അദ്വൈതാശ്രമ വിചാരങ്ങൾ-2

അദ്വൈതാശ്രമ വിചാരങ്ങൾ-2
30 Oct 2022

വേദാന്തത്തിന് മൂന്ന് ഉപദർശനങ്ങളാണ് ഉള്ളത്.  ദ്വൈതം വിശിഷ്ടാദ്വൈതം പിന്നെ അദ്വൈതം. അദ്വൈതം എന്നാൽ രണ്ട് അല്ലാത്ത അവസ്ഥ എന്നർത്ഥം പറയാം. അതായത്, മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവാവസ്ഥ. എന്നുവച്ചാൽ ആത്മാവും ബ്രഹ്മവും ഒന്നാണ് എന്ന് ചുരുക്കം. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ബ്രഹ്മവും ഒന്നാണെന്ന ദാർശനിക സങ്കല്പം. ഇതിനെ ജീവാത്മാ-പരമാത്മാ ഐക്യം എന്ന് ദാർശനികർ പറയുന്നു.

ഈ ദർശനത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്. ഇതാണ് ശ്രീ ശങ്കരാചാര്യർ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നത്. അതായത്, കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെടുന്ന ഒരു മിഥ്യാദർശനം. അതാണ് ഈ ലോകം എന്ന് ചുരുക്കം. ഈ മിഥ്യാദർശനമാണ് നമ്മേ നരബലി വരെ എത്തിച്ചത്.

കയറിനു പകരം നാം കണ്ടതായി നമ്മേ തോന്നിപ്പിച്ച പാമ്പ് ഇല്ലാതെയാകാൻ നാം കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും. ലളിതമെന്ന് തോന്നാമെങ്കിലും ഈ മനോവ്യായാമം അത്ര എളുപ്പമല്ല, സാധാരണ മനുഷ്യർക്ക്.  കയർ അത് മാത്രമാണ് ആത്യന്തികമായ സത്യം. നാം കണ്ടതായി നമ്മേ തോന്നിപ്പിച്ച സർപ്പം മിഥ്യയാണ്. അതായത്, ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ്‌ ബ്രഹ്മം, ആത്മാവ്‌. ഇതാകുന്നു, ജീവാത്മാ-പരമാത്മാ ഐക്യം. ഇതുതന്നെയാണ് തത്ത്വമസി അഥവാ അത് നീയാകുന്നു എന്ന തിരിച്ചറിവ്. ഈ തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണ് അന്ധവിശ്വാസങ്ങൾ വാഴ്ത്തപ്പെടുന്നത്.

അദ്വൈത തത്ത്വം പ്രചരിപ്പിക്കുന്നതിനായി 1913-14 കാലഘട്ടത്തിൽ എറണാകുളം ജില്ലയിലെ ആലുവയിൽ ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിലാണ് ഞനിപ്പോൾ.

1924-ലെ ശിവരാത്രി നാളിലാണ് ചരിത്രം അടയാളപ്പെടുത്തിയ ഈ അദ്വൈതാശ്രമത്തിൽ വച്ച് ചരിത്രപ്രസിദ്ധമായ സർവ്വമതസമ്മേളനം നടന്നത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഞങ്ങളെന്ന് ലോകവിളംബരം നടത്തിയ സർവ്വമതസമ്മേളനം നടന്ന അതേ ആശ്രമ മുറ്റത്താണ് ഞാനിപ്പോൾ നില്ക്കുന്നത്.

1912 മേയ് 1-ന് വർക്കലയിലെ ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠനടത്തിയതിനു ശേഷം, ആലുവയിൽ പെരിയാറോരത്ത് ഈ ആശ്രമം സ്ഥാപിക്കുവാൻ ഗുരു തീരുമാനിച്ചതെന്തുകൊണ്ട്? ആശ്രമ നിർമ്മാണത്തിനായി ഗുരു എന്തുകൊണ്ട് പെരിയാറിന്റെ തീരം തന്നെ തെരഞ്ഞെടുത്തു? എങ്ങിനെയാണ് ഈ ആശ്രമസ്ഥലി ഗുരു സ്വന്തമാക്കിയത്? ശിവഗിരി, ഗുരുവിനെ വേദനിപ്പിച്ചിരുന്നുവോ? ഏതൊരു  ഗുരുദർശനമാണ് ഗുരുവിനെ ആലുവായിലെത്തിച്ചത്? ഗുരു സമകാലിക കേരളത്തിൽ ഒരു ഗുരുവായിത്തന്നെ നിലകൊള്ളുന്നുണ്ടോ?

നമുക്ക് ഗുരുവിന്റെ ഉള്ളിലേക്ക് ഒരു തീർത്ഥയാത്ര നടത്താം. ഗുരുവിനെ കേൾക്കാം. ഈ ആശ്രമകഥകൾ കേൾക്കാം. ആലുവായിലെ അദ്വൈതാശ്രമാധിപനായ ഗുരു ധർമ്മചൈതന്യ, ശ്രീനാരായണ ഗുരുമനസ്സിലിരുന്ന് ആ കഥകൾ നമ്മോട് പറയുന്നു.

ശങ്കരാചാര്യരുടെ ദർശനദീപ്തിയിൽ നിന്ന് ശ്രീനാരായണഗുരു ശിവഗിരിയിൽ പകർന്ന വെളിച്ചത്തെ കെടുത്തിയവർ തന്നെയാണ് ഇന്നും ഗുരുവിന്റേയും ലോകത്തിന്റേയും വെളിച്ചം നിഷ്പ്രഭമാക്കുകയോ കെടുത്തിക്കൊണ്ടിരിക്കുകയോ ചെയ്യുന്നത്. അവർ തുറന്നുവിട്ട കരിവീരന്മാരാണ് ഗുരുവിന്റെ പ്രത്യാശയുടെ പൂന്തോട്ടം ചവിട്ടിമെതിച്ചത്. അവർ കത്തിച്ച കരിമരുന്നാണ് ഗുരുവിന്റെ വൈജ്ഞാനിക താളിയോലകൾ കത്തിച്ചാമ്പലാക്കിയത്. ആ സ്ഫോടനങ്ങളാണ് ഗുരു പ്രതിഷ്ഠിച്ച കണ്ണാടികൾ തകർത്തത്. അപ്പോഴും ഗുരുസമാധിക്ക് ശേഷമുള്ള ഗുരുജയന്തികൾ ലോകം ഓർത്തുകൊണ്ടേയിരിക്കുന്നു. ശ്രീനാരായണഗംഗ ഒഴുകിക്കൊണ്ടേയിരിക്കുന്നു. വീഡിയോ കാണാൻ

Share

ct william

Leave a Reply

Your email address will not be published. Required fields are marked *