ശ്രീഗൌരീശ്വര ചതുർമുഖക്ഷേത്രം
08 Jun 2022
കൊച്ചിക്കായൽ ശൃംഖലകൾക്കും അറബിക്കടലിനുമിടയിൽ പ്രകൃതിരമണീയമായ വൈപ്പിൻ ദ്വീപിനോട് ചേർന്നുകിടക്കുന്നു ഈ ക്ഷേത്രം.
നാല് ശ്രീകോവിലുകളിലായി നാല് ദേവ പ്രതിഷ്ഠയുള്ള ചതുർമുഖക്ഷേത്രമാണ് ചെറായി ശ്രീഗൌരീശ്വര ക്ഷേത്രം. കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമായി സ്ഥിതിചെയ്യുന്ന നാല് ശ്രീകോവിലുകളിലായി യഥാക്രമം സുബ്രഹ്മണ്യനേയും സാക്ഷാൽ ഗൌരീശ്വരനായ ശിവനേയും പിന്നെ പാർവ്വതിയേയും ഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ശ്രീനാരായണഗുരുദേവൻ 1912-ൽ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. ക്ഷേത്രപരിപാലനം, പണ്ട് ഗുരുദേവൻ തന്നെ രക്ഷാധികാരിയായിരുന്ന വിജ്ഞാന വർദ്ധിനി സഭക്കാണ്. 1888-ലാണ് ഈ സഭ രൂപം കൊള്ളുന്നത്. അധസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക ഉയർച്ചയായിരുന്നു ഈ സഭയുടെ ലക്ഷ്യം. ക്ഷേത്രത്തിന് ഇന്നുകാണുന്ന പ്രൌഡിക്കും പെരുമക്കും വിജ്ഞാന വർദ്ധിനി സഭക്കുള്ള പങ്ക് നിർണ്ണായകമാണ്.
തെക്കൻ പഴനി അഥവാ മലയാള പഴനി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തന് സാക്ഷാൽ പഴനിമല ചവിട്ടിക്കയറുമ്പോൾ കിട്ടുന്ന പുണ്യവും അനുഗ്രഹവും അനുഭവിക്കാമെന്ന് പൊതുവേ വിശ്വസിച്ചുപോരുന്നു. ശ്രീനാരായണഗുരുദേവൻ ഈ ക്ഷേത്രത്തിൽ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചപ്പോൾ ലക്ഷ്യം വച്ചതും അതത്രെ.
ജാതി-മത ഭ്രാന്തിന്റെ ചങ്ങലക്കെട്ടുകളെല്ലാം പൊട്ടിച്ചെറിഞ്ഞ് ഒരു നവമാനവ സമൂഹത്തെ കെട്ടിപ്പടുത്ത ശ്രീനാരായണ ഗുരുദേവന്റെ ഈ ക്ഷേത്രത്തിൽ ജാതി-മത-ഭേദ മെന്ന്യേ ആർക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. മത സൌഹാർദ്ദത്തിന്റെ കൂടി മാതൃകാസ്ഥാനമാണ് ശ്രീഗൌരീശ്വര ക്ഷേത്രം.
കൊച്ചിയെ അപേക്ഷിച്ച് ഇവിടുത്ത തൈപൂയ മഹോത്സവവും കാവടിയാട്ടവും 30 ആനയെ എഴുന്നെള്ളിച്ചുള്ള പൂരവും പ്രസിദ്ധമാണ്. ക്ഷേത്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറെ ശ്രേഷ്ടമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് ഭാഷക്കും ഗുരുദേവൻ ഊന്നൽ കൊടുത്തതായ ഫലകങ്ങളുണ്ടിവിടെ. ക്ഷേത്ര മൈതാനിയിലെ ഗുരുമന്ദിരവും മനോജ്ഞമാണ്, പ്രശസ്തമാണ്.