കേൾക്കാം സിംഹഗർജ്ജനം ഒരിക്കൽകൂടി
by ct william
in Social
21 Jun 2022
ഉണർന്നു സജ്ജരായി
മുന്നോട്ടു പാഞ്ഞീടുവിൻ
തകർന്നുതരിപ്പണ-
മാകട്ടെ തടസ്സങ്ങൾ.
ഒരു നൂറ്റാണ്ടുമുമ്പ് മുഴങ്ങിയ സിംഹഗർജ്ജനം ഇന്നും തുടരുകയാണ്. ഭൂമിയിൽ നിന്ന് ജാതീയത പാടെ തുടച്ചുമാറ്റാനായി സിംഹഗർജ്ജനം മുഴക്കിയ ആ നവോത്ഥാന നായകൻ വിസ്മൃതനായിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. ആ സിംഹത്തിന്റെ മടയിലാണ് ഞാനിപ്പോഴുള്ളത്. സാക്ഷാൽ സഹോദരൻ അയ്യപ്പന്റെ കാലോച്ച കേട്ട നവോത്ഥാനഭൂമി. ഇത് സഹോദരൻ അയ്യപ്പന്റെ സ്മാരകം.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ നിന്ന് ഏകദേശം 10 കി.മി. സഞ്ചരിച്ചാൽ നമുക്ക് ഈ നവോത്ഥാന ഭൂമിയിലെത്താം. ശ്രീനാരാ.ണഗുരുവിന്റേയും കുമാരനാശാന്റേയും ചട്ടമ്പിസ്വാമികളുടേയും പാദസ്പർശമേറ്റ ഒരു ധന്യഭൂമികൂടിയാണിത്.
പെരിയാറിന്റെ ഓളങ്ങളിൽ കുളിരേറ്റുകിടക്കുന്ന ഈ ഹരിതാഭഭൂമി സന്ദർശകർക്ക് ശാന്തിനികേതനാണ്. ചെറായി കുമ്പളത്തുപറമ്പിൽ കൊച്ചാവു വൈദ്യന്റേയും ഉണ്ണൂലിയുടേയും ഒമ്പതാമനായ സഹോദരൻ അയ്യപ്പൻ ഒന്നാമനായത് ഈ പുലിമടയിലാണ്. ജനനം 1889 ആഗസ്റ്റ് 22-ന്.
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ബി.ഇ.എം. കോളജിൽ നിന്ന് ഇന്റർമീഡിയറ്റും തിരുവനന്തപുരം യൂനിവേഴ്സിറ്റിയിൽ നിന്ന് ബി.എ.യും പാസ്സായ സഹോദരൻ അയ്യപ്പൻ, ശ്രീനാരായണഗുരുവിന്റെ ആശിർവാദങ്ങളും കുമാരനാശാന്റെ അനുഗ്രഹങ്ങളും ഏറ്റുവാങ്ങിയ, അക്ഷരാർത്ഥത്തിലും സഹോദരൻ തന്നെയായിരുന്നു. ഗുരുവിന്റെ ശിപാർശയിന്മേൽ ആശാന്റെ 100 രൂപകൊണ്ടാണ് ഉന്നതവിദ്യാഭ്യാസം നേടിയതെന്നത് എടുത്തുപറയതക്കതാണ്.
അരനൂറ്റാണ്ടുകാലം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ ഭൂമികയിൽ പ്രോജ്വലിച്ച സഹോദരൻ അയ്യപ്പൻ സ്ഥിതിസമത്വവാദി, ജനാധിപത്യവാദി, യുക്തിവാദി, കവി, പത്രാധിപർ, നിയമസഭാംഗം, മന്ത്രി എന്നീ നിലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച വിപ്ലവകാരി കൂടിയാണ്.
സാമൂഹികാർബുദം പോലെ അന്നും ഇന്നും കേരളത്തെ കാർന്നുതിന്നുന്ന ജാതീയതക്കെതിരെ പുലയസഹോദരന്മാരെ സംഘടിപ്പിച്ച് 1917 മെയ് 29-ന് ചെറായി തുണ്ടിടപറമ്പിൽ മിശ്രഭോജനം നടത്തി സാമൂഹ്യവിപ്ലവത്തിന് തിരി കൊളുത്തിയ അയ്യപ്പൻ 1968 മാർച്ച് 6-ന് അണയുകയായിരുന്നു.
എങ്കിലും ആ വിപ്ലവകാരിയുടെ അണയാത്ത അടയാളങ്ങളായി സഹോദരൻ അയ്യപ്പൻ സ്മാരകം ഇന്നും തലയുയർത്തിനില്ക്കുന്നു ഇവിടെ. അയ്യപ്പനെ പഠിക്കാനും സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ ഗവേഷണത്തിന് സഹായമൊരുക്കിയും ഇവിടെ ഒരു മികച്ച ലൈബ്രററിയുണ്ട്. ചരിത്രത്തിന്റെ പാഠപുസ്തകങ്ങളായി അയ്യപ്പന്റെ വീടും അച്ചന്റെ വൈദ്യശാലയും, ശ്രീനാരായണ ഗുരുവിന്റെയും, കുമാരനാശാന്റെയും സ്മരണകളിൽ ദീപ്തമായി നില്ക്കന്നുണ്ട്.
പഴയകാല കൊച്ചി-തിരുവിതാംകൂർ സ്മരണകളുടെ അതിർകല്ലായി കൊതിക്കല്ല് സന്ദർശകർക്ക് കൌതുകമായി ഇവിടുത്തെ മനോഹരമായ ബോട്ടുജെട്ടിക്ക് സമീപമായി നിലകൊള്ളുന്നു. അയ്യപ്പൻ കൊളുത്തിയ സാമൂഹ്യ വിപ്ലവത്തിന്റെ അഗ്നിഫലകമായി മിശ്രഭോജനത്തിന്റെ ഒരു റിലീഫ് ശില്പവും കാണാം.