തൃശൂരിന്റെ തെരഞ്ഞെടുപ്പു വിശേഷങ്ങൾ

തൃശൂരിന്റെ തെരഞ്ഞെടുപ്പു വിശേഷങ്ങൾ
03 Apr 2021

വർത്തമാനകാലമാണ്. തെരഞ്ഞെടുപ്പുവിശേഷങ്ങളാണ്.

എന്തായാലും തെല്ലൊരു പ്രസവവേദനയോടെ സ്ഥാനാർത്ഥിപ്പട്ടിക റെഡിയായി. എന്നവച്ചാൽ ഉറപ്പാണ് സ്ഥാനാർത്ഥിപ്പട്ടിക. പുലി പോലെ വരുമെന്ന് കരുതിയ സ്ഥാനാർത്ഥികളാരും വന്നില്ല, പകരം എലിപോലെ സ്ഥാനാർത്ഥികൾ പതുങ്ങിപ്പതുങ്ങി വന്നുപോയി.

ഇനി എലിയെ പുലിയാക്കുന്നതും പുലിയെ എലിയാക്കുന്നതുമെല്ലാം ചാനൽ ആചാര്യന്മാരുടേയും സർവ്വേക്കല്ലുകളുടേയും പണിയാണ്. അത് വഴിപോലെ കുതിരപ്പുറത്തും സൈക്കിളിലും എന്തിന് ഹെലികോപ്റ്ററിലുമായി നിർവ്വഹിക്കപ്പെടും. ശേഷം കലാശക്കൊട്ടുണ്ടാവും.

ബാക്കിയെല്ലാം ജനത്തിന്റെ ചൂണ്ടുവിരൽ തീരുമാനിക്കും. ജനാധിപത്യത്തിന്റെ കറുത്ത മഷി പുരളുന്നതോടെ എല്ലാം തീരും. പിന്നെ ബഹുവർണ്ണ കുടമാറ്റവും വെടിക്കെട്ടുമുണ്ടാവും.

പ്രതീക്ഷിച്ചപോലെ സ്വർണ്ണത്തിനും ഡോളറിനും വില കയറിയില്ല. വില കുത്തനെ ഇടിഞ്ഞു. അതുകൊണ്ടൊന്നും പ്രതിപക്ഷം മുട്ടുമടക്കിയില്ല. ഇരട്ടവോട്ടിന്റെ രേഖകളിൽ കോർത്തെടുത്ത മാലപ്പടക്കം പൊട്ടിച്ചുകൊണ്ട് അവർ മുന്നേറുകയാണ്.

രേഖകളില്ലാതെ എന്ത് പ്രതിപക്ഷം. രേഖകളുടെ ഓളങ്ങളിലൂടെ കപ്പലോടിക്കുകയാണ് നമ്മുടെ പ്രതിപക്ഷനേതാവ്. അതുകൊണ്ടുതന്നെ ക്യാപ്റ്റന് പണിയില്ല. ക്യാപ്റ്റൻ ക്യാബിനിലാണ്, കാഴ്ചക്കാരനായി. പ്രതിപക്ഷം കപ്പലോട്ടുമെന്ന് ക്യാപ്റ്റന് ഉറപ്പുണ്ട്.

ഇനി തൃശൂരിന്റെ വർത്തമാനമാണ്. തൃശൂരിന്റെ തെരഞ്ഞെടുപ്പുവിശേഷങ്ങൾക്ക് പൂരപ്പൊലിമയേക്കാൾ പൊലിമയുണ്ട് ഇക്കുറി. തെരഞ്ഞെടുപ്പ് എഴുന്നെള്ളത്തിന് ലീഡർ കുടുംബാംഗമുണ്ട്. ആക്ഷൻ ഹീറോയുണ്ട്. അന്തിക്കാട്ടെ ചിന്തകനായ സഖാവുണ്ട്.

പക്ഷേ ഈ തെരഞ്ഞെടുപ്പ് വിഗ്രഹങ്ങളൊന്നും തൃശൂരിന്റെ തെരഞ്ഞെടുപ്പ് വിശേഷത്തെ തൊട്ടുണർത്തുന്നില്ല. അനുഗ്രഹിക്കുന്നില്ല. നിഗ്രഹിക്കുന്നുമില്ല.

തൃശൂർ വിശേഷം എന്താന്നല്ലേ. ആലങ്കാരികമായി പറഞ്ഞാൽ മരട് ദൃശ്യം രണ്ടാം ഭാഗം.

എന്നുവച്ചാൽ പണ്ട് പണ്ടൊരു കാലത്ത് വീയെസ് താമര വിരിയിച്ച തൃശൂരിലെ പുഴക്കൽ പാടത്ത് ഒരു മരട് തനിയാവർത്തനം ന്യൂനമർദ്ദമായി രൂപം കൊണ്ടിരിക്കുന്നു. തൃശൂരിന്റെ ശോഭ സിറ്റി പൊളിക്കണം പോലും. വർത്തമാനകാലം പറയുന്നതല്ല, തൃശൂരിന്റെ സ്വന്തം വനിതാ അഭിഭാഷക പറയുന്നതാണ്. വെറുതെ പറയുന്നതുമല്ല, കോടതിയുടെ ബലത്തിൽ പറയുന്നതാണ്. അതായത് ശോഭ സിറ്റി പ്രശോഭിച്ചുനില്ക്കുന്നത് നെൽ നിലങ്ങളിലാണ്. അതുകൊണ്ട് സിറ്റി മാറ്റി നെൽനിലം നിലനിർത്തണം. വിതക്കണം. കൊയ്യണം.

കോടതി പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ. നിയമം നടപ്പാവണ്ടേ. നടപ്പാക്കണ്ടേ. എന്തായാലും അഭിഭാഷക പുറകോട്ടില്ല. പുഴക്കൽ പാടത്ത് നെൽനിലം തിരിച്ചുപിടിച്ച് അക്ഷരാർത്ഥത്തിലും ചുറ്റും ഒരു വനിതാമതിൽ തീർക്കാൻതന്നെയാണ് അഭിഭാഷകയുടെ തീരുമാനം.   എന്നാൽ പാർട്ടികൾ ഇക്കാര്യത്തിൽ മുന്നോട്ടില്ല. കൃഷിമന്ത്രിയും വ്യവസായ മന്ത്രിയും മുന്നോട്ടുവരുന്നില്ല. പിന്നെയാണോ എംപിയും എംഎൽയും.

സ്ഥാനാർത്ഥികളും മിണ്ടുന്നില്ല. അതായത്, ലീഡർ കുടുംബാംഗവും. ആക്ഷൻ ഹീറോയും. അന്തിക്കാട്ടെ ചിന്തകനായ സഖാവും മിണ്ടുന്നില്ല എന്ന് രത്നച്ചുരുക്കം.

ഇനിയിപ്പോ വർത്തമാനകാലവും മിണ്ടുന്നില്ല. കാരണം ഒരു കോടതിയിൽ അവസാനിക്കുന്നതല്ലല്ലോ നമ്മുടെ വിധികളും വ്യവഹാരങ്ങളും. അതുക്കും മേലെയല്ലേ അന്തിമകല്പനകൾ. അതേ വിശാലവിധികൾ വരട്ടെ.

ഇത്രയുമാണ് തൃശൂരിന്റെ തെരഞെടുപ്പുവിശേഷങ്ങൾ. ആരും പറയാത്തതുകൊണ്ട് വർത്തമാനകാലം പറഞ്ഞൂന്നേയുള്ളൂ. ആരും കാര്യമാക്കണ്ട.

വർത്തമാനകാലത്തിന്റെ അടുത്ത ലക്കം അടുത്ത ആഴ്ച ഇതേ സമയം. നന്ദി. നമസ്കാരം.

Share

admin