വടക്കൻ പറവൂരിലെ ജൂതപള്ളി

വടക്കൻ പറവൂരിലെ ജൂതപള്ളി
06 Jul 2022

സഹസ്രാബ്ദങ്ങളുടെ യഹൂദകഥകളുറങ്ങുന്ന ഒരു ചരിത്രഭൂമിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. ഇതൊരു സിനഗോഗാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ ജൂതപള്ളി. എന്നവച്ചാൽ യഹൂദരുടെ ആരാധനാലയം. ഈ പള്ളി സ്ഥിതി ചെയ്യുന്നത് കേരളത്തിലെ വടക്കൻ പറവൂരാണ്.

ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. കച്ചവടത്തിനും പ്രവാസത്തിനുമായി പഴയ മുസിരിസ്സിൽ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിൽ എത്തിയവരാണിവർ. കേരളത്തിലെത്തിയ ഈ യഹൂദവംശത്തെ പിൽക്കാലത്ത് മലബാർ യഹൂദർ എന്ന് വിളിച്ചുപോന്നു. യഹൂദരിൽ തന്നെ വെളുത്തതും കറുത്തതുമായ യഹൂദരുണ്ടത്രെ. അതുകൊണ്ടാവാം മലബാർ യഹൂദരെ കറുത്ത യഹൂദർ എന്നാണ് വിളിച്ചുപോന്നിരുന്നത്.

കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കൊല്ലത്തും കൊടുങ്ങല്ലൂരിലെ പറവൂരിലും ചേന്ദമംഗലത്തുമായി ജൂതർ വ്യാപിച്ചുകിടന്നിരുന്നു. വാണിഭക്കാരും പ്രവാസികളുമായ ഇവരെ ഏറ്റുവാങ്ങിയവരും പോറ്റിയവരും സംരക്ഷിച്ചവരും ചേര രാജാക്കന്മാരായിരുന്നുവത്രെ.  അവരിൽ തന്നെ ചേരമാൻ പെരുമാൾ ഒന്നാമനുമായിരുന്നു. എന്തായാലും അക്കാലത്ത് ഭാസ്കര രവി വർമ്മൻ, അന്നത്തെ ജൂതനേതാവായ ജോസഫ് റബ്ബാന് കൈമാറിയ ചരിത്രരേഖകളുടെ ചെമ്പോലകളും, ഭൂതകാല ചരിത്രശില്പങ്ങളുടെ ബാക്കി അടയാളങ്ങളായ, ജൂതത്തെരുവുകളും, കച്ചവടസ്ഥലികളും, ജൂതപ്പള്ളികളും ഇന്നും ഇവിടെ ചരിത്രസാക്ഷ്യം പറഞ്ഞുകൊണ്ടിരിക്കുന്നു.

പറവൂരിലെ ഈ സിനഗോഗ് അതിന്റെ യഹൂദ സവിശേഷതകൾ കൊണ്ടും വലുപ്പം കൊണ്ടും ഒരു സമ്പൂർണ്ണ ജൂതപ്പള്ളിയാണെന്ന് ചരിത്രഗവേഷകർ പറയുന്നു. ഈ പള്ളികൾ എഡി 750-നും 1105-നും ഇടയ്ക്ക് സ്ഥാപിച്ചിരിക്കാനാണ് സാധ്യതയെന്ന് ചരിത്രഗവേഷകർ അവകാശപ്പെടുമ്പോഴും ഗവേഷണം തുടരുകയാണ്. എന്നിരുന്നാലും ഏറെ പുനരുദ്ധാരണങ്ങൾക്കുശേഷം ഈ പള്ളി ഇന്നത്തെ നില പ്രാപിച്ചത് എഡി 1616 ലാണെന്ന് ചരിത്രഗവേഷകർ ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. ദാവീദ് യാക്കോവ് കാസ്റ്റീൽ എന്നയാളാണ് ഈ പള്ളി പണി കഴിപ്പിച്ചതെന്നും വിശ്വസിച്ചുപോരുന്നു. അതേസമയം 1341-ലെ പെരിയാറിലെ വെള്ളപൊക്കത്തിലോ സുനാമിയിലോ യഹൂദർ ഇവിടങ്ങളിലൊക്കെ പുനർവിന്യസിക്കപ്പെട്ടതാണെന്നുമുള്ള ചരിത്രകഥകളും നിലനില്ക്കുന്നുണ്ട്.

ഭാരതത്തിലെ ഒരുപക്ഷേ ലോകത്തിലെ തന്നെ പഴയ ജൂതപ്പള്ളികളിൽ പ്രഥമഗണനീയമായ വടക്കൻ പറവൂരിലെ ഈ പള്ളി അറ്റകുറ്റപ്പണികളാൽ പുതുക്കിനിലനിർത്തുന്നത് കേരള സർക്കാരിന്റെ കീഴിലുള്ള പുരാവസ്തുവകുപ്പാണ്. അതുകൊണ്ടുതന്നെ ഇന്ന് ഇതൊരു ആരാധനാലയമല്ല, മറിച്ച് യഹൂദചരിത്രമുറങ്ങുന്ന ഒരു മ്യൂസിയമാണ്.

