ഒമർഖയ്യാമിലെ ദാർശനിക സമന്വയം

ഒമർഖയ്യാമിലെ ദാർശനിക സമന്വയം
31 May 2022

എഴുതാതിരിക്കാൻ കഴിയാതെ വരുന്നതാണ് ഒരു എഴുത്തുകാരന്റെ സ്വത്വം എന്നു പറയുന്നത്. എഴുത്തിനും എഴുതാതിരിക്കുന്നതിനും ഇടയിൽ അപ്രവചനീയമായ ഇടവേളകളാണുള്ളത്. ഡോ. ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം ആ ഇടവേള ഏകദേശം ആറ് പതിറ്റാണ്ടായി എന്നത് കൌതുകരമാണ്. ഒപ്പം വായനക്കാർക്കത് നഷ്ടവുമാണ്.

പതിറ്റാണ്ടുകളായി തന്നിൽ പതിയിരുന്ന ആ എഴുത്തിന് അതുകൊണ്ടുതന്നെ ദാർശനികതയുടെ ഒരു സൂക്ഷ്മതലം കൈവന്നത് തികച്ചും സ്വഭാവികം മാത്രം.

അങ്ങനെയാണ് ജീവിതത്തിന്റെ സായംകാലത്ത് ഡോക്ടർ ഒമർഖയ്യാമിന്റെ ചതു ഷ്പതികളിലേക്ക് ദാർശനികതയുടെ ഉദയാസ്തമയങ്ങളിലൂടെ ആഴ്ന്നിറങ്ങിയത്. അങ്ങനെയാണ് ഡോക്ടർ തന്റെ സ്വത്വത്തിനോട് സമ്പൂർണ്ണ സമന്വയം പ്രാഖ്യാ പിച്ചത്. ഡോ. ശ്രീനിവാസന് എന്റെ ആശംസകൾ.

ഏകദേശം ഒരു പതിറ്റാണ്ടുമുമ്പ് ഞാൻ ഒരു രോഗിയായി ഡോ. ശ്രീനിവാസന്റെ കൺസൾട്ടേഷൻ മുറിയിൽ എത്തിപ്പെട്ടതാണ്. പിന്നീട് ആ ഡോക്ടർ-രോഗി ബാന്ധവം ആത്മബന്ധത്തിലെത്തുകയായിരുന്നു. അന്നും ഇന്നും ഒറ്റയ്ക്ക് ജീവി ക്കുന്ന എനിക്ക് പക്ഷേ അന്ന് ഒരു ബൈസ്റ്റാന്ററുണ്ടായിരുന്നു എന്റെ ബെഡ്ഡി ന്നരികെ. പിന്നീടെപ്പോഴോ എന്റെ സഹപ്രവർത്തകയായ ആ സഹധർമ്മണി എന്നേയും എന്റെ ബെഡ്ഡിനേയും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഡോക്ടറുടെ സമന്വയത്തിന്റെ സമാപന ചതുഷ്പതിയിൽ പറഞ്ഞതുപോലെ ഞാൻ ഇന്നും അവളോട് പറയും-

ഇത്രനാളെനിക്കായ് മധുരം പകർന്നതാം

ആ മധുപാന പാത്രം കമഴ്ത്തി വച്ചീടുക

പാദങ്ങൾക്കരികിലായ് ഇത്തിരി നേരം നില്ക്കൂ

കണ്ണുകൾ കൂപ്പി മൌനം ചൊല്ലിടു യാത്രാമൊഴി.

അതാണ് എഴുത്തിന്റെ വിസ്മയം. ഡോക്ടറുടെ ഭാഷയിൽ പറഞ്ഞാൽ-ജീവ ജാല ങ്ങളിൽ, പക്ഷിമൃഗാതികളിൽ, ഇണകൾ എന്ന കൂട്ടുകെട്ട് ആന്തരികമായ ഒരു പര സ്പര വിശ്വസ്തത പാലിക്കുന്നതാണ്. ആ വിശ്വസ്തത ലംഘിക്കുന്നത് മർത്യകുലം മാത്രമാണ്. ഇതുതന്നെയാണ് ലോകത്തിൽ എവിടേയും സംഭവിക്കുന്നത്, കേരള ത്തിലെ വിസ്മയദുരന്തകോലാഹലം വരെ. സമന്വയം പറഞ്ഞുവക്കുന്നതും അതാണ്. ഡോക്ടറുടെ ദാർശനിക നിരീക്ഷണത്തിൽ പറയുകയാണെങ്കിൽ സെക്ഷ്വാലിറ്റി യിൽ നിന്ന് സെൻഷ്വാലിറ്റിയിലേക്കുള്ള അകലം പാലിക്കുന്നതിലെ പിഴവുകൊ ണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

വായനക്കാരൻ എഴുത്തുകാരനിലേക്കും അയാളുടെ എഴുത്തിലേക്കും എത്തുന്നത് അവരുടെ ആത്മദർശനത്തിന്റെ കൂടി സമന്വയത്തിലൂടെയാണ്. ഡോ. ശ്രീനി വാസന്റെ കൃതി ഈ സത്യം വിളംബരം ചെയ്യുന്നുണ്ട്. ഞാൻ ആ വിളംബരം അനുഭവിക്കുന്നുണ്ട്. ഓരോ വായനക്കാരനും അത് അനുഭവിക്കുക തന്നെ ചെയ്യും.

