“കോൺഗ്രസ്സിന്റെ അവസ്ഥ കണ്ടില്ലേ?”
02 Sep 2020
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഇന്നത്തെ ദുരവസ്ഥ അഥവാ ദുരന്തം പത്ത് വർഷം മുമ്പ് ഡോ. സുകുമാർ അഴീക്കോട് പ്രവചിച്ചിരുന്നു. ഒരു കാലത്ത് നാലിൽ മൂന്ന് ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ്സാണ് ഇപ്പോൾ ഒന്നരകാലുമായി നടക്കുന്നതെന്ന് അഴീക്കോട് പരിഹസിക്കുന്നു. എപ്പോഴും ജനങ്ങൾക്ക് എതിരായിട്ടാണ് കോൺഗ്രസ്സ് നില്ക്കുന്നത്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടത്തിയാൽ ഇടതുപക്ഷം തന്നെ ജയിക്കുമെന്നും അഴീക്കോട് 2010-ൽ പ്രവചിച്ചു. അഴീക്കോടിന്റെ പ്രവചനം ഇന്നിന്റെ പശ്ചാത്തലത്തിൽ വച്ചു പരിശോധിക്കുമ്പോൾ അക്ഷരാർത്ഥത്തിലും സത്യമാവുന്നു.
കവിയും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സി.റ്റി. വില്യമിന് കൊടുത്ത ഒരു അഭിമുഖത്തിലാണ് ഡോ. സുകുമാർ അഴീക്കോട് ഈ പ്രവചനം നടത്തിയിരിക്കുന്നത്.
നരേന്ദ്രമോദിയുടെ കഴിവുകളെ പ്രകീർത്തിച്ചുകൊണ്ടും അഴീക്കോട് ഈ അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്. അസാമാന്യ പ്രസംഗപാഠവമുള്ള ഒരു നേതാവാണ് നരേന്ദ്രമോദിയെന്ന അഴീക്കോടിന്റെ പരാമർശം അക്കാലത്ത് വിവാദങ്ങൾ ഉയർത്തിയിരുന്നു. “സാഗര ഗർജ്ജനം മോദിയെ അംഗീകരിച്ചു” എന്ന തലക്കെട്ടിൽ അന്ന് പത്രങ്ങൾ ലീഡ് കൊടുത്തിരുന്നു. പത്രവാർത്തകളിൽ ക്ഷുഭിതനായ അഴീക്കോട് അക്കാലത്ത് ചില പത്രങ്ങളിൽ സി.റ്റി. വില്യമിന് മറുപടിയും കൊടുത്തിരുന്നു.
ഏറെ വിവാദം സൃഷ്ടിച്ച ഈ അഭിമുഖം പിന്നീട് സി.റ്റി. വില്യമിന്റെ “ശബ്ദം അയോദ്ധ്യവരെ എത്തുമ്പോൾ” എന്ന പുസ്തകത്തിൽ അനുബന്ധമായി കൊടുത്തിരുന്നു. പ്രശസ്ത നിരുൂപകനായ ബാലചന്ദ്രൻ വടക്കേടത്ത് അവതാരിക എഴുതിയ ഈ പുസ്തകത്തിൽ അവതാരികാകാരൻ അഴീക്കോടിനെ വിമർശിച്ചതിലും അഴീക്കോട് ബാലചന്ദ്രനുമായും കലഹിച്ചിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഇന്നത്തെ ദുരവസ്ഥയെ കണക്കിലെടുക്കുമ്പോൾ കോൺഗ്രസ്സിനെ കുറിച്ച് അഴീക്കോട് പത്ത് വർഷം മമ്പ് നടത്തിയ പ്രവചനങ്ങൾക്ക് വലിയ പ്രസക്തിയാണുള്ളത്. പുസ്തകത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു.