പോർച്ചുഗീസ്-ഡച്ച് ആക്രമണ-പ്രത്യാക്രമണ കാലത്തും ടിപ്പുവിന്റെ പടയോട്ടക്കാലത്തും ഇവിടുത്തെ ജൂതപ്പള്ളികൾ തീയിട്ട് നശിപ്പിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും ഇവിടുത്തെ പ്രദേശിക ജനതയോടൊപ്പം സമരസപ്പെട്ട് യഹൂദർ ജീവിച്ചുപോന്നുവത്രെ. പിന്നീട് അവരുടെ ജന്മനാടായ ഇസ്രായേൽ ശാന്തമായതിനെ തുടർന്ന് 1948-കാലഘട്ടങ്ങളിൽ അവരിൽ പലരും മടക്കയാത്ര നടത്തിയതായും പറയപ്പെടുന്നു. കാലക്രമേണ ഈ പള്ളികളിൽ ആരാധന നിയന്ത്രിക്കപ്പെടുകയോ നിലക്കുകയോ ഉണ്ടായി. ചരിത്രരേഖകളിൽ പറയുന്നത് ഇവിടുത്തെ അവസാനത്തെ ആരാധന നടന്നത് 1988-ലാണെന്നാണ്.

ഇവിടുത്തെ സുവിശേഷ പ്രസംഗപീഠം അഥവാ ബിമാ, സുവിശേഷം അഥവാ ടോറാ വിശുദ്ധഗ്രന്ഥ സൂക്ഷിപ്പിടം അഥവാ ആർക്ക് എന്നിവയൊക്കെ അന്താരാഷ്ട്ര ജൂത സ്മാരക സർവ്വേ റിപ്പോർട്ട് പ്രകാരം 1995-ൽ ഇസ്രായേലിലെ ജൂത മ്യൂസിയത്തിലേക്ക് കൊണ്ടുപോയതായും പറയപ്പെടുന്നു. പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ഈ പള്ളികൾ അനാഥമായും അവഗണിക്കപ്പട്ടും കിടന്നു. അവസാനം 2009-ലാണ് കേരള സർക്കാർ ഇതേറ്റെടുക്കുന്നതും പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിൽ കൊണ്ടുവരുന്നതും. ഇപ്പോൾ ഈ പള്ളികളും ജൂതത്തെരുവിലെ സ്മാരകങ്ങളും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമാണ്.

ഈ പള്ളികളുടെയും മറ്റു നിർമ്മിതികളുടെയും വാസ്തുശില്പഘടന പഠിക്കുമ്പോൾ മനസ്സിലാവുന്നത് കേരളീയ വാസ്തുകലയുടെ തനതും വ്യക്തവുമായ പകർന്നാട്ടമാണ്. പടിപ്പുരയും കടന്ന് ഈ പള്ളികളുടെ കുമ്മായം പൂശിയ ഇടനാഴികകളിലെ തൂണുകളും കടന്ന് അകത്തളങ്ങളിൽ പ്രവേശിക്കുമ്പോൾ, ഏതോ നാലുകെട്ടിലോ ക്ഷേത്രാങ്കണത്തിലോ പോയതുപോലെയുള്ള ഒരു കാഴ്ചാനുഭവമാണ് നമുക്ക് അനുഭവപ്പെടുക. മരമേലാപ്പുകളും ജന്നലുകളും വാതിലുകളും മറ്റു വാസ്തുശില്പവേലകളും കേരളീയത വിളിച്ചോതുന്നുണ്ട്.  ഈ ആരാധനാലയങ്ങളുടെ ഗോവണികളും മട്ടുപ്പാവും സ്ത്രീകൾക്ക് കൊടുക്കുന്ന സുരക്ഷയുടെ ഇടങ്ങളും കാണുമ്പോൾ നമുക്ക് ഇന്ന് കൈമോശം വന്ന ഏതോ കേരളീയ സുവർണ്ണ സാംസ്കാരിക കാലഘട്ടത്തിലേക്ക് നമ്മേ കൊണ്ടുപോവുന്നുണ്ട്.

അതേസമയം വേണ്ടത്ര ഗൌരവത്തിലും ഉത്തരവാദിത്തത്തിലും ഈ സ്മാരകങ്ങൾ സംരക്ഷിക്കപ്പെട്ടുപോരുന്നുണ്ടോ എന്ന കടുത്ത സന്ദേഹത്തോടെ മാത്രമേ നമുക്ക് ഈ ചരിത്രസ്ഥലിയോട് യാത്ര പറഞ്ഞ് പിരിയാനാവൂ എന്ന വസ്തുതയും സങ്കടത്തോടെ പറയട്ടെ.

 

 

Share

ct william

Leave a Reply

Your email address will not be published. Required fields are marked *