ജീവിതത്തിന്റെ ഉദയം മുതൽ അസ്തമയം വരെ ആ വിളംബരം മുഴങ്ങുന്നുണ്ട്. സമന്വയകാരന്റെ ഉദയത്തിൽ നിന്ന് ആ മുഴക്കം ആരംഭിക്കുന്നു.

ഉണരൂ പഥികരെ, യാത്രയ്ക്ക് സമയമായ്

ഭൂവിതിൻ നാഥൻ സൂര്യൻ കിഴക്കായെഴുന്നെള്ളി

കാലമാം രഥം വീണ്ടും രാത്രിയും കടന്നെത്തി

പകലതൊന്നുകൂടി കൊഴിഞ്ഞു കരിഞ്ഞുപോയ്.

ഇത്തരത്തിൽ നമ്മേ ഉണർത്തി ഏറെ ദൂരം കൊണ്ടുപോയി ജീവിതസാഗരങ്ങളിൽ ആറാടിച്ച് അവസാനം “പാദങ്ങൾക്കരികിലായ് ഇത്തിരി നേരം നില്ക്കൂ, കണ്ണുകൾ കൂപ്പി മൌനം ചൊല്ലിടൂ യാത്രാമൊഴി” എന്നിടത്തെത്തിക്കുന്നുണ്ട് കവി. ഒമർ ഖയ്യാമിൽ നിന്ന് കവിയിലേക്കുള്ള ദൂരം കുറയുന്നതും ഇവിടെയാണ്.

ഉദയത്തിന്റെ ഊഷ്മളവികാരങ്ങളുമായി, “ഇവിടെ തങ്ങീടുവാനിത്തിരി നേരം മാത്രം, ഇവിടം വിട്ടാൽ പിന്നെ തിരിച്ചുവരില്ലിനി” എന്നും പറഞ്ഞ് പുറപ്പെടുന്ന കവി ബാല്യ ത്തിലെ ജ്വലിക്കുന്ന മുന്തിരിത്തോപ്പിലെ വസന്താഗ്നിയിലേക്ക് ജീർണ്ണവസ്ത്രങ്ങളൂ രിയെറിയുകയാണ്. ഭാരതീയ ദർശനത്തിലെ ദേഹി-ദേഹ താത്വിക കല്പനകളിലേക്ക് നമ്മേ നയിക്കുന്നുണ്ട് ഈ വരികൾ.

ജീവിതവ്യഥകൾതൻ ജീർണ്ണവസ്ത്രങ്ങളൂരി

യെറിയൂ വസന്താഗ്നിയിലേക്കെരിയുവാൻ.

ഇങ്ങനെയൊക്കെ പാടുന്ന കവി, പക്ഷേ, ജീവിതാനന്ദത്തിന്റെ ലഹരിയോട് വിട്ടുവിഴ്ച യില്ലാതെ ഇങ്ങനേയും പാടുന്നുണ്ട്. കവിയിൽ നിന്ന് ഒമർഖയ്യാം പൂർണ്ണമായും വിട്ടുപോകുന്നില്ലെന്നുള്ളതിനുള്ള ഒരു സാക്ഷ്യം കൂടിയാണ് ഈ വരികൾ.

നിറക്കൂ പ്രിയേ പാനപാത്രത്തിൽ മുന്തിരിനീർ

ഇന്നലെ, നാളേകൾ തവ വ്യഥകളൊഴിയട്ടെ

നാളേകൾ എന്താകിലും ഇന്നിന്റെ മധുരങ്ങൾ

ഇന്നലെയുടെ നിധികുംഭത്തിൽ ഭദ്രമെന്നും.

പിന്നെ, യൌവ്വനം നഷ്ടമായ കൌമാരത്തിലേക്കാണ് കവിയുടെ യാത്ര. ജീവിത പാനോത്സവ കൌമാരത്തിലേക്കുള്ള യാത്ര. ഇവിടെ നമുക്ക് കവിയെ മാത്രമല്ല, സാക്ഷാൽ ഡോക്ടറേയും കാണാം.

