തൃശൂരിലെ കപ്പൽ പള്ളി
08 Dec 2021
തൃശൂർ റൌണ്ടിൽ നിന്ന് പടിഞ്ഞാട്ടുപോയാൽ കടലാണ്. അവിടെ വള്ളങ്ങളും, മത്സ്യബന്ധന ബോട്ടുകളും കാണാം. പക്ഷേ കപ്പലുകൾ കാണണമെന്നില്ല. എന്നാൽ ഒരു 10 കിലോമീറ്റർ എത്തിയാൽ നിങ്ങൾക്ക് പരിശുദ്ധമായ ഒരു കപ്പൽ കാണാം. സമാധാനത്തിന്റെ-സ്വർഗ്ഗീയ തുറമുഖത്തേക്ക് പുറപ്പെടാൻ ഒരുങ്ങിനില്ക്കുന്ന ഒരു യാനപാത്രം. ഈ കപ്പൽ നങ്കൂരമിട്ടുകിടക്കുന്നത് എറവ് എന്നൊരു ഗ്രാമഭൂമികയിലാണ്. ആ പരിശുദ്ധഗ്രാമത്തിന്റെ തിരുമുറ്റത്താണ് ഒരു കപ്പൽ വിശ്വാസികളേയും ചരിത്രസ്നേഹികളേയും കാത്തുകിടക്കുന്നത്. അതുകൊണ്ടുതന്നെ ഈ കപ്പൽ ഒരു പള്ളിയാണ്- എറവ് കപ്പൽ പള്ളി.
അരിമ്പൂർ എന്ന ഗ്രാമത്തിനോട് ചേർന്ന് കിടക്കുന്ന ഈ ഭൂസ്ഥലി കഴിഞ്ഞനൂറ്റാണ്ടുകളിൽ ഒരു ദ്വീപായിരുന്നുവതെ. പിന്നീട് ദ്വീപിന്റെ അവസ്ഥയിൽ നിന്നും ജലപാളികളാൽ സമൃദ്ധമായ ഒരു ഗ്രാമഭൂമിയാവുകയായിരുന്നു. ഫലഭൂയിഷ്ടമായ മണ്ണും മനസുമുള്ള ഈ ഗ്രാമം പിന്നീട് ഒരു കാർഷികഭൂമിയായി മാറി. നൂറുമേനി കൊയ്തെടുത്ത നെല്ല് കുത്തി അരിയെടുത്തപ്പോൾ ഈ ഊരിന് അരിമ്പൂർ എന്ന പേരും വന്നു. ഈ ഊരിന്റെ പടിഞ്ഞാട്ടുള്ള എറക്കത്തിലാണ് എറവ് നിലകൊള്ളുന്നത്. എറവിന്റെ തിരുമുറ്റത്താണ് വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ നാമത്തിലുള്ള ഈ കപ്പൽ പള്ളി നമ്മേ കാത്തുകിടക്കുന്നത്.
ഏതാണ്ട് ഏഴ് ക്രൈസ്തവകുടുംബങ്ങളുമായി എ.ഡി. 900 ൽ അരിമ്പൂരിൽ ആദ്യത്തെ കുരിശുപള്ളി ഉണ്ടായതായി ചരിത്രം പറയുന്നുണ്ട്. പിന്നീട് നൂറ്റാണ്ടുകൾക്കുശേഷം 1838 ൽ ഈ പള്ളി പുതുക്കിപ്പണിയുകയും അങ്ങനെ 1855 ൽ വാരാപ്പുഴ മെത്രാപൊലീത്ത അരിമ്പൂർ ഇടവക പ്രഖ്യാപനവും നടത്തിയത്രെ. പതിവുപോലെ ക്രൈസ്തവ പടലപിണക്കങ്ങളുണ്ടാവുകയും ഈ പള്ളിയുടെ തെക്കേ ഭാഗത്ത് 1881 ൽ മറ്റൊരു പള്ളി നിർമ്മിച്ചതിനെ തുടർന്ന് ഇടവക പിളർന്നു. എങ്കിലും 1965 ൽ രണ്ടപള്ളികളും ലയിച്ച് ഒറ്റപള്ളിയായെന്നാണ് നിലവിലെ ചരിത്രം പറയുന്നത്.
ഇതിനിടെയാണ് മണലൂരിന്റെ മുത്തായ പൂപ്പാടി വറുതുണ്ണി മകൻ ദേവസ്സി എറവിലെ ക്രിസ്ത്യാനികളുടെ രക്ഷകനാവുന്നത്. കൃത്യമായി പറഞ്ഞാൽ 1926 ആഗസ്റ്റ് ഏഴിന് ദേവസ്സി 72 സെന്റ് ഭൂമി എറവിലെ വേദപ്രചാര സഭക്ക് ദാനം ചെയ്തതോടെ എറവ് കേരളത്തിന്റെ ക്രൈസ്തവ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാവുകയായിരുന്നു.
