കോഞ്ചിറ മുത്തിയുടെ പള്ളിക്കഥ
30 Mar 2022
തൃശ്ശൂരിലെ കോൾപാടങ്ങൾക്ക് കെടാവിളക്കുമായി ഒരു കാവൽ മാതാവ് അഥവാ കോഞ്ചിറ മുത്തി. കോഞ്ചിറ മുത്തിയുടെ പള്ളി പറയുന്ന കഥക്ക് പൊന്നുവിളയുന്ന മണ്ണിന്റെ മണമുണ്ട്.
തൃശ്ശൂർ ജില്ലയുടെ നെല്ലറയാണ് കോഞ്ചിറ. കൃത്യമായി പറഞ്ഞാൽ കോൾചിറ. ഏനാമ്മാവ് ബണ്ട് റഗുലേറ്റർ വരുന്നതിനുമുമ്പ് കടലിൽ. നിന്നുള്ള ഉപ്പുവെള്ളത്തെ തടഞ്ഞുനിർത്തി കോൾപാടങ്ങളിൽ പൊന്നുവിളയിക്കാൻ സഹായിച്ചത് ഈ കോൾചിറയായിരുന്നു. പിൽക്കാലത്ത് കോൾചിറ ലോപിച്ച് കോഞ്ചിറ ആയതാണ്.
പൌരാണിക തൃശ്ശിവപേരുരിന്റെയും കണ്ടശ്ശാംകടവിന്റെയും വ്യാപാരശൃംഖലയെ ബന്ധിപ്പിച്ചിരുന്ന ഒരു പ്രധാന കണ്ണിയും കടവുമായിരുന്നു കോഞ്ചിറ കടവ്.
തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പലചരക്കുകൾ പ്രത്യേകിച്ചും നെല്ലും തേങ്ങയും വെളിച്ചെണ്ണയും വഞ്ചിമാർഗ്ഗം ക്രയവിക്രയം നടത്തിയിരുന്നത് ഈ കോഞ്ചിറ കടവു വഴിയായിരുന്നു.
കോഞ്ചിറക്കടവിലെ വിളക്കുമാടം ഇവിടെ വന്നുപോയിക്കൊണ്ടിരുന്ന കർഷകർക്കും വഞ്ചികൾക്കും കച്ചവടക്കാർക്കും ഒരു വഴികാട്ടിയും അഭയവും ആശ്രയവുമായിരുന്നു.
ഈ വിളക്കുമാടത്തിനും ഇവിടെ കുടിയിരുത്തിയ കോഞ്ചിറ മുത്തിക്കും മുത്തിയുടെ പള്ളിക്കും പറയാൻ ഒരുപാട് കഥകളുണ്ട്. ഐതിഹ്യങ്ങൾ ഒരുപാടുണ്ടെങ്കിലും പരക്കെ വിശ്വസിക്കുന്ന ഒരു കഥയുണ്ട്. അതിങ്ങനെ.
പണ്ടുപണ്ടൊരു പേമാരിക്കാലത്ത് മലവെള്ളപ്പാച്ചലിൽ എവിടെനിന്നോ കേടുകൂടാതെ ഇവിടെ ഒഴുകിയെത്തിയ ഒരു മാതാവിന്റെ ചിത്രം കോഞ്ചിറക്കടവിൽ തങ്ങിനിന്നുവത്രെ. അന്നുമുതൽ ഇവിടെ ചിത്ര മാതാവിനെ പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം.
അക്കാലത്ത് കോഞ്ചിറ കടവുവഴി കടന്നുപോകുന്ന കർഷകർക്കും വഞ്ചിക്കാർക്കും കച്ചവടക്കാർക്കുമായി ഒരു സ്ത്രി കോഞ്ചിറക്കടവിൽ മാതാവിന്റെ ചിത്രത്തിന് വിളക്കുതെളിയിച്ചും പ്രാർത്ഥിച്ചും പോന്നിരുന്നവത്രെ.
പിന്നീട് ഈ സ്ത്രീയുടെ ആവശ്യം പരിഗണിച്ച് ഏനാമ്മാവ് പള്ളിക്കമ്മറ്റിക്കാർ തൃശ്ശൂർ രൂപതയുടെ അന്നത്തെ മെത്രാനായ മെഡലിക്കോട്ട് പിതാവിനെ സമീപിച്ച് കോഞ്ചിറക്കടവിൽ ഒരു കപ്പേള പണിയാൻ അനുമതി ചോദിച്ചുവത്രെ.
ആ സമയം മെഡലിക്കോട്ട് പിതാവ് തന്റെ സ്ഥാനചിഹ്നങ്ങൾ സ്വീകരിക്കുന്നതിന്നായി റോമിൽ പോകാനിരിക്കുകയായിരുന്നു. 1887 ലാണ് ഈ സംഭവം നടക്കുന്നത്. റോമിൽ പോയ മെഡലിക്കോട്ട് പിതാവ് വരും വഴി ഇറ്റലിയിലെ പോംപെ എന്ന സ്ഥലം സന്ദർശിക്കാനിടയായി. 1884 ൽ മാതാവ് ഭക്തർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട സ്ഥലമായിരുന്നു പോംപെ. അവിടെ നിന്ന് ഒരു മാതാവിന്റെ ചിത്രം വാങ്ങി, കേരളത്തിലെത്തിയ മെഡലിക്കോട്ട് പിതാവ് ചിത്രം അന്നത്തെ ഏനാമ്മാവ് പള്ളിവികാരി പൊറിഞ്ചു കത്തനാരെ ഏല്പിച്ചുവത്രെ.
ഈ പോംപെ മാതാവിന്റെ ചിത്രം പ്രതിഷ്ഠിച്ചുകൊണ്ടാണ് 1887 ൽ കോഞ്ചിറ കടവിൽ ഓല മേഞ്ഞ പള്ളി സ്ഥാപിച്ചതെന്നാണ് ചരിത്രം. ആ ചിത്രം ഇന്നും ഈ പള്ളിയിൽ സൂക്ഷിച്ചുവച്ചിരിക്കുന്നു.
പിന്നീട് 1924 ലുണ്ടായ മഹാപ്രളയത്തിലും കോഞ്ചിറ പള്ളിയും മുത്തിയും അത്ഭുതകരമായി പ്രളയത്തെ അതിജിവിച്ചതായാണ് ചരിത്രം പറയുന്നത്.
1980 ൽ അന്നത്തെ ബിഷപ്പ് ജോസഫ് കുണ്ടുകുളം കോഞ്ചിറ പള്ളി പുതുക്കിപ്പണിതു. പിന്നീടും പലപ്പോഴുമായി ഈ പള്ളി പുതുക്കിപ്പണിതിട്ടാണ് ഇന്നത്തെ അവസ്ഥയിലെത്തിയത്.
കോഞ്ചിറ പള്ളിയിലെ ഒമ്പതു ദിവസത്തെ നൊവേനയും ജപമാല പ്രദക്ഷിണവും മാതൃഭക്തർക്കിടയിൽ ഒരു ഭക്തലഹരിയാണ്.
നോക്കെത്താദൂരത്തെ വിശാലമായ കോൾപാടങ്ങൾക്ക് അഭിമുഖമായാണ് ഈ പള്ളി ഇന്നും സ്ഥിതിചെയ്യുന്നത്. വിളക്കുമാടത്തിന്റെ പുതുരൂപവും തിളങ്ങിവിളങ്ങുന്ന കൊടിമരവും ഇന്നും ചരിത്രത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.
ദളിതർക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് മെയ് മാസങ്ങളിൽ ഇവിടെ നടക്കുന്ന തിരുന്നാളിൽ കഞ്ഞിവീത്തും അന്നദാനവും പതിവാണ്. മാതാവിന്റെ ഭക്തർ കാർഷിക വിളകൾ കാണിക്കയായി സമർപ്പിക്കുന്ന അത്യപൂർവ്വമായ തിരുന്നാളാണ് കോഞ്ചിറമുത്തിയുടെ തിരുന്നാൾ. കാർഷികവിളകളിൽ ചക്കക്ക് തന്നെയാണ് പ്രധാന്യം. അതുകൊണ്ടുതന്നെ ഈ തിരുന്നാളിനെ ചക്കപ്പെരുന്നാൾ എന്നും വിളിച്ചുപോരുന്നു.
സാധാരണ ദിവസങ്ങളിലും ഭക്തജനതിരക്കുള്ള പെരുന്നാൾ ദിവസങ്ങളിലും വഞ്ചിമാർഗ്ഗം വേണം കോഞ്ചിറ പള്ളിയിലെത്താൻ. അതിന്നായി ജാതിമതഭേദമെന്ന്യെ ഭക്തർക്കുവേണ്ടി പള്ളി തന്നെ സൌജന്യമായി വഞ്ചിയാത്ര തരപ്പെടുത്താറുണ്ട്.
ഭക്തർക്ക് കോഞ്ചിറ പള്ളിയിലെത്താനുള്ള ബുദ്ധിമുട്ടിൽ മനം നൊന്ത് പ്രാർത്ഥിച്ചതിന്റെ ഫലമായാണ് ഇവിടെ ഏനാമ്മാവ് ബണ്ട് റഗുലേറ്റർ വന്നതും അതൊരു പാലം കൂടിയായി പരിണമിച്ചതുമെന്ന് വിശ്വസിക്കുന്ന ഭക്തജനങ്ങളുണ്ട് ഇന്നും.
നിറയെ അത്ഭുതങ്ങളും അതിശയങ്ങളും അനുഗ്രഹങ്ങളും വാരിക്കോരി ചൊരിയുന്ന കോഞ്ചിറ മുത്തിയെ അതുകൊണ്ടുതന്നെ വിളിപ്പുറത്തമ്മ എന്നും വിളിച്ചുപോരുന്നു.