ഏനാമ്മാവ് പള്ളിയുടെ കഥ
30 Mar 2022
എ.ഡി. 52-ൽ തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ വന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഏഴരപള്ളികളിലെ ഒരു പള്ളിയാണ് പാലയൂർ പള്ളി. പിന്നീട് എ.ഡി. 100-ൽ ഇന്നാട്ടിലെ ക്രിസ്ത്യാനികൾക്ക് പ്രാർത്ഥിക്കാനായി പരിശുദ്ധ മാതാവിന്റെ പ്രതിഷ്ഠയിൽ ഒരു ദേവാലയം തൃശൂർ ജില്ലയിലെ മുല്ലശ്ശേരിയിലെ വടക്കൻ പുതുക്കാടിൽ പണി തീർക്കുകയുണ്ടായി.
പക്ഷേ, നാട്ടുരാജാക്കന്മാരുടേയും നാട്ടുതമ്പ്രാക്കന്മാരുടേയും സാമുദായികമായ ഇടപെടലുകൾ മൂലം ഈ പള്ളിക്ക് അന്നാളുകളിൽ നിത്യാരാധനക്കായുള്ള അനുമതി കിട്ടിയില്ല. എന്തായാലും വടക്കൻ പുതുക്കാട് പള്ളിയും മുല്ലശ്ശേരി പള്ളിയും അതിന്റെ വ്യത്യസ്തതകളോടെ തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്.
അക്കാലത്ത് ചേരമാൻ പെരുമാൾ രാജാക്കന്മാരുടെ മുസിരിസ്സ് പട്ടണമായ കൊടുങ്ങല്ലൂരിന് മഹോദേവ നഗരം അഥവാ മകോദേവ നഗരം എന്നൊരു പേരുള്ളതായും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ മുല്ലശ്ശേരി പരിസരങ്ങൾ ആതങ്കപട്ടണം എന്നറിയപ്പെട്ടിരുന്നു. മഹോദേവനഗരത്തിന്റെ വടക്കൻ പ്രദേശങ്ങളായിരുന്നു ആതങ്കപട്ടണം അലങ്കരിച്ചിരുന്നത്. അങ്ങനെയായിരിക്കണം വടക്കൻ പുതുക്കാട് എന്ന സ്ഥലനാമം ഉണ്ടായതെന്നും വേണമെങ്കിൽ അനുമാനിക്കാം.
എന്തായാലും ഏനാമ്മാവ് ഉൾപ്പെട്ടിരുന്ന വടക്കൻ പ്രദേശങ്ങൾ അന്ന് ആതങ്കപട്ടണത്തിന്റെ ഭാഗയിരുന്നുവത്രെ. ഏനാമ്മാവിലെ മാതാവിന്റെ പ്രതിഷ്ടയിൽ പിന്നെയാണ് ആതങ്കപട്ടണത്തിന്റെ ഈ പ്രദേശം ഏനാമ്മാവ് ആയതെന്നും പറയപ്പെടുന്നു. തമിഴ് ഭാഷക്ക് പ്രാമുഖ്യമുണ്ടായിരുന്ന കൊടുന്തമിഴ് ആയിരുന്നു അന്നത്തെ ഇവിടങ്ങളിലെ സംസാരഭാഷ. അങ്ങനെ ഭക്തരുടെ എൻ അമ്മാവ് (മലയാളത്തിൽ എന്റെ അമ്മ) എന്ന തമിഴ് ശീലിൽനിന്നാണ് ഏനാമ്മാവ് ഉത്ഭവിച്ചതെന്നാണ് പറയപ്പെടുന്നത്. ഇതൊരു കായൽ കര ആയതുകൊണ്ട് ഏനാമാക്കൽ എന്നൊരു ഭാഷ്യവും അന്നും ഇന്നും പ്രയോഗത്തിലുണ്ട്.
ചേരമാൻ പെരുമാൾ രാജാക്കന്മാരുടെ കാലത്ത് ക്രിസ്ത്യാനികൾക്ക് ബ്രാഹ്മണപദവി അനുവദിച്ചുകൊടുത്തിരുന്നതായാണ് പറയപ്പെടുന്നത്. ബ്രാഹ്മണരുടെ പാത്രങ്ങളും മറ്റു പൂജാ സാധനസാമഗ്രികളും അക്കാലത്ത് തൊട്ടുശുദ്ധമാക്കിയിരുന്നത് ക്രസ്ത്യനികളായിരുന്നുവത്രെ. അതിൻ ഫലമായി ഏനാമ്മാവ് പരിസരത്തെ പയ്യൂർ മനയിലെ അത്തരം ശുദ്ധികർമ്മങ്ങൾ നടത്തിയിരുന്നത് മറിയം എന്നൊരു ക്രിസ്ത്യാനി സ്ത്രീയായിരുന്നുവെന്നും പറയപ്പെടുന്നു.
മറിയത്തിന്റെ പ്രാർത്ഥനാകാര്യങ്ങൾക്കായി ദൂരെയുള്ള പള്ളികളെ ആശ്രയിച്ചിരുന്നതിനാൽ ബ്രാഹ്മണരുടെ ശുദ്ധീകരണ പ്രക്രിയകൾ വേണ്ടും വിധം കൃത്യമായി നടക്കാതായി. അങ്ങനെയാണ് മറിയത്തിനായി പയ്യൂർ മനയുടെ തെക്കുഭാഗത്തായി ഒരു പ്രാർത്ഥനാലയം പണിയാൻ അനുമതിയായത്. അതത്രെ ഇന്ന് പരിശുദ്ധ മാതാവിന്റെ പ്രതിഷ്ടയിലുള്ള ഏനാമ്മാവ് പള്ളിയുടെ ആദ്യ ദേവാലയരൂപം. അതേസമയം മറിയത്തിന്റെ ഈ പ്രാർത്ഥനാലയത്തിൽ അക്കാലത്ത് ദിവ്യബലി അർപ്പിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അതിന്നായുള്ള ശ്രമങ്ങൾ അന്നത്തെ ക്രിസ്ത്യൻ പ്രമാണിമാർ തുടർന്നുകൊണ്ടേയിരുന്നു.
അക്കാലത്ത് മലങ്കര മഹാ ഇടവക വാണിരുന്നത് പ്രോത്ത്ബാവയായിരുന്നു. പ്രോത്ത്ബാവയുടെ പ്രതിനിധിയായ ബർണബാസ് തിരുമേനി അങ്കമാലിയിൽ നിന്ന് ഏനാമ്മാവ് പ്രദേശവും മറിയത്തിന്റെ പ്രാർത്ഥനാലയവും സന്ദർശിക്കാൻ എത്തുകയുണ്ടായി. അതിൻഫലമായി തിരുമേനി, പൂർണ്ണാർത്ഥത്തിലുള്ള ഒരു ക്രിസ്ത്യൻ പള്ളി പണിയാനുള്ള അനുമതി കൊടുത്തതായും പറയപ്പെടുന്നു.
അങ്ങനെയാണ് മാർത്തോമ കുരിശിന്റെ തലയെടുപ്പിൽ മാതാവിന്റെ എണ്ണഛായാചിത്രവുമായി എ.ഡി. 500-ാം ആണ്ടിൽ ഏനാമ്മാവ് പള്ളി ഉണ്ടായതെന്നും ക്രിസ്ത്യൻ രേഖകൾ അവകാശപ്പെടുന്നു. അക്കാലത്ത് ഓല മേഞ്ഞതും മുളം തട്ടിക കൊണ്ട് മറച്ചതുമായ ഒരു ഒറ്റമോന്തായ നിർമ്മിതിയായിരുന്നു ഏനാമ്മാവ് പള്ളി.
പിന്നീട് പലകുറി പൊളിച്ചുപണിത ഈ പള്ളിക്ക്, കാവുകളോട് സാദൃശ്യമുള്ള സമചതുര ക്ഷേത്ര വാസ്തു സങ്കേതമാണ് അവലംബിച്ചിരുന്നത്. ഓട് മേഞ്ഞ ഈ നിർമ്മിതിയുടെ ക്ഷേത്രവാസ്തു കലാചാതുരിയും പെരുന്തച്ഛന്മാർ മരത്തിലെഴുതിയ കാവ്യശില്പഭംഗിയും ചേതോഹരമാണ്. ഈ പള്ളിയുടെ മൊഞ്ചുള്ള മരമോന്തായവും മേലാപ്പും ഗോവണികളും, ചെമ്പിലും പിച്ചളയിലും തീർത്ത അലങ്കാരവാതിലുകളും ഇന്നും നമ്മേ സ്വീകരിക്കാനൊരുങ്ങി നില്ക്കുമ്പോൾ നാം അത്ഭുതസ്കബ്ദരാവുന്നു..
പൌരാണികതയുടെ ഇലഛായമെഴുതിയ നിറക്കൂട്ടുകളുടെ മേലാപ്പിൽ ആ പള്ളി ഇപ്പോഴും ഇവിടെ പുനർജനിക്കുന്നുണ്ട്. സുവിശേഷ തത്ത്വചിന്തയുടെ ത്രീത്വത്തിന്റെ തൃക്കണ്ണുമായി ആ പള്ളിയുടെ സക്രാരി നമ്മേ ഭക്തിയുടെ ദർശന ലഹരിയിലേക്ക് കൊണ്ടുപോകുന്നുണ്ട്. ചെങ്കല്ലും സുർക്കിയും ഉരുപ്പടികളുമായിരുന്നു നിർമ്മിതിക്ക് ഉപയോഗിച്ചതെങ്കിലും ഈ പള്ളി ഇന്നും കാലത്തെ അതിജീവിച്ചും മറ്റു പരിഷ്കാര നിർമ്മിതികളെ നാണംകെടുത്തിയും തല ഉയർത്തിനില്ക്കുന്നു.