അങ്ങനെയാണ് 1934 ൽ ഈ ദാനഭൂമിയിൽ ഫാദർ പീറ്റർ കുണ്ടുകളും ഒരു കപ്പേള പണികഴിപ്പിക്കുന്നത്. എന്നാൽ നിലനില്ക്കുന്ന സിവിൽ നിയമപ്രകാരം ഇവിടെ കുർബ്ബാന അർപ്പിക്കുന്നതിന് അനുവാദമുണ്ടായിരുന്നില്ല. അനുമതിക്കായി ഈ പ്രദേശത്തുകാർ കൊച്ചി രാജാവിന് നിവേദനം നൽകുകയും പിന്നീട് 1942 ൽ കുർബ്ബാന അർപ്പിക്കുന്നതിനുള്ള അനുമതി ലഭിക്കുകയുമുണ്ടായി.
തൃശൂർ രൂപത മെത്രനായിരുന്ന ഫ്രാൻസിസ് വാഴപ്പിള്ളിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. തൽഫലമായി ഫാദർ ദേവസ്സി തെക്കത്ത് 1942 ഒക്ടോബറിലെ വേദപ്രചാര ഞായറാഴ്ച എറവ് കപ്പേളയിൽ ആദ്യ കുർബ്ബാന അർപ്പിച്ചു. പിന്നീട് 1966 ജൂലൈ 3 ന് അഭിവന്ദ്യ മാർ ജോർജ്ജ് ആലപ്പാട്ട് എറവിനെ ഇടവകയാക്കി.
1977 ൽ ഫാദർ ഇമ്മാനുവേൽ റാത്തപ്പിള്ളി എറവിലെ വികാരി ആയതോടെ എറവ് ചരിത്രമാവുകയായിരുന്നു. 1978 ൽ ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ച ഫാദർ ഇമ്മാനുവേലാണ് മൂന്നു വർഷത്തെ കഠിനാദ്ധ്വാനത്തിനുശേഷം 1983 ലെ ക്രിസ്തുമസ്സ് ദിനത്തിൽ ഇന്ന് കാണുന്ന ഈ കപ്പൽ പള്ളി നീറ്റിലിറക്കിയത്. പൂർണ്ണാർത്ഥത്തിലും ഈ പളളിശില്പത്തിന്റെ പെരുന്തച്ചൻ ഫാദർ ഇമ്മാനുവേൽ ആണെന്നാണ് പള്ളിവൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.
അതേസമയം ഈ പള്ളിയെ കുറിച്ചുള്ള യാതൊരു വിധത്തിലുമുള്ള ചരിത്രപരമായ അറിവും ഇപ്പോഴത്തെ പള്ളിവികാരിക്ക് അറിയില്ലെന്ന വസ്തുത സീറ്റി സ്കാനിനെ ഞെട്ടിക്കാതിരുന്നില്ല. ഈ ചരിത്രശില്പത്തെ കുറിച്ചുള്ള ഒരു ലഘുലേഖ പോലും ഈ പള്ളിയിലോ പള്ളിസ്കൂളിലോ ഇല്ലെന്ന വസ്തുതയും സീറ്റി സ്കാനിനെ വളരെ അമ്പരപ്പിച്ചു. പള്ളിവിവരങ്ങൾക്കായി കൂടുതൽ നിർബന്ധിച്ചപ്പോൾ പള്ളിവികാരി പള്ളിക്ക് നേരെ മുമ്പിലുള്ള ചേതന ബാക്കറി ചൂണ്ടിക്കാണിച്ച് ഇങ്ങനെ പറഞ്ഞു, ആ ബാക്കറിയിൽ അന്വേഷിച്ചാൽ കുറെ വിവരങ്ങൾ കിട്ടും.
അങ്ങനെയാണ് സീറ്റി സ്കാൻ ഈ പള്ളിയുടെ മുന്നിലുള്ള ചേതന ബാക്കറിയിൽ എത്തുന്നത്. ബാക്കറിയുടമ വളരെ നല്ലൊരു മനുഷ്യനാണ്. ആവശ്യം പറഞ്ഞപ്പോൾ അയാൾ ഏതോ കാലത്തെ ഒരു സോവനീർ എടുത്തുതന്നു. ഇതിലുണ്ട് എല്ലാം. ആ സോവനീറിൽ നിന്ന് പകർത്തിയ ഒന്നര പേജ് അറിവാണ് സീറ്റി സ്കാൻ പ്രേക്ഷകർ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ഇത് ഈ പള്ളിയുടെ മാത്രം പ്രശ്നമല്ല, സീറ്റി സ്കാൻ പറഞ്ഞുകൊണ്ടിരിക്കുന്ന പള്ളിപുരാണത്തിലെ എല്ലാ പള്ളികളുടെയും അവസ്ഥ ഇതാണ്. അതുകൊണ്ട് സീറ്റി സ്കാൻ കേൾക്കുന്ന കേരളത്തിലെ പള്ളി അധികൃതർ ഇനിയെങ്കിലും പള്ളികളുടെ വിവരങ്ങൾ പൊതുജനങ്ങൾക്കായി പള്ളികളിൽ തന്നെ തയ്യാറാക്കി സൂക്ഷിക്കണമെന്നും വിനീതമായി ഓർമ്മിപ്പിക്കട്ടെ. .
