കൊളുക്കുമലയിലെ അത്ഭുതങ്ങൾ

കൊളുക്കുമലയിലെ അത്ഭുതങ്ങൾ
09 Mar 2023

ഇതാണ് നേര്യമംഗലം പാലം. ഞാൻ മൂന്നാറിലേക്കുള്ള യാത്രയിലാണ്. ഇതൊരു കന്നിയാത്രയൊന്നുമല്ല. സാധാരണ സഞ്ചാരികളെ പോലെ ഒരു ദിവസം കയ്യിൽ മിച്ചം കിട്ടിയാൽ എല്ലാവരും പോകുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ.

അടിമാലിയുടെ അടിക്കാടുകളും അടിവാരങ്ങളും കടന്ന് കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും കണ്ട് വഴിയരികിലെ വാനരന്മാരോട് കിന്നാരം പറഞ്ഞ് വാഹനങ്ങൾ ഇളം തണുപ്പിലൂടെ ഇഴഞ്ഞെത്തുന്നത് മൂന്നാറിലായിരിക്കും.

പിന്നെ മൂന്നാർ ടോപ് സ്റ്റേഷനും കണ്ട് ഇരവികുളത്തെ വരയാടുകളേയും കണ്ട് തേയില തോട്ടങ്ങളെ തൊട്ടും തൊടാതേയും ഓടിയെത്തുന്നത് ഇക്കോ പോയിന്റിലൊ റോസ് ഗാർഡനിലോ തടാകക്കരയിലോ വെള്ളച്ചാട്ട പരിസരങ്ങളിലോ ആയിരിക്കും. അങ്ങനെ മൂന്നാർ മുഴുവനും കണ്ടുവെന്ന അഹങ്കാരത്തിൽ നാം കുറേ സെൽഫികളുമായി വീണ്ടും നേര്യമംഗലം പാലമിറങ്ങും.

ദൃശ്യചാരുതയുള്ള തേയില തോട്ടങ്ങളിലൂടേയും താഴ്വാരങ്ങളിലൂടേയും കുന്നിൻ ചെരിവുകളിലൂടേയും നാമങ്ങനെ കടന്നുപോകുമ്പോൾ വ്യൂ പോയിന്റുകൾ അഥവാ കാഴ്ചാ കേന്ദങ്ങൾ കാണാം. അവിടങ്ങളിൽ കൊച്ചുകൊച്ചു കച്ചവടസ്ഥലികൾ കാണാം. ഇളനീരിറക്കാം, കടല കൊറിക്കാം, ചുടുചായ മോന്താം. സെൽഫികളോട് മത്സരിക്കാൻ അവിടവിടെ ഫോട്ടോഗ്രാഫർമാരെ കാണാം. അവർ നിങ്ങൾക്ക് പ്രണയാർദ്രമായ കൊളുന്തു നുള്ളുന്നതിന്റെ കോൾമയിർ ചിത്രങ്ങളെടുത്തു തരും.

പക്ഷേ ഇതൊന്നുമല്ല മൂന്നാർ എന്നത് ഞാൻ മനസ്സിലാക്കുന്നത് ഇപ്പോഴാണ്. അതായത് ഏകദേശം ഒരു ഡസൻ തവണയെങ്കിലും മൂന്നാർ സന്ദർശിച്ചതിനുശേഷം. അതങ്ങനെയാണ് നാം പലപ്പോഴും വിനോദസഞ്ചാര പര്യവേക്ഷണങ്ങൾ നടത്തുന്നില്ല. മൂന്നാറിന്റെ കഥയും അതാണ്. മൂന്നാറിൽ നിന്ന് പിന്നേയും കുറേ സഞ്ചരിച്ചാൽ നമുക്ക് സൂര്യനെല്ലിയിൽ എത്താം. പിന്നേയും മുകളിലേക്ക് പോയാൽ സൂര്യൻ വന്നുപോകുന്ന ഒരു മല കാണാം. ആ മലയാണ് ഞാൻ നിങ്ങളെ കാണിക്കുന്നത്. ഞാൻ കണ്ടെത്തിയ നാം പലരും കാണാതെ പോയ കൊളുക്കുമല. കൊളുക്കുമലയുടെ ഉയരങ്ങളിലെ ഉദയാസ്തമന സൂര്യനോടൊപ്പം സീറ്റി സ്കാൻ. വീഡിയോ കാണാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. https://youtu.be/BosaUxZl4nI

സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 7200 അടി ഉയരത്തിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. ഈ മലകളിലേക്ക് നമ്മുടെ വാഹനങ്ങൾ പോവില്ല. അതിന് ജീപ്പുകൾ തന്നെ വേണം. അതോടിക്കാൻ കഴിവുള്ള സാഹസികരായ ഡ്രൈവർമാരും. 2500 മുതൽ 4000 രൂപ വരെ ജീപ്പ് വാടക കൊടുക്കണം ഇപ്പറഞ്ഞ ഉദയാസ്തമന ഉയരങ്ങളിലെത്താൻ. നാലുപേരുണ്ടെങ്കിൽ ഈ തുക ഷെയർ ചെയ്തെടുക്കാം. അങ്ങനെ എനിക്ക് കിട്ടിയ സുഹൃത്തുക്കളാണ് മഹാരാഷ്ട്രയിൽ നിന്നുള്ള പ്രേമും അയർലണ്ടിലുള്ള മോനുവും.

മോനുവിന്റെ വേരുകൾ ഇന്ത്യയിലാണ്. കൃത്യമായി പറഞ്ഞാൽ രാജസ്ഥാനിലാണ്. മോനുവിന്റെ ശാഖകളും ഇലകളും പൂക്കളും കായ്കളും അയർലണ്ടിലാണ്. പ്രേം മഹാരാഷ്ട്രയിൽ ബീകോം വിദ്യാർത്ഥിയാണ്. മോനു പക്ഷേ സാഹസികനായ സഞ്ചാരിയാണ്. ഫോട്ടോഗ്രാഫറാണ്. ഡ്രോൺ ഫോട്ടാഗ്രാഫിയിൽ വിദഗ്ദനാണ്. ഞങ്ങൾ രണ്ടുദിവസം മോനുവിന്റെ ഡ്രോണിനൊപ്പം പറന്നുല്ലസിച്ചു.

ഞങ്ങൾ കൊളുക്കുമലയിൽ എത്തുന്നത് ഏതാണ്ട് ഉച്ചയ്ക്കാണ്. പരിസരക്കാഴ്ചകൾക്കുശേഷം ഞങ്ങൾ പിന്നെ പോയത് സൂര്യാസ്തമനം കാണാനാണ്. അതിന് മലമുകളിലെത്തണം. റോഡില്ല, ഓഫ് റോഡാണ്. ജീപ്പ് തന്നെ ശരണം. പാണ്ഡിയണ്ണന്റെ ജീപ്പാണ്. പാണ്ഡിയണ്ണന്റെ കയ്യിൽ ജീപ്പ് ഒരു കളിപ്പാട്ടമായി. ഞങ്ങൾക്കുള്ളിലെ കിളികളെല്ലാം പറന്നുപോയി. അങ്ങനെ ജീപ്പ് ഒരിടത്ത് നിന്നു. ഇനി സാഹസികമായി കാട്ടിലൂടെ നടക്കണം. ഞങ്ങളിൽ പലരും ഇടക്ക് വീണും എണീറ്റുമാണ് ആ അസ്തമനപാറയിലെത്തിയത്. അതിമനോഹരമായ കാഴ്ചാനുഭൂതിയായിരുന്നു ആ അസ്തമന കാഴ്ച.

അസ്തമനപാറയിറങ്ങി ജീപ്പ് താഴ്വാരങ്ങളിലെത്തിയപ്പോൾ മോനുവിന്റെ ഡ്രോണുകൾ മൂന്നാർ മുഴുവനും പറന്നുകളിച്ചു. തേയിലത്തോട്ടങ്ങളും കുന്നുകളും താഴ്വാരങ്ങളും മോനുവിന്റെ ഡ്രോണുകൾ ഒപ്പിയെടുത്തു. അതത്രയും കണ്ട് ഞങ്ങൾ മൂന്നാറിൽ മേഞ്ഞുനടന്നു. ഇനി നാളെ ആ കാണുന്ന മലയിലെത്തണം. സൂര്യോദയം കാണാൻ. സാക്ഷാൽ കൊളുക്കുമലയിൽ. 7200 അടി ഉയരത്തിലാണ് കൊളുക്കുമല. ഉയരങ്ങളുടെ ലഹരിയുള്ള ചായ പകരുന്ന സാക്ഷാൽ കൊളുക്കുമല.

