സ്വപ്നരതിസുഖസാരെ
04 Oct 2022
നീയെൻ മുൾകിനാവള്ളിയിലെ
നീർപെയ്യും പനിനീർ പൂവോ
നെയ്മണം പരത്തും പ്രകാശമോ
നെഞ്ചിൽ പൂക്കും വാർമഴവില്ലോ.
നേരം പുലർന്നില്ലയിന്നലെ
സ്മേരനേത്രങ്ങളാലെന്തിനെന്നെ
നേരത്തെയുണർത്തി നീ
ഒരുമിച്ചൊരു ഗംഗാസ്നാനത്തിനോ.
ഉണർന്നൊന്നു നോക്കിയപ്പോൾ
ഉണ്ടായിരുന്നില്ലല്ലോ നീ
പാതിര തല്ലിത്തളർന്നൊരാ
പാതിയൊഴിഞ്ഞ മെത്തയിൽ.
ഒരു മകുടിയിഴയുന്നുണ്ടവിടെ
കുറുനിര ഫണം വിരിച്ചാടുന്നു
സ്വപ്നരതിസുഖസാരെ
സ്വപ്നമായുറങ്ങി ഞാൻ വീണ്ടും.
വീണ്ടുമൊരുനാൾ നീയെത്തും
വിണ്ടുകീറിയ കാൽപാദങ്ങളാൽ
കൺമഷിവരണ്ട കൺകളാൽ
കണ്ഠമടർത്തും കണ്ണീർമുത്തുമായ്
അന്നേരമുണരും പുണരും നിന്നെ
അന്നേരമില്ലാത്തൊരു ഞാനായ്.