സുഗതകുമാരി ടീച്ചർ

സുഗതകുമാരി ടീച്ചർ
23 Dec 2020

കേരള കാർഷിക സർവ്വകലാശാലയിൽ ഏകദേശം മുന്നു പതിറ്റാണ്ട് ജോലി ചെയ്ത കാലം. പ്രകൃതിയെ കൈകുഞ്ഞിനെപോലെ മടിയിൽ കിടത്തി ലാളിക്കേണ്ട കാർഷിക സർവ്വകലാശാല പ്രകൃതിയെ നിരന്തരം വ്യഭിചരിക്കുന്നത് നിറകണ്ണോടെ കണാൻ ശപിക്കപ്പെട്ട ഞാൻ എഴുതിയ കവിതാസമാഹാരമാണ് “വിലാപത്തിന്റെ ഇലകൾ”.

ഈ സമാഹാരത്തിലെ കവിതകൾക്ക് പ്രചോദനമായത് സുഗതകുമാരി ടീച്ചറും സുകുമാർ അഴീക്കോടുമാഷുമായിരുന്നു. ഈ സമാഹാരത്തിലെ “അച്ഛൻ  കർഷകനല്ലാതാവുകയായിരുന്നു” എന്ന കവിത അഴീക്കോട് മാഷിന് സമർപ്പിക്കപ്പെട്ടതായിരുന്നു. മറ്റൊരു കവിത “പുഴ പാട്ടുനിർത്തി” സുഗതകുമാരി ടീച്ചറോട് കടപ്പെട്ടതുമായിരുന്നു.

അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ പ്രകാശനം സുഗതകുമാരി ടീച്ചറും അഴീക്കോടുമാഷും നിർവഹിക്കപ്പെടട്ടെ എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ടീച്ചർക്ക് തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കെത്താൻ അന്ന് ആരോഗ്യസ്ഥിതി അനുവദിച്ചില്ല. അതുകൊണ്ട് പുസ്തകപ്രകാശനം ഞാൻ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. ടീച്ചറെ ക്ഷണിക്കാൻ വീട്ടിൽ പോയത് ഇന്നും കൺമുന്നിലുണ്ട്. കവിതകൾ മറിച്ചുനോക്കിയ ടീച്ചർ ആ കണ്ണുകൾ കൊണ്ട് അക്ഷരാർത്ഥത്തിലും എന്നെയൊന്ന് സ്നേഹത്തോടെ തലോടി.

പ്രകാശന ചടങ്ങിൽ “അച്ഛൻ  കർഷകനല്ലാതാവുകയായിരുന്നു”  “പുഴ പാട്ടുനിർത്തി” എന്നീ കവിതകൾ മുഴുവനും വായിച്ചുകൊണ്ട് എന്റെ കണ്ണുകൾ നനയിച്ചു. നിറഞ്ഞ കണ്ണിലൂടെ സുഗതകുമാരി ടീച്ചർ ഒരു മാരിവില്ലുപോലെ അനുഭവപ്പെട്ടു. കണ്ണടയ്ക്കിടയിലൂടെ ഞാൻ എന്റെ കണ്ണുകൾ തുടച്ചു. വേദിയിൽ നിന്ന് ഒപ്പം നടന്ന് യാത്രയാക്കി. കാർഷിക സർവ്വകലാശാല വിഷയത്തിൽ കൂടുതൽ ചർച്ചക്കായി വീണ്ടും വരണമെന്നും പറഞ്ഞു.

ടീച്ചർ തൊട്ടനുഗ്രഹിച്ച “വിലാപത്തിന്റെ ഇലകൾ” ടീച്ചറുടെ തന്നെ “കാലിഫോർണിയൻ കാടുകൾ” എന്ന പുസ്തകത്തോടൊപ്പം കേരള സർവ്വകലാശാലയിൽ ബിരുദവിദ്യാർത്ഥികൾക്കുള്ള റഫറൻസ് പാഠപുസ്തകമായി. ഒരുപാട് ആദരവോടെ, സ്നേഹത്തോടെ നിറഞ്ഞ കണ്ണിലൂടെ സുഗതകുമാരി ടീച്ചർ ഒരു മാരിവില്ലുപോലെ നിർവചിക്കാനാവാത്ത ഒരു വൈപ്ലവിക ഭാവുകത്വമായി ഇപ്പോഴും എന്നെ അനുഗ്രഹിക്കുന്നു, അനുഗമിക്കുന്നു.

Share

admin

Leave a Reply

Your email address will not be published. Required fields are marked *