മൂന്നാറിന്റെ മാതൃകാ കൊമ്പൻ

മൂന്നാറിന്റെ മാതൃകാ കൊമ്പൻ
09 Mar 2023

മൂന്നാർ കാണാത്ത മലയാളികൾ കുറവായിരിക്കും. തിരക്കിൽ നിന്ന് ഒഴിഞ്ഞ് ഒരു ദിവസം കയ്യിൽ കിട്ടിയാൽ എല്ലാവരും പോകുന്നത് മൂന്നാറിലേക്കായിരിക്കും.

നിറയേ പച്ചവിരിപ്പിട്ട കുന്നുകൾ…പച്ചയുടെ നിറഭേദങ്ങളിൽ ലഹരിയുടെ കുളിർ പെയ്യുന്ന തേയില തോട്ടങ്ങൾ…കൊച്ചുകൊച്ചു അരുവികൾ… ആറുകൾ…. ഡാമുകൾ…..വലുതല്ലാത്ത വെള്ളച്ചാട്ടങ്ങൾ…പിന്നെ പ്രകൃതിയെ കാണിച്ചുതരുന്ന അനവധിയോളം കാഴ്ചാകേന്ദ്രങ്ങൾ…പിന്നെയും പിന്നെ മൂന്നാറിനുമാത്രം സ്വന്തമായ മറ്റു വന്യഹരിതാഭമായ കാഴ്ചകളും…

എന്നാൽ നമ്മുടെ കാഴ്ചകൾ മൂന്നാറിന്റെ മാറിടങ്ങളിൽ അഴുക്കിന്റെയും വിഴുപ്പിന്റെയും നഖക്ഷതങ്ങളാവുന്നത് നാമറിയുന്നില്ല. അങ്ങനെ നാമൊക്കെ പീഡിപ്പിച്ച മൂന്നാറിന്റെ നിശ്ശബ്ദമായ തേങ്ങലുകൾ കേൾക്കുന്ന ഒരിടമുണ്ട് മൂന്നാറിൽ. മൂന്നാർ കാണാൻ പോകുന്നവരും കണ്ടുമടങ്ങുന്നവരും പക്ഷേ അപൂർവ്വമായേ ഈ ഇടം കാണാറുള്ളൂ. കാരണം, ഇവിടം കാണുമ്പോൾ കുറ്റബോധം കൊണ്ട് നമ്മുടെയൊക്കെ ഉള്ളിടങ്ങളിൽ ചെയ്തുപോയ മഹാപാപത്തെ ഓർത്ത് പശ്ചാത്താപമുണ്ടാവാം. ഒരുപക്ഷേ നാം ലജ്ജിച്ച് തല താഴ്ത്തുകയുമാവാം.

മൂന്നാർ കൺകുളിർക്കെ കണ്ടുമടങ്ങുമ്പോഴാണ് ഞാൻ ഈ പശ്ചാത്താപത്തിന്റെ ഉദ്യാനം കണ്ടത്. വണ്ടി ഓടിച്ചിരുന്ന റൊണാൾഡിനോട് വണ്ടി നിർത്താൻ പറഞ്ഞു. അവന് അത് ഇഷ്ടപ്പെട്ടില്ല. മനം നിറയെ മൂന്നാർ കണ്ടുമടങ്ങുന്നവർ ആരെങ്കിലും ആരും ശ്രദ്ധിക്കാനിടയില്ലാത്ത ഈ കൊച്ചു ഉദ്യാനം കാണ്ടാൽ വണ്ടി നിർത്തുമോ എന്ന് അവൻ ചിന്തിച്ചിരിക്കണം. എന്തായാലും മനമില്ലാമനസ്സോടെ അവൻ വണ്ടിയൊതുക്കി.

ആദ്യം ശ്രദ്ധയിൽ പെട്ടത് ഒരു കൂറ്റൻ ആനയായിരുന്നു. ലക്ഷണമൊത്ത ഒരു കൊമ്പൻ. ഏതോ സ്ഫടികനിർമ്മിതിയാണെന്നാണ് ആദ്യം തോന്നിയത്. പിന്നെ കൊമ്പന് സമീപത്തൊരു കാട്ടുപോത്തും കുറച്ചകലെ മാറി ഒരു മാനും. പിന്നേയും എന്തൊക്കെയോ ശില്പനിർമ്മിതികളുണ്ടിവിടെ.

ക്യാമറ സൂക്ഷ്മത്തിലേക്ക് പോയപ്പോഴാണ് മനസ്സിലായത് അതൊരു ബോധവൽകൃത ബിംബമാണെന്ന്. നാമൊക്കെ മൂന്നാറിന്റെ ഇളംമാറിൽ ഉപേക്ഷിച്ച ആയിരക്കണക്കിന് പ്ലാസ്റ്റിക്ക് കുപ്പികളാൽ നിർമ്മിച്ചതായിരുന്നു ആ കൊമ്പനാന. മൂന്നാർ പഞ്ചായത്തിനുവേണ്ടി രാജീവ് ചെല്ലാനം എന്ന ശില്പിയാണ് സാമൂഹ്യപ്രതിബദ്ധതയെ വിളംബരം നടത്തുന്ന ഈ ഉദ്യാനം നാടിന് സമർപ്പിച്ചത്.

പ്രകൃതിയെ ആവോളം ഒപ്പിയെടുത്ത എന്റെ ക്യാമറ നനഞ്ഞ കണ്ണുകളോടെ ആയിരിക്കണം ഈ ശില്പങ്ങളിലൂടെ ഇഴഞ്ഞുനീങ്ങിയത്. ഈ കാട്ടുപോത്തിനെ കണ്ടുവോ. നമ്മളിൽ പലരും തെരുവിലെവിടേയോ ഉപേക്ഷിച്ചുപോയ വീട്ടിലേയും വാഹനങ്ങളിലേയും സ്പോഞ്ചും പ്ലാസ്റ്റിക്കും കൂടിക്കലർന്ന അപ്ഹോൾസ്റ്ററി മാലിന്യം കൊണ്ടാണ് ശില്പി ഈ കാട്ടുപോത്തിനെ ശില്പമായി വിളക്കിയിണക്കി നിർമ്മിച്ചത്. ഈ മാനും അങ്ങനെ തന്നെ.

ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്രത്തെ ഓർമ്മപ്പെടുത്തുന്ന ഈ കൽക്കരി തീവണ്ടി ശില്പം ഉണ്ടായതും നമ്മുടെ നന്ദികേടിൽ നിന്നാണ്. നമ്മൾ  പ്രകൃതിരമണീയമായ ഈ മൂന്നാറിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് വാട്ടർ ടാങ്കുകളും വാഷിങ്ങ് മെഷിനും മറ്റ് അനുബന്ധ പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടും ഉണ്ടാക്കിയതാണ് ഈ പഴയ കരിവണ്ടി. പിന്നേയും പിന്നേയും നാം ഉപേക്ഷിച്ച ആക്രികളിൽ നിന്നാണ് ഈ അത്യന്താധുനിക മോഡേൺ ശില്പമുണ്ടായത്. അവിടെയും തീർന്നില്ല പ്രകൃതിയോട് നാം കാണിച്ച നന്ദികേട്. ഈ ഇരിപ്പിടങ്ങൾ കണ്ടുവോ…..ഈ വഴിയിൽ പാകിയ ടൈലുകൾ കണ്ടുവോ…അതും നിർമ്മിച്ചത് നാം ഈ ഭൂമിയിലേക്ക് നിർദയം നിഷ്കരുണം വലിച്ചെറിഞ്ഞ, നാമുരുട്ടിയ വാഹനങ്ങളുടെ ടയറുകൾ കൊണ്ടാണ്.

അപ്സൈക്കിൾഡ് ഗാർഡൻ എന്നാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്. എന്നുവച്ചാൽ സംസ്കാരമുണ്ടെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന മനുഷ്യർ ഈ പാവം ഭൂമിയിലേക്ക് ഉപേക്ഷിക്കുന്ന മാലിന്യം കൊണ്ട് നിർമ്മിക്കുന്ന ഉദ്യാനം. ഈയൊരു ആശയം ലോകം മുഴുവനും ഉണ്ട്. പക്ഷേ കേരളത്തിൽ ഈ മഹത്തായ ആശയം കൊണ്ടുവന്നത് മൂന്നാറിനെ സ്നേഹിക്കുന്ന മൂന്നാറിലെ പരിസ്ഥിതി സ്നേഹികളാണ്, ആക്ടിവിസ്റ്റുകളാണ്. അവർക്ക് പ്രോത്സാഹനം കൊടുത്ത മൂന്നാർ പഞ്ചായത്തിന് അഭിവാദ്യങ്ങൾ.

ഇത്തരം ഉദ്യാനങ്ങൾ ഈ ഭൂമിയിൽ ഉടനീളം ഉണ്ടാവണം. പ്രകൃതിയെ അപമാനിക്കുന്ന, മാനഭംഗം ചെയ്യുന്ന മനുഷ്യരുള്ളിടത്തൊക്കെ ഇത്തരം ഉദ്യാനങ്ങൾ നിർമ്മിക്കണം. അവർക്കുള്ള ഗുണപാഠമായി അപായസൂചനകളായി ഇത്തരം ഉദ്യാനങ്ങൾ നിലനിൽക്കണം. വീഡിയോ കാണാൻ https://youtu.be/IgjiKME_sqk

നാം വീണ്ടം വീണ്ടും ഈ പാലങ്ങളിറങ്ങും….പച്ചപ്പിന്റെ ഉയരങ്ങളിലേക്ക് വാഹനങ്ങളോടിക്കും….മനോഹരമായി ഈ വഴികൾ താണ്ടുമ്പോൾ നാം ഇനിയും കുപ്പികൾ കുടിച്ചുതീർക്കും…..ഒഴിഞ്ഞ കുപ്പികൾ നാമിങ്ങനെ ഈ സ്വർഗ്ഗഭൂമിയിൽ വലിച്ചെറിഞ്ഞുകൊണ്ടേയിരിക്കും…..നാം നമ്മിൽ നിന്ന് നമ്മുടെ മാലിന്യങ്ങൾ നമ്മുടെ ഭൂമിയിലേക്കുതന്നെ ഉപേക്ഷിച്ചുകൊണ്ടിരിക്കും….

അപ്പോഴും കുറേ നല്ല മനുഷ്യർ അതൊക്കെ പെറുക്കിക്കൂട്ടി ഇങ്ങനെ ഉദ്യാനങ്ങൾ തീർക്കും, നമ്മേ പഠിപ്പിക്കാനും നമ്മുടെ തെറ്റുകളെ ഓർമ്മിപ്പിക്കാനും. പക്ഷേ അപ്പോഴും നാം ഈ ഉദ്യാനങ്ങളിൽ വന്ന് സെൽഫിയെടുക്കും. നമ്മുടെ മാലിന്യങ്ങൾ ഇവിടെ തന്നെ ഉപേക്ഷിക്കും. വീണ്ടും വീണ്ടും ഇത്തരത്തിലുള്ള ഉദ്യാനങ്ങൾ പിറക്കും. അവസാനം ഇത്തരം ഉദ്യാനങ്ങളുടെ ഒരു ഉദ്യാനമാവാതിരിക്കട്ടെ ഈ ഭൂമി എന്ന് നമുക്ക് ഓരോരുത്തർക്കും പ്രത്യാശിക്കാം.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *