അദ്വൈതാശ്രമ വിചാരങ്ങൾ

അദ്വൈതാശ്രമ വിചാരങ്ങൾ
13 Oct 2022

പ്രപഞ്ചസത്യാ-സത്ത-തത്ത്വങ്ങളെ അന്വേഷിക്കുന്നവരുടേയും ഗവേഷണം നടത്തുന്നവരുടേയും എണ്ണം എക്കാലത്തും തുടർന്നുകൊണ്ടിരിക്കും. അവർ ഏകത്വ-അനേകത്വ-ബഹുത്വ-ദ്വൈത ഭാവങ്ങളിൽ ഇങ്ങനെ അലയടിച്ചുകൊണ്ടിരിക്കും. അപ്പോഴും ഒരു കൂട്ടർ അദ്വൈതത്തിന്റെ പൊരുളിൽ അടിയുറച്ചുനിന്നുകൊണ്ട് ആത്മപ്രകാശം പരത്തിക്കൊണ്ടിരിക്കും. അവർ ഏകമോ അനേകമോ ഭാവങ്ങളിൽ തടഞ്ഞുനില്ക്കാതെ അഗോചരവും അലക്ഷണവുമായ തലങ്ങളിൽ അദ്വൈതത്തെ ദർശിച്ചുകൊണ്ടേയിരിക്കും. ഇതാണ് അദ്വൈതദർശനത്തിന്റെ രത്നച്ചുരുക്കം.

പാശ്ചാത്യരും പൌരസ്ത്യരും വിഭിന്നങ്ങളായ ഏകത്വ-അനേകത്വ-ബഹുത്വ-ദ്വൈത ഭാവതലങ്ങളിൽ ഇതൊക്കെ സമർത്ഥിച്ചും നിരാകരിച്ചും അന്വേഷണം തുടരുമ്പോഴും, അദ്വൈതവാദത്തിന്റെ അവസാനവാക്കായി ആദിശങ്കരന്റെ  ആത്മാദ്വൈതവാദം ഈ പ്രപഞ്ചത്തിന്റെ നെറുകേയിൽ നിലയുറപ്പിച്ചിരുന്നു. അങ്ങനെ അദ്വൈതം, ഋഗ്വേദത്തിന്റെ അസ്ഥിബലത്തിലും ഉപനിഷത്തിന്റെ പൂർണ്ണസ്ഥായിയിലും ഉയിർകൊണ്ട് ആദിശങ്കരഭാഷ്യത്തിൽ തത്ത്വമസിയായി സ്ഥിരപ്രതിഷ്ഠയായി. ശങ്കരകൃതികളിലൂടെ അവതരിപ്പിക്കപ്പെട്ട അദ്വൈതം പിന്നീട് ഭാരതത്തിന്റെ നാലുദിക്കുകളിലും ശാങ്കരമഠങ്ങൾ സ്ഥാപിച്ചുകൊണ്ട് ആദിശങ്കരൻ തന്നെ ലോകത്തിന്റെ പ്രകാശഗോപുരമായി.

ആദിശങ്കരന്റെ പിറവികൊണ്ടുകൂടി പുണ്യതീർത്ഥമൊഴുക്കുന്ന കേരളത്തിലെ പൂർണ്ണാനദിയുടെ തീരത്തും ഒരു മഠമുണ്ടായി. ശ്രിംഗേരി മഠം. ശാങ്കരമന്ത്രം കൊണ്ട് ധന്യമായ ഈ വേദഭൂമിയിലൂടെ നമുക്കായി പൂർണ്ണാനദി ഇന്നും ഒഴുകുന്നുണ്ടെങ്കിലും, മലയാളികൾ ഇതൊന്നും അറിയുന്നില്ല, അറിയാൻ ശ്രമിക്കുന്നുമില്ല. മലയാളികൾക്ക് ഈ വേദഭൂമിയുടെ പേരിൽ ഒരു സർവ്വകലാശാല വേണം, അത്രതന്നെ.

കർണ്ണാടകവും ഹിമവാന്റെ താഴ്വാരങ്ങളും ശാങ്കരമന്ത്രം കേൾക്കാനും പഠിക്കാനുമായി മലയാളികളെ കവച്ചുവച്ചുകൊണ്ട് ഈ പൂർണ്ണാനദിയുടെ തീരത്തെത്തുന്നുണ്ട്. മാതൃഭാവത്തിന്റെ മൂർത്തമായ അനുഗ്രഹങ്ങളുടെ മൃദുതിര തലോടുന്ന പൂർണ്ണാനദിയിൽ മുതലകളെ പേടിക്കാതെ ഇന്നും മലയാളികളൊഴിച്ചുള്ള വേദാന്വേഷികൾ തീർത്ഥസ്നാനത്തിനായ് ഇവിടെ ഇറങ്ങാറുണ്ട്.

ഇവിടുത്തെ ഓട് മേഞ്ഞ പഴമയുടെ പർണ്ണശാലകൾ ഇന്നും പൊട്ടിയും പൊളിഞ്ഞും തന്നെ കിടക്കുകയാണ്. പണ്ടെങ്ങോ കുമ്മായം പൂശിയ ഈ ശാങ്കരമന്ത്രാലയങ്ങൾ അകം പൊരുളിന്റെ പൊലിമയിൽ ഇന്നും തേജോമയമാണ്. പുതിയ കാലത്തെ ശങ്കരന്മാരുടെ രാഷ്ട്രീയ മന്ത്രാലയങ്ങൾ ഇതൊന്നും കാണുന്നുമില്ല, കേൾക്കുന്നുമില്ല.

പക്ഷേ നമുക്ക് ഇവിടുത്തെ അന്തേവാസികളെ കേട്ടേ പറ്റൂ. അതൊക്കെ കേൾപ്പിച്ചേ പറ്റൂ. സീറ്റി സ്കാനിന്റെ ധർമ്മവും അതാണ്. സീറ്റി ഏറ്റെടുക്കുന്ന ധാർമ്മിക ദൌത്യവും അതാണ്.

അദ്വൈതത്തിന്റെ തർക്കവിതർക്കങ്ങൾക്കപ്പുറം പ്രായോഗികതക്ക് പ്രാമുഖ്യം നൽകി പിന്നീട്, അദ്വൈതസത്യത്തെ സാക്ഷാത്ക്കരിച്ചവരായിരുന്നു രാമകൃഷ്ണപരമഹംസരും വിവേകാനന്ദ സ്വാമികളും. ഇവരാണ് ഭൂമിയിൽ സാർവ്വമതസാഹോദര്യം സ്ഥാപിച്ചത്. പിന്നീട് രമണമഹർഷിയുടെ മൌനബലത്തിൽ അരവിന്ദയോഗിയും തപോവനസ്വാമികളും അദ്വൈതസാക്ഷാത്കാരം അനുഭവിക്കുകയായിരുന്നു. ഒരു സാമൂഹ്യവിപ്ലവത്തിലൂടെ ഇതേ അദ്വൈതത്തെ കേരളത്തിൽ ഏറ്റെടുത്തവരായിരുന്നു ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും.

അങ്ങനെ ഋഗ്വേദകാലം മുതൽ ശ്രീനാരായണഗുരുകാലം വരെ വളര്‍ന്നുവികസിച്ച സർവ്വാദരണീയമായ അദ്വൈതം മനുഷ്യന്റെ പരമോന്നത ആത്മീയഭാവനയുടെ ഒരു ഉത്കൃഷ്ട സംഭാവനയാണ്. അദ്വൈതാശ്രമങ്ങൾ അതിന്റെ കീർത്തിസ്തംഭമായി ഇന്നും പരിലസിക്കുന്നു. അത്തരം അദ്വൈതാശ്രമ വിചാരങ്ങളിലേക്കാണ് സീറ്റിസ്കാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. വീഡിയോ കാണാൻ

Share

ct william

Leave a Reply

Your email address will not be published. Required fields are marked *