടുമെത്തയിലും പ്രണയമിഥുനങ്ങൾ രതിസുഖസാരെ അലിഞ്ഞുതീരുന്നത് കാണാം ഇവിടെയെത്തുന്ന സന്ദർശകർക്ക്. എല്ലാം കണ്ട്കണ്ട് കണ്ണുകൾ കലങ്ങിയ പുരാവസ്തു വകുപ്പിലെ ജീവനക്കാരും അവിടവിടെ മരവിച്ച ശിലകൾ പോലെ ഉറഞ്ഞുകിടക്കുന്നതും കാണാം സന്ദർശകർക്ക്.