മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളി

മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളി
13 Jan 2022

ചരിത്രം, വിശ്വാസം, ഭൂപ്രദേശം എന്നിവകൊണ്ടൊക്കെ തികച്ചും വ്യത്യസ്തമായ ഒരു പള്ളിമുറ്റത്താണ് ഞാനിപ്പോൾ നില്ക്കുന്നത്. തൃശൂരിൽ നിന്ന് കാഞ്ഞാണി റൂട്ടിൽ കാറിൽ ഏകദേശം  20 കിലൊമീറ്റർ സഞ്ചരിച്ചാൽ നാം എത്തിച്ചേരുന്ന ഒരു പള്ളിയാണ് മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളി, അഥവാ ഗുഡ് ഷെപ്പേഡ് ചർച്ച്.

ഒരു വിളിപ്പാടകലെ ഒരേ ഇടവകാതിർത്തിയിൽ തന്നെ രണ്ട് പള്ളികൾ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് മുല്ലശേരി. ഇവിടുത്തെ  നല്ല ഇടയന്റെ പള്ളിയും തൊട്ടയലത്തെ വടക്കൻ പുതുക്കാട് മാതാവിന്റെ പള്ളിയും തൊട്ടുരുമ്മിനില്ക്കുന്നു. പഴക്കം കൊണ്ട് വടക്കൻ പുതുക്കാട് മാതാവിന്റെ പള്ളിയാണ് കേമമെങ്കിലും പച്ചപ്പുതുമ കൊണ്ട് മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളിക്കാണ് കൂടുതൽ കൌതുകം.

1854-ൽ ഓടിട്ട ഒരു ഷെഡ് മാത്രമായിരുന്നു ഈ പള്ളി. പള്ളിയെന്ന് തോന്നിപ്പിക്കാൻ ഒരു മുഖവാരം ഉണ്ടായിരുന്നെന്ന് വേണമെങ്കിൽ പറയാം. പണ്ട് കൊങ്കൻ പട കേരളത്തിൽ വന്ന് തോറ്റ് തുന്നം പാടിയപ്പോൾ അവരിൽ ചിലർ ഇവിടെ ചുറ്റിപ്പറ്റി നിന്നതായി ചരിത്രം പറയുന്നു. അവർ പണികഴിപ്പിച്ച പള്ളിയാണത്രെ ഈ പള്ളി. അതുകൊണ്ടുതന്നെ ഇവിടുത്തെ വിശ്വാസികളെ കൊങ്കന്മാരെന്നും വിളിച്ചുപോന്നിരുന്നുവത്രെ.

സുറിയാനി കത്തോലിക്കാ വിശ്വാസത്തിൽ തീരെ കണ്ടുവരാത്ത ഒരു ഉണ്ണിയേശുവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആട്ടിൻ കുട്ടിയെ കയ്യിലേന്തിയ ഇടയഭാവത്തിലുള്ള ഉണ്ണിയേശുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപെട്ട യൂറോപ്യൻ ബേസൽ മിഷനറിമാരായിരിക്കണം ഈ പള്ളി ഇവിടെ സ്ഥാപിച്ചതെന്ന് സ്ഥിരീകരിക്കപ്പെടാത്ത അനുമാനമുണ്ട്. അതുകൊണ്ടുതന്നെ ഈ പള്ളിക്ക് അന്ന് നിലവിലുണ്ടായിരുന്ന വാരാപ്പുഴ രൂപതയുടെ അംഗീകാരം ഉണ്ടായിരുന്നില്ലത്രെ. പിന്നീട് 1887-ലാണ് സുറിയാനി കത്തോലിക്കാ രൂപത ഈ പള്ളിക്ക് അംഗീകാരം കൊടുക്കുന്നതത്രെ.

നേരത്തെ ഈ പ്രദേശത്തുള്ളവരൊക്കെ ഏനാമാവ് പള്ളിയുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നത്. പതിവുപോലെ ക്രിസ്ത്യാനികളുടെ പടലപ്പിണക്കങ്ങളുടെ ഭാഗമായി ചേരിതിരിഞ്ഞാണ് ആദ്യം വടക്കൻ പുതുക്കാട് മാതാവിന്റെ പള്ളിയും പിന്നീട് മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളിയും ഉണ്ടായതെന്നും പറയപ്പെടുന്നു. ഈ വസ്തുതകൾക്കൊന്നും തന്നെ വലിയ ആധികാരികത അവകാശപ്പെടാനാവില്ലെന്ന് മുല്ലശേരി പള്ളി ശില്പി കൂടിയായ ഫാ. ജോയ് മൂക്കൻ പറയുന്നു. എന്തായാലും നമുക്ക് ഈ പള്ളിയൊന്ന് കാണാം.

ത്രിമാനതകളിൽ വിസ്മയം തീർക്കുന്ന ഈ പള്ളിയുടെ ശിലാസ്ഥാപനം 2009-ലായിരുന്നു. പഴയ പള്ളി പൂർണ്ണമായും പൊളിച്ചുനീക്കിയതിനു ശേഷമാണ് പുതിയ പള്ളി പണിതീർത്തത്. പഴയ പള്ളിയുടെ പൌരാണികതയുടെ തിരുശേഷിപ്പുപോലും ബാക്കിവക്കാതെയാണ് പുതിയ പള്ളി ഇവിടെ സ്ഥാനം പിടിച്ചത്.  തൃശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്താണ് 2015-ൽ ഈ പള്ളി വിശ്വാസികൾക്കായി സമർപ്പിച്ചത്.

ഏകദേശം 11 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ പള്ളിയുടെ ശില്പസങ്കേതത്തിന് ഒരു തനത് വാസ്തുശില് അവകാശപ്പെടാനില്ലെന്നാണ് വാസ്തുശാസ്ത്ര വിദഗ്ദനായ ഡോ. പി.വി. ഔസേപ്പ് മാസ്റ്റർ പറയുന്നത്. പോർച്ചുഗീസ് മാതൃകയുടെ അടിസ്ഥാന ശീല് ഉണ്ടെങ്കിലും പച്ചപ്പുതുമയുടെ ഓളങ്ങളിൽ അതെല്ലാം നിഷ്പ്രഭമാവുന്നുണ്ട്. ചുരുക്കത്തിൽ നവീന ശില്പമാതൃകയുടെ ഒരു പകർന്നാട്ടം മാത്രമാണ് ഈ പള്ളിയുടെ ശില്പസൌന്ദര്യമെന്നാണ് ഔസേപ്പ് മാസ്റ്റർ അവകാശപ്പെടുന്നത്.

ആട്ടിൻ കുട്ടിയെ കയ്യിലേന്തിയ ഇടയഭാവത്തിലുള്ള ഉണ്ണിയേശുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെങ്കിലും നമ്മേ പള്ളിക്കവാടത്തിൽ സ്വീകരിക്കുന്നത് മുതിർന്ന ഭാവത്തിലുള്ള യേശുവിന്റെ 30 അടി ഉയരത്തിലുള്ള കൂറ്റൻ ഇടയശില്പമാണ്. നിറയെ ഇടയന്മാരും ആട്ടിൻപറ്റവും ചേർന്ന ഒരു ശില്പഗ്രാമം തീർക്കാൻ ശ്രമിച്ചെങ്കിലും ആ പണി പൂർത്തിയായില്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് തിരിച്ചറിയാം. ഈ പള്ളിയുടെ ശില്പികൂടിയായ പഴയ വികാരിയച്ചൻ ഫാ. ജോയ് മൂക്കനും അത് സമ്മതിച്ചുതരുന്നുണ്ട്. കോവിഡ് കാലവും ഇടവകയുടെ സാമ്പത്തിക പരാധീനതയും പള്ളിയുടെ ഗരിമയും സൌന്ദര്യവും നിലനിർത്തുന്നതിൽ പരാജയപ്പെട്ടതായും ജോയച്ചൻ സമ്മതിക്കുന്നുണ്ട്.

പള്ളിയുടെ തിരുമുറ്റത്തുള്ള തടാകത്തിന് കുറുകെയുള്ള മേൽപാലം കടക്കുമ്പോൾ നമുക്ക് ആട്ടിൻപറ്റത്തെ കാണാം. ആട്ടിടയരെ കാണാം. ഇടയഭാവത്തിലുള്ള യേശുവിന്റെ കൂറ്റൻ ശില്പം കാണാം. ഇംഗ്ലണ്ടിലെ വാൻസിങ്ങ് ഹാമിലെ പരിശുദ്ധമാതാവിന്റെ തത്സ്വരൂപം കാണാം. പിന്നെ കൂറ്റൻ കൽക്കുരിശ് കാണാം. മണിമാളിക കാണാം. പൂക്കൊട്ട കൊണ്ടലങ്കരിച്ച കിണറും കാണാം. വിശാലമായ പള്ളിമുറ്റത്തെ സ്വർണ്ണ കൊടിമരവും കാണാം.

പള്ളിയകത്തെ കാഴ്ചകളും അതിശയിപ്പിക്കുന്നതാണ്. തേക്കിൽ തീർത്ത ത്രിമാന ശില്പഭംഗിയിൽ പള്ളിയകം സമൃദ്ധമാണ്. മനോജ്ഞമാണ്. മേലാപ്പിലെ വിളക്കുകളും മരത്തിൽ തീർത്ത ആർച്ചുകളും എണ്ണച്ഛായാചിത്രങ്ങളും ബൈബിൾ കഥകളിലേക്ക് നമ്മേ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. സ്റ്റെയിൻ ഗ്ലാസ്സുകളിൽ നിന്ന് പൊഴിയുന്ന മൃദുപ്രാകാശകിരണങ്ങളിൽ നാം ഭക്തിയുടെ ആലസ്യത്തിൽ ലയിക്കുന്നുണ്ട്. വർണ്ണച്ഛായങ്ങളിൽ ത്രിമാനവിസ്മയം തീർക്കുന്ന വിസ്തൃതമായ മദ്ബഹ നമ്മേ ഭക്തിയുടെ സ്വർഗ്ഗത്തിലെത്തിക്കുന്നുണ്ട്. നല്ല ഇടയന്റെ നിഷ്കളങ്കമായ വിശുദ്ധശില്പാങ്കണത്തിൽ നാം അനിർവചനീയമായ ഒരു കാവലും കരുത്തും അനുഭവിക്കുന്നു. എല്ലാം കണ്ട് ഈ പള്ളിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ നല്ല ഇടയന്റെ പിന്നാലെ പോകുന്ന ഒരു സുരക്ഷിതത്വവും നാം അറിയുന്നു. അനുഭവിക്കുന്നു. വീഡിയോ കാണാം

Share

ct william

Leave a Reply

Your email address will not be published.