ഇതൊരു സാധാരണ പള്ളിയകമല്ല. ഒരാഡംബര കപ്പലിന്റെ അകത്തളവുമല്ല. ഒരു ശരാശരി ബോട്ടിന്റേയും കപ്പലിന്റേയും സാധാരണ അകസ്ഥലിയാണ്. കോൺക്രീറ്റിൽ തീർത്ത മരത്തൂണുകളാൽ സമൃദ്ധമാണ് ഈ യാനപാത്രത്തിന്റെ അകത്തളങ്ങൾ. അഴകിനുമാത്രമായി നിർമ്മിക്കപ്പെട്ട ഈ കോൺക്രീറ്റ് തടിത്തൂണുകൾ കാഴ്ചാനുഭവം കൂട്ടുന്നുണ്ടെങ്കിലും ഭക്തരുടെ ദിവ്യബലികാഴ്ചയെ ഈ തൂണുകൾ തടസ്സമായി ബാധിച്ചിരിക്കണം. ഈ പള്ളിയുടെ നിർമ്മിതിക്കുശേഷമുള്ള സാങ്കേതിക വൈദഗ്ദ്യത്തിന്റെ നാലു പതിറ്റാണ്ടനുഭവങ്ങൾ പഠിക്കുമ്പോൾ ഈ പള്ളിയുടെ എഞ്ചിനീയറിങ്ങ് ശ്രേഷ്ടമാണെന്ന് പറയുക വയ്യ. എന്നിരുന്നാലും പരിമിതമായ മനുഷ്യപ്രയത്നം കൊണ്ട് നാലു പതിറ്റാണ്ടുമുമ്പ് നിർമ്മിച്ചെടുത്ത ഈ ദേവാലയ ശില്പം എന്തുകൊണ്ടും കേരളചരിത്രത്തിന്റെ സൌകുമാര്യം കൂട്ടുന്നുണ്ട്. പള്ളിശില്പിയായ ഫാദർ ഇമ്മാനുവേൽ റാത്തപ്പിള്ളിയെ സീറ്റി സ്കാൻ നമിക്കുന്നു.
വിശുദ്ധ ബൈബിൾ കഥകളുടേയും വചനങ്ങളുടേയും വർണ്ണഛായാചിത്രങ്ങളാൽ ഈ പള്ളിയകം കലാപരമാണ്. ചിത്രകലയിലെ റിലീഫ് സംവിധാനത്തിൽ എഴുതപ്പെട്ടതാണ് ഈ വർണ്ണചിത്രങ്ങളത്രയും. ഒരു പടുകൂറ്റൻ നന്മമരത്തിനെ പകുത്താണ് ഈ പള്ളിയുടെ സക്രാരി നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കലയും കൌതുകവും സമ്മോഹനമായി കൂടിച്ചേരുന്ന ഈ പള്ളിയുടെ അകംപുറങ്ങളിൽ വിശുദ്ധ രൂപങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് സ്വഭാവികം മാത്രം.
ഈ ഇടവകയിലെ മുഴുവൻ ഭക്തരേയും ഉൾക്കൊള്ളാൻ ഈ കപ്പൽ പള്ളിക്ക് ഇന്ന് കഴിയുന്നില്ലെന്ന വസ്തുതയും ശ്രദ്ധേയമാണ്. ഒപ്പം ഈ ചരിത്രശില്പത്തെ പുതുക്കിപ്പണിയുകയും അസാധ്യമാണെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. ചരിത്രത്തിൽ നങ്കൂരമിട്ട ഈ കപ്പൽപള്ളിക്ക് പുറത്തുള്ള അഴിമുഖ സ്ഥലിക്ക് വിസ്തൃതി കൂട്ടുകയേ ഇനി നിർവ്വാഹമുള്ളൂ. അതിനുള്ള ശ്രമങ്ങളേ ഇനി ഇവിടുത്തെ ഭക്തർക്ക് സാധ്യമാവൂ.
കേരളചരിത്രത്തിന്റെ വിളക്കുമാടവും നെഞ്ചേറ്റി നിൽക്കുന്ന ഈ കപ്പൽപള്ളി കണ്ടുമടങ്ങുമ്പോൾ ഭക്ത്യാദരപൂർവ്വം ഒരു മ്യൂസിയം കണ്ടുമടങ്ങുന്ന പ്രതീതിയായിരിക്കും ഭക്തർക്കും അല്ലാത്തവർക്കും ഉണ്ടാവുക. വീഡിയോ കാണാം.