“ജവഹർലാൽ നെഹ്റു ഉള്ള കാലത്ത് ത്രിബൈ ഫോർത്ത് മെജോറിട്ടി ഉള്ളവർ ഇപ്പോൾ ഒന്നരക്കാല് കൊണ്ട് നടക്കുകയാണ്. എന്താണ് കാരണം? എപ്പോഴും ജനങ്ങൾക്ക് എതിരായിട്ടേ നില്ക്കൂ. ……..ഇപ്പോൾ ഒരു ഇലക്ഷൻ നടത്തിയാൽ ഇവർ (ഇടതുപക്ഷം) തന്നെ ജയിക്കും. ബെറ്റ് വച്ചോളൂ……”
“ഇവിടെ ഒരു പ്രതിപക്ഷമില്ലേ? എന്താണവർ ചെയ്യുന്നത്? ഹൈസ്കൂൾ വിദ്യാർത്ഥികൾ സംസാരിക്കുന്നതുപോലെ സംസാരിക്കുന്ന രണ്ടു നേതാക്കന്മാരുണ്ടല്ലോ, ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. അവരുടെ പ്രസംഗം കേട്ടാൽ ഒരാൾ പോലും അവർക്ക് വോട്ട് കൊടുക്കില്ല. എത്ര തേഡ് റേറ്റ് സ്പീച്ചാണ് അവരുടേത്….. ”
“പവറുള്ള ലീഡറില്ല. കോൺഗ്രസ്സിന്റെ അവസ്ഥ കണ്ടില്ലേ. സോണിയാ ഗാന്ധി ഗുജറാത്തിൽ പോയിട്ടുണ്ടായ കഥ. അമ്മയും മകനും എവിടെയൊക്കെ പോയോ ആ കോൺസ്റ്റിറ്റ്യവൻസികൾ മുഴുവൻ തോറ്റു….ഇവർ ഇന്ത്യയിൽ പ്രസംഗം എഴുതി വായിച്ചാൽ ആരിത് കേൾക്കാൻ പോകുന്നു? പാർലിമെന്റിൽ പോലും കടലാസ്സിൽ എഴുതി വായിക്കാൻ പാടില്ല. പിന്നെയാണ് ഓപ്പൺ സ്റ്റേജിൽ പ്രസംഗം എഴുതി വായിക്കുന്നത്…. ”
“കോൺഗ്രസ്സിലുള്ള നേതാക്കന്മാരെല്ലാം കാശുവാങ്ങി വലിയ പാലസുണ്ടാക്കി. അതിനെറെ ഒരു ഇൻഫെക്ഷ്യസ് ഇഫക്ട് ഉണ്ടാവും……ഇതൊക്കെ സോഷ്യോളജിക്കലായിട്ട് പഠിച്ചുവരുമ്പോൾ കോൺഗ്രസ്സിനെ ചരിത്രത്തിന്റെ പ്രതിക്കൂട്ടിൽ വച്ച് കൊല്ലേണ്ടിവരും. ഈ രാജ്യത്തിന്രെ മുഴുവൻ വിശ്വാസം അർപ്പിച്ച ഒരു കക്ഷിയല്ലേ അവർ? അത് മുഴുവൻ നഷ്ടപ്പെടുത്തിയില്ലേ അവർ?…”
“കോൺഗ്രസ്സ് രക്ഷപ്പെടാൻ ഒരുവഴിയെ ഉള്ളൂ, സോണിയാ ഗാന്ധിയെ പുറത്താക്കുക-മൻമോഹൻ സിങ്ങിനെ പുറത്താക്കുക. ജീവിതകാലം മുഴുവൻ അമേരിക്കക്കാരന്റെ ശമ്പളം വാങ്ങി ഇന്ത്യൻ പ്രധാനമന്ത്രി പഥത്തിൽ കുത്തിയിരിക്കുക…… ജീവിതകാലം മുഴുവൻ അമേരിക്കക്കാരനെ സല്യൂട്ട് ചെയ്യുന്ന ഒരു മനുഷ്യൻ. ഹി ഈസ് സെർവൈൽ ഇൻ നേച്ചർ……”
“കോൺഗ്രസ്സിൽ നേതാക്കന്മാരൊക്കെയുണ്ട്. ഒരെണ്ണത്തിനെ വളരാൻ സമ്മതിക്കോ? ഇപ്പോൾ ഇരിക്കുന്നവരുണ്ടല്ലോ, അവർക്ക് എന്തോന്നാ ഈ രാജ്യത്തിരിക്കാൻ യോഗ്യത. ഈ രാജ്യത്തിന്റെ ഭാഷ അറിയില്ല. ചരിത്രമറിയില്ല………”
“നേരെമറിച്ച് കോൺഗ്രസ്സ് ഒരു ശക്തിയുള്ള പാർട്ടിയായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളരെ കരുതലോടെ നില്ക്കുമായിരുന്നു. ജനാധിപത്യത്തിൽ രണ്ട് കക്ഷികൾ വളരെ ശക്തമായി നിന്നാൽ അങ്ങോട്ടുമിങ്ങോട്ടും ബാലൻസ് ചെയ്തുപോകും. ഇല്ലെങ്കിൽ നശിക്കും. ഇതാണ് ഇവിടെ സംഭവിച്ചത്…..”
“കോൺഗ്രസ്സിന്റെ ഈ ശക്തിക്ഷയം ഹിമാലയം പോയാലത്തെ സ്ഥിതി പോലെയാണ്. ഹിമാലയം പോയാൽ പിന്നെ ആ ഭാഗത്തുനിന്നുള്ള തണുത്ത കാറ്റ് മുഴുവൻ വരും. ഇവിടുത്തെ കാലാവസ്ഥയും പോകും. അതുപോലെയാണ് ഇവിടെ സംഭവിച്ചത്. കാലാവസ്ഥയൊക്കെ പോയി……”
ഈ ലേഖനത്തിന്റെ വീഡിയോ കാണാൻ, കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.