ഏനാമാവ് പള്ളി സ്ഥാപിതമായതിനുശേഷം ഈ പ്രദേശത്തേക്കുള്ള ക്രിസ്ത്യാനികളുടെ കുടിയേറ്റക്കാലമായിരുന്നു. ഭക്തരുടെ എണ്ണം കൂടിയതോടെ പള്ളിയുടെ വിസ്തൃതി ഒരു പരിമിതിയായി വളർന്നു. പതിവുപോലെ തർക്കങ്ങൾക്കും പടലപിണക്കങ്ങൾക്കും ഒടുവിൽ ഈ പള്ളി നാലുവട്ടം പുതുക്കപ്പെടുകയായിരുന്നു.
നാലാം വട്ട പുതുക്കലിലും നഷ്ടപ്പെടാത്ത പൌരാണിക ചാരുതയോടെയും ഗരിമയോടെയും പഴയ ഏനാമ്മാവ് പള്ളി പ്രൌഡ ഗംഭീരമായി ഇപ്പോഴത്തെ പള്ളിയുടെ പിൻബലമായി ഭൂതകാല ഓർമ്മകളിലെ പൌരാണിക ശില്പം പോലെ ഇന്നും പരിലസിക്കുന്നുണ്ട്.
ഏറ്റവുമൊടുവിൽ 2016-മെയ് മാസത്തിലാണ് ഇപ്പോൾ കാണുന്ന പുതിയ പള്ളി ഉണ്ടാവുന്നത്. തൃശൂർ രൂപതാ ബിഷപ്പ് ആന്ഡ്രൂസ് താഴത്താണ് ഏനാമ്മാവ് പള്ളിയുടെ ഏറ്റവും പരിഷ്കൃതമായ പുതിയ രൂപം ആശിർവദിച്ചത്. അൽമായർ എഴുതിയ ബൈബിൾ കൂടി പ്രതിഷ്ടിച്ച ഈ പള്ളി ക്രൈസ്തവവിശ്വാസത്തിന്റെ ഏറ്റവും പുതിയ വിശ്വാസപ്രഖ്യാപനവും നടത്തുന്നുണ്ട്. പഴയ പള്ളിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മരത്തിന്റെ ക്രൂശിതരൂപം തന്നെയാണ് പുതിയ പള്ളിയിൽ മുഖ്യമായി പ്രതിഷ്ഠിച്ചതെങ്കിലും പൌരാണികതയുടെ പല അടയാള ശില്പങ്ങളും പുതിയ പള്ളിയിലേക്ക് പാകപ്പെടുത്താനായില്ല, പകർത്തപ്പെടാനുമായില്ല, എന്നത് വേദനാപൂർവ്വം ഓർമ്മിപ്പിക്കട്ടെ.
പഴയ പള്ളിയിലെ നൂറ്റാണ്ടിന്റെ കഥ മൊഴിയുന്ന ചില മരത്തടികൾ ഉപയോഗപ്പെടുത്തിയതായി കാണുന്നുണ്ട്. കൂടാതെ പഴയ പള്ളിയുടെ അവസാന കാലഘട്ടത്തിൽ സ്ഥാപിതമായ ജർമ്മൻ നിർമ്മിതമായ പള്ളിമണിയും ഇപ്പോഴും ഏനാമ്മാവ് പള്ളി മുഴക്കുന്നുണ്ട്..
ചരിത്രാവശേഷിപ്പുകളിൽ പലതും രൂപതയുടെ ചരിത്ര മ്യൂസിയത്തിലേക്ക് മുതൽ കൂട്ടുകയാണുണ്ടായത്. പഴയ പള്ളിയുടെ നാമമാത്രമായ തിരുശേഷിപ്പുകൾ ഇവിടെ ഇപ്പോഴും പരിഷ്കൃതമായ അവസ്ഥയിൽ സംരക്ഷിക്കപ്പെട്ടുപോരുന്നു.
പഴയ ചെങ്കല്ലുകളുടെ ചെങ്കണ്ണൊഴുക്കുന്ന കണ്ണീരും ഭൂതകാലത്തിലേക്ക് തുറിച്ചുനോക്കുന്ന ഒരു മുതലയുടെ കണ്ണീരും നമുക്ക് ഇന്ന് ഏനാമ്മാവ് പള്ളിയിൽ കാണാം. ആ അസ്വസ്ഥതയിൽ ഈ പള്ളി സന്ദർശനം പൂർത്തിയാക്കുമ്പോഴത്തെ ഒരു വേദനയും നമുക്ക് ധ്യാനനിരതമായി അനുഭവിക്കേണ്ടിവരുന്നു.