കൊളുക്കുമലനിരകളെ സാക്ഷി നിർത്തി മോനു നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് ഡ്രോണുകൾ പറത്തി. മോനുവിന്റെ ഡ്രോണുകൾക്കൊപ്പം ഞങ്ങളും പറന്നുപൊങ്ങി. ചന്ദനുദിച്ചുനിന്ന കൊളുക്കുമലയുടെ വിരിമാറിലൂടെ നാഡിഞരമ്പുകളിയൂടെ മോനുവിന്റെ ഡ്രോണുകൾ ഒഴുകിയിറങ്ങുകയും പൊങ്ങുകയും ചെയ്തു. ഡ്രോണുകളുടെ ആരോഹണാവരോഹണങ്ങളിൽ കൊളുക്കുമലനിരകൾ മോനുവിന്റെ ക്യാമറകളിൽ പകർക്കപ്പെട്ടു. കൊളുക്കുമലയും കൊളുക്കുമലയിലെ കടുവാപാറയും സൂര്യനെ ചുമലിലും ചണ്ടിലും അണിയിച്ചു. സഞ്ചാരികൾ ആ കോടമഞ്ഞിലും കാഴ്ചയിലും രോമാഞ്ചമണിഞ്ഞ് ആരവങ്ങളായി. പ്രണയജോഡികളും മിഥുനങ്ങളും ആശ്ലേഷിച്ച് ചൂടുള്ള ചംബനങ്ങൾ പങ്കുവച്ചു. സെൽഫികൾ രോമാഞ്ചമായി.

കൊളുക്കുമല പകർന്നുതന്ന വിസ്മയങ്ങളിലും വേർപ്പാടിന്റെ നൊമ്പരങ്ങളിലും ഞങ്ങൾ മലയിറങ്ങി. ജീപ്പ് ഡ്രൈവർ ജോൺ ഞങ്ങളിലൊരാളായി, അയാൾ അയാളുടെ പ്രാരാബ്ദങ്ങൾ പങ്കുവച്ചു. ജീവൻ പണയപ്പെടുത്തിയുള്ള ആ ജോലി ചെയ്ത് കിട്ടുന്നതിൽ നിന്ന് ഹാരിസൺ തോട്ടം മുതലാളിയും വനം വകുപ്പും പിന്നെ പഞ്ചായത്തും അവരുടെ വിഹിതം പിടിച്ചുപറിക്കും പിന്നെ ഡ്രൈവർക്ക് കിട്ടുന്നത് കുമ്പിളിലെ കഞ്ഞി തന്നെ.

കൊളുക്കുമലകളിറങ്ങവേ മോനുവിന്റെ ഡ്രോണുകൾ പിന്നേയും പിന്നേയും ആ താഴ്വാരങ്ങളിൽ പറന്നുകളിച്ചു. കൊളുന്തു നുള്ളുന്ന പെണ്ണുങ്ങളും തേയിലകളും മനുഷ്യരും അവരുടെ ഭൂസ്ഥലികളും സ്വപ്നങ്ങളും ഡ്രോണുകൾക്ക് ഉത്സവമായി.

ഞാൻ പലപ്പോഴായി കഴിക്കുന്ന ഗ്രീൻ ടിയുടെ ഗന്ധമന്വേഷിച്ച് ഞാൻ ആ തേയിലക്കാടുകളിലൂടെ ഒഴുകിനടന്നു. കൊളുന്തു നുള്ളുന്നവരുടെ രോദനവും കേട്ടു. ഒപ്പം അവരുടെ മടിശ്ശീലകളിലേക്ക് തലയരിഞ്ഞിടുന്ന തേയിലകളുടെ തേങ്ങലും. എന്നോടൊപ്പം മൂന്നാറിനെ നുകർന്നും കവർന്നും മോനുവിന്റെ ഡ്രോണുകൾ, മൂന്നാർ ഓർമ്മകളുടെ ഛായാചിത്രങ്ങളുമായി മോനുവിലേക്കുതന്നെ പറന്നണഞ്ഞു. അപ്പോഴും ഞങ്ങൾ കൊളുക്കുമലയുടെ ഉയരങ്ങളിലെ ഉദയാസ്തമന സൂര്യനോടൊപ്പം തന്നെയായിരുന്നു.  വീഡിയോ കാണാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. https://youtu.be/BosaUxZl4nI

Share

ct william

Leave a Reply

Your email address will not be published. Required fields are marked *