ഇന്നവരൊഴിഞ്ഞതാം മുറിയിൽ പുതുവസ്ത്ര

മോടിയിലെത്തി നമ്മൾ വസന്തം ഘോഷിക്കുവാൻ

നാളെ നാമൊഴിച്ചിടും മുറിയിലാരോ വീണ്ടും

ശയ്യകളൊരുക്കീടും പിറകെ വരുന്നോർക്കായ്

ഈ പരിസരങ്ങളിൽ തന്നെ കവി ബൈബിളിന്റെ ദാർശനിക ലഹരിയും അനുഭവി ക്കുന്നുണ്ട്. ആരും ഏറെ കണ്ടെടുക്കാത്ത ബൈബിൾ വചനങ്ങളുടെ അപാര ദർശന ത്തിലേക്ക് കവി ഒമർഖയ്യാമിനെ ചേർത്തുനിർത്തുന്നതും കാണാം.

ബാല്യകൌമാരങ്ങളിൽ ഗുരുസന്നിധികളി-

ലെത്തി ഞാൻ വിദ്യതേടി വിജ്ഞാനകുതുകിയായ്

അറിഞ്ഞോരിതുമാത്രം പൂഴിയിൽ നിന്നും വന്ന

പൂഴിയായ് പോകുന്നു ഞാൻ വിലാപശ്രുതിയെടെ

കൌമാരവാസം തീർത്ത് കവി ജീവിതസമസ്യകളുടെ കൂട്ടലും കിഴിക്കലും മറന്ന് പിന്നെ പോകുന്നത് യൌവ്വനം നഷ്ടമായ വാർദ്ധക്യത്തിലേക്കാണ്. ഇതൊരു തിരി ഞ്ഞുനടത്തമാണ്, ജീവിതത്തിന്റെ പൊരുളറിഞ്ഞ തിരിഞ്ഞു നടത്തം. ഭൌതിക ജീവിതത്തിന്റെ മതിയോ നിരാസമോ ഇവിടെ പ്രകടമാണ്.

ആയതുമതുമിതും വാഗ്വാദം കേട്ട് കേട്ട്

മടുത്തിട്ടൊരു നാളിൽ തിരിഞ്ഞു നടന്നു ഞാൻ

ഇവിടെവച്ചാണ് കവി ജീവിതത്തിന്റെ കണക്കെടുപ്പും വിലയിരുത്തലും നടത്തു ന്നത്. അവസാനം താനെന്ന ചുമടിറക്കുന്ന ശബ്ദം കേൾക്കുമ്പോഴും കവി  ജീവിത ത്തോടുള്ള ഒരുതരം തീരാത്ത കൊതിയെ വല്ലാതെ പ്രാപിക്കുന്നുണ്ട്, പ്രത്യാശ പ്പെടുന്നുണ്ട്.

എന്നിലെ ജലം വറ്റി വരളുന്നാരെങ്കിലും

പകർന്നീടുമോ ചുണ്ടിൽ ഇത്തിരി ജീവജലം

ജീവന്റെയുറവകൾ ഒഴുകിയെത്തീടുകിൽ

ഇത്തിരി നേരം കൂടി ഇവിടെ തങ്ങിയാലോ?

പിന്നീട് കവി തനിക്ക് ഇല്ലാതെ പോയ യുവത്വം കുറിച്ചിട്ട പ്രണയാർദ്രമാം കാവ്യം അടച്ചുവച്ച് ഉത്തരായനത്തിലേക്ക് പ്രവേശിക്കുകയാണ്.

അതേസമയം, യുവത്വത്തിന്നായി ഉത്തരായനത്തിൽ വിലപിക്കുന്ന കവി എന്തേ യുവത്വം പാടാതെ പോയതെന്ന് വായനക്കാർ ന്യായമായും സംശയിക്കുന്നു. കവിയുടെ ആശ്രമവ്യവസ്ഥ പക്ഷേ മറ്റൊരു ദാർശനിക വ്യവസ്ഥയാവാം.

യുവത്വം കത്തിതീർന്ന ചാമ്പലായ് മാറീടുന്നു

ഓർമ്മയിൽ മൂടൽമഞ്ഞ് പടരാൻ തുടങ്ങുന്നു….

ജീവന്റെ യുറവുകൾ ഒഴുകിയെത്തീടുകിൽ

ഇത്തിരി നേരം കൂടി ഇവിടെ തങ്ങീടാലൊ.

എന്ന് പാടുന്നിടത്ത് കവിക്ക് യുവത്വത്തിന്റെ തീക്ഷ്ണതയുടെ സഫലമാകാത്ത  ഓർമ്മകളുണ്ട്. അതുകൊണ്ടുകൂടിയായിരിക്കാം കവി തന്റെ സായംകാലത്ത് ഒമർ ഖയ്യാമിനെ പുനർവായനക്കെടുത്തതും പുനസൃഷ്ടിച്ചതും എന്ന് പറയേണ്ടിവരുന്നു.

ഉത്തരായനം സൂക്ഷ്മതയുടെ കാവ്യഭാഗമാണ്. സൂക്ഷ്മസ്വഭാവോക്തികൾ അത്രയുണ്ട് ഉത്തരായനത്തിൽ. ഡോക്ടറും കവിയും സമ്മോഹനമായി സമന്വയിക്കുന്നതിന്റെ അടയാളങ്ങൾ നിരവധിയുണ്ട് ഇവിടെ.

 

പാദങ്ങൾക്കിടയിലമർന്ന പുൽനാമ്പുകൾ

പാദങ്ങൾ നീങ്ങിയപ്പോൾ നിവർന്നുവരും പോലെ

തളർന്നു വീഴും പാന്ഥൻ ഉണരാം ആരെങ്കിലും

ഇത്തിരി ജലം ചുണ്ടിൽ പകർന്നു നൽകീടുകിൽ

അവസാനം, എല്ലാം കഴിഞ്ഞ് പൂക്കളോടും പുഴകളോടും വിടചൊല്ലി കവി അസ്തമയ ത്തിലെത്തുന്നു. ഇവിടെയാണ് കവിയുടെ ദാർശനിക തലം പൂത്തുലയുന്നതും പരിലസിക്കുന്നതും. അപ്പോഴും മുന്തിരിതോട്ടത്തിലെ വേരുകൾക്കരികിലായ്, എന്നെയൊരുക്കുക നിത്യനിദ്രക്കായ് ശയ്യ, എന്നുവരെ പാടുന്ന കവിയിൽ ജീവിത ദർശനത്തിന്റെ ദാർശനിക ലഹരി നമുക്ക് ആവോളം  അനുഭവിക്കാം.

അന്നൊരു വിളക്കിന്റെ മുന്നിലായ് വന്നുനിന്നു നീ

ഒന്നിച്ചുനമ്മൾ ഹൃത്തിലേറ്റിയൊരഗ്നി തന്റെ

കനലിപ്പൊഴും നിന്റെയകതാരിലായില്ലേ

കെടാതെയിന്നുവരെ നീയതുകാത്തതില്ലേ

എന്ന് പാടുന്നിടത്ത് ഒമർഖയ്യാമിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിന്റെ ദാർശനിക മുന്തിരിച്ചാർ നുണഞ്ഞിറക്കിയതിന്റെ കവിയുടെ വീണ്ടെടുപ്പു കൾ കാണാം. പിന്നെ കവിയുടെ അതിവൈകാരികമായ ഒരു യാത്രാമൊഴിയുടെ തേങ്ങലും കേൾക്കാം, നമുക്ക്.

ഇത്ര നാളെനിക്കായ് മധുരം പകർന്നതാം

ആ മധുപാനപാത്രം കമഴ്തിവെച്ചീടുക

പാദങ്ങൾക്കരികിലായ് ഇത്തിരി നേരം നില്ക്കൂ

കണ്ണുകൾ കൂപ്പി മൌനം ചൊല്ലിടൂ യാത്രാമൊഴി.

സമന്വയത്തിൽ നമുക്ക് ഒമർഖയ്യാമിനെ കാണാം. പക്ഷേ, ഒമർഖയ്യാമിൽ നമുക്ക് സമന്വയം കാണാനാകില്ല. അത് കാണിച്ചുതരികയാണ് ഡോ. ശ്രീനിവാസന്റെ സമന്വയം. ഡോ. ശ്രീനിവാസന് ഇനിയും ഏറെ എഴുതാൻ കഴിയട്ടെ, സമന്വയിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

ആദ്യപുസ്തകമാവുമ്പോൾ തീർച്ചയായും ചില പോരായ്മകൾ നമുക്ക് സൂക്ഷ്മമായി പരിശോധിച്ചാൽ കാണാവുന്നതാണ്. പ്രധാനമായും മൂലകൃതിയിൽനിന്ന് മൊഴിമാറ്റം നടത്തുമ്പോൾ. അതും കാവ്യമാവുമ്പോൾ ന്യൂനതകൾ ഏറും. കാവ്യത്തെ വൃത്ത നിബദ്ധമാക്കാൻ ശ്രമിച്ചാൽ കവിയുടെ ഭാഷാസ്വാതന്ത്ര്യവും നഷ്ടമാവും. ഇതെല്ലാം കവി അടുത്ത പരിഷ്കരിച്ച പതിപ്പിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ദർശനിക കാവ്യം ഞാൻ കൈരളിക്ക് സന്തോഷപൂർവ്വം സമർപ്പിക്കുന്നു.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *