തൃശൂരിലെ ഉരുക്കുപാലം

തൃശൂരിലെ ഉരുക്കുപാലം
13 Jul 2022

ലോകത്ത് വമ്പൻ പാലങ്ങൾ പലതുണ്ടെങ്കിലും ഉരുക്കുപാലങ്ങൾ വേറിട്ടുനില്ക്കുന്നവയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നു ഉരുക്കുപാലങ്ങളും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതൊക്കെതന്നെ വിനോദസഞ്ചാരികൾക്ക് പലപ്പോഴും കൌതുകങ്ങളുമാണ്.

തെക്കൻ ചൈനയിലെ സ്വയംഭരണപ്രദേശമായ ഗ്വാങ്ഷി ഷുവാങ്ങിലെ പിഗ്നാനിലെ പാലമാണ് നീളം കൊണ്ട് വലുതെന്ന് പറയപ്പെടുന്നത്. 2018-ൽ പണിപൂർത്തിയാക്കിയ ഈ പാലത്തിന്റെ നീളം 1035 മീറ്ററാണ്.

ആർച്ച് ഘടനയിലുള്ള പാലങ്ങളിൽ വച്ച് നീളം കൂടിയ പാലം ചോങ്കിങ്ങിലെ ച്വോട്ടിയാൻമെൻ പാലമാണത്രെ. 552 മീറ്റർ നീളവുമായി ഈ പാലം ലോകത്ത് രണ്ടാമത് നില്ക്കുന്നു. യാങ്ങ്സി നദിയുടെ കുറുകെ സ്ഥിതി ചെയ്യുന്ന റോഡ്-റെയിൽ ഗതാഗത സൌകര്യമുള്ള ഈ പാലം  2009-ലാണ് നിർമ്മിച്ചത്. ആർച്ച് ഘടനകൂടി കണക്കിലെടുത്താൽ ഈ പാലത്തിന്റെ മൊത്തം നീളം 1741-മീറ്ററാണാണത്രെ.

ഷാങ്ങ്ഹായിലെ ഹുവാങ്ങ്പൂ നദിക്ക് കുറുകെയുള്ള പാലം 550 മീറ്റർ നീളവുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. ലുവാൻ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ഈ പാലവും ആർച്ച് പാലമാണ്. ആർച്ച് ഘടനകൂടി കണക്കിലെടുത്താൽ ഈ പാലത്തിന്റെ മൊത്തം നീളം 3900-മീറ്ററാാണ്. 2003-ലാണ് ഈ പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

ഇന്ത്യയിലെ ബീഹാറിലെ മഹാത്മ ഗാന്ഡി സേതു എന്നറിയപ്പെടുന്ന ഉരുക്കുപാലം 2022 ജൂൺ 7നാണ് നാടിന് സമർപ്പിച്ചത്. 1982-ൽ നിർമ്മിച്ച, 5750 മീറ്റർ നീളമുള്ള ഈ പാലം പുനരുദ്ധരിക്കുകയായിരുന്നു. ഒരുപക്ഷേ ഈ പാലവും ലോകോത്തര പാലങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കുന്നുണ്ടാവണം.

ഇത്രയൊക്കെ മുഖവുരയായി പറഞ്ഞത് കൊച്ചുകേരളത്തിലെ തൃശൂരിലെ മണലൂരിലെ ഒരു ഉരുക്കുപാലത്തെകുറിച്ച് പറയാനായിരുന്നു. മണലൂർ- വെങ്കിടങ്ങ് എന്നീ പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന ഈ പാലം പക്ഷേ വളരെ ചെറുതാണെങ്കിലും തൃശൂർക്കാരിൽ വലിയ കൌതുകമുണർത്തുന്നുണ്ട്. അതേസമയം ഈ പാലം കണ്ടവർ തൃശൂർക്കാരിൽ തന്നെ അപൂർവ്വമാണെന്നത് സത്യമാണ്. ഇവിടെ ആലപ്പുഴയിലേതുപോലെ കായൽ ടൂറിസം ഉള്ള കാര്യവും ഏറെ പേർക്ക് അറിയില്ല.

ആറു മീറ്റർ ഉയരത്തിലുള്ള ആറ് കോൺക്രീറ്റ് തൂണുകളിൽ ഇരുപ്പുറപ്പിച്ച ഈ ഉരുക്കുപാലത്തിന് കോവലം 117 മീറ്റർ നീളമേ ഉള്ളൂ. ഒന്നര മീറ്റർ നീളവും. കാൽനടക്കാർക്കുള്ളതാണ് ഈ പാലമെങ്കിലും ഈ പാലത്തിലൂടെ എപ്പോഴും ബൈക്കുകൾ ചീറിപ്പായുന്നുണ്ട്.

അകലെനിന്നും അടുത്തുനിന്നും പാലത്തിൽ നിന്നുമുള്ള കായൽ-പ്രകൃതി കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. മണലൂർക്കാർക്കും വെങ്കിടങ്ങുകാർക്കും സാംസ്കാരികമായും ഗതാഗതപരമായും ആശ്വാസകരമാണ് ഈ ഉരുക്കുപാലം. എന്നാൽ ഇതുവഴിയുള്ള ബൈക്കുകളുടെ മിന്നലോട്ടം കാൽനടക്കാരുടെ കരൾകൂട്ടിലെ കിളിയെകൂടി ചിലപ്പോൾ പറപ്പിച്ചുകളയും.

2015-16 കാലഘട്ടത്തിലെ ഇവിടെ എംപിയായിരുന്ന സി.എൻ. ജയദേവന്റെ വികസനഫണ്ടിലെ 2 കോടി രൂപകൊണ്ടാണ് ഈ ഉരുക്കുശില്പം മണലൂർക്കാർക്കും വെങ്കിടങ്ങുകാർക്കും സ്വന്തമായത്. 2018 ഡിസംബർ 9 നാണ് ഈ ഉരുക്കുപാലം നാടിന് സമർപ്പിച്ചത്.  2023 വരെ ഈ പാലത്തിന്റെ അറ്റകുറ്റപണികൾ നടത്തേണ്ടത് ഈ പാലം നിർമ്മിച്ച കൊച്ചിയിലെ KEL (Kerala Electrical & Allied Engineering)എന്ന സ്ഥാപനമാണ്. എന്നിരുന്നാലും ഈ പാലത്തിന്റെ അറ്റകുറ്റപ്പണികൾ യഥാവിധം നടക്കുന്നില്ലെന്ന പരാതിയും ഈ നാട്ടുകാർക്കുണ്ട്.

ഓരോ പാലവും നിർമ്മിക്കപ്പെടുമ്പോഴും മനുഷ്യരുടെ ഹൃദയത്തിലേക്കുള്ള പാലങ്ങൾ ഇല്ലാതാവുക സ്വാഭാവികം മാത്രം. ഈ നാട്ടുകാരുടെ  ഹൃദയത്തിൽ നിന്നും ഈ കടവിലെ തോണിക്കാരനായിരുന്ന ഉത്തമന്റെ ഹൃദയത്തിലേക്കുള്ള പാലവും മാഞ്ഞുപോയത് അങ്ങിനെയാണ്. പഴയകാലത്ത് ഈ കായലിന്റെ ഇരുകരയിൽ നിന്നും കൂവിയുണർത്തിയ ഉത്തമഹൃദയം 10 പൈസ കടത്തുകൂലി വാങ്ങി ജനങ്ങളെ പൂപോലെ സുരക്ഷിതരായി മറുകര കടത്തിയിരുന്നു.

കാലം മാറുകയാണ്. ഇന്നിവിടെ ഹൌസ് ബോട്ടുകൾ ഉല്ലാസ വില്ലകളായി ഈ കായലിലൂടെ ഇഴയുന്നുണ്ട്, ആലപ്പുഴയെ ഓർമ്മിപ്പിച്ചുകൊണ്ട്. ഒരു ഹൈടെക്ക് കള്ളുഷാപ്പ് ഒരുങ്ങുന്നുണ്ട് ഈ കരയുടെ അണിയറയിൽ. എന്നിരുന്നാലും കോവിഡ് മഹാമാരി തൽക്കാലം ഇവിടെ എല്ലാത്തിനും സുല്ലിട്ടിരികികുകയാണ് ഇപ്പോൾ.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *