മദ്യം ഓൺലൈനിൽ കൊടുക്കാമോ?

മദ്യം ഓൺലൈനിൽ കൊടുക്കാമോ?
07 May 2021

ലഹരി– മദ്യത്തിനോ മുന്നറിയപ്പിനോ ?

ഇത് ജാഗ്രതയുടെ കാലമാണല്ലോ. സാർവ്വത്രികമായ ജാഗ്രതയുടെ കാലം. നാം ഉണരുന്നതും ഉറങ്ങുന്നതും ജാഗ്രതാ നിർദേശങ്ങളോടേയും സാരോപദേശങ്ങളോടേയുമാണ്. മൃതിയെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള അതീവജാഗ്രതയുടെ കെട്ടകാലമാണ് നമ്മുടേത്.

ഈ കാലത്തും ജനങ്ങളോടുള്ള മാനവികത കൈവിടാതെ അവരെ സംരക്ഷിച്ചുപോന്ന ഇടതു സർക്കാരിന് മിന്നും വിജയം കൈവരിച്ച ഈ സുദിനത്തിൽ ശ്രി. പിണറായി വിജയനും സർക്കാരിനും വർത്തമാനകാലത്തിന്റെ ആശംസകൾ.

അതേ സാഹചര്യത്തിൽ നിന്നുകൊണ്ടുതന്നെ ഈ ലക്കം വർത്തമാനകാലവും ഒരു ജാഗ്രതാ കുറിമാനത്തോടെ തുടങ്ങട്ടെ, മദ്യം ആരോഗ്യത്തിന് ഹാനികരമാണ്. മദ്യപാനം ഒരു നല്ല ശീലവുമല്ല.

സീറ്റി സ്കാനിന്റെ വർത്തമാനകാലത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം.

ഇന്ന് വർത്തമാനകാലം ചർച്ചക്കെടുക്കുന്നത് മദ്യം ഓൺലൈനായി വിപണനം നടത്താമോ എന്ന വിഷയമാണ്. നിലവിലുള്ള അബ്ക്കാരി-സർക്കാർ ചട്ടങ്ങളനുസരിച്ച് മദ്യം ഓൺലൈനായി വിപണനം നടത്താൻ സാധ്യമല്ല എന്നതാണ് വസ്തുതയെങ്കിലും ഈ വിഷയം വർത്തമാനകാലം ചർച്ചക്കെടുക്കുകയാണ്. തുടക്കത്തിലെ പറയട്ടെ, ഞാൻ മദ്യത്തിന്റെ ഉപയോഗത്തേയും ഉപഭോഗത്തേയും ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കുന്നില്ല.

നാമിപ്പോൾ ജീവിക്കുന്ന കാലം ഓൺലൈനിന്റെ കാലമാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്നുപറഞ്ഞാൽ പോരാതെവരും എന്നതുകൊണ്ട് മനുഷ്യന് ആവശ്യമായതെന്തും ഓൺലൈനിൽ കിട്ടുന്നൊരു കാലത്താണ് നാമിന്ന് ജീവിക്കന്നതെന്ന് പറയേണ്ടിവരും. അപ്പോൾപിന്നെ മദ്യം ഓൺലൈനായി വിപണനം നടത്തിയാൽ എന്താണതിൽ തെറ്റെന്നാണ് വർത്തമാനകാലം ഉന്നയിക്കുന്നത്. മാത്രമല്ല, അതിൽ ശരിയുണ്ടെന്നാണ് വർത്തമാനകാലം സമർത്ഥിക്കാൻ ആഗ്രഹിക്കുന്നത്.

കേരളമടക്കം ചില സംസ്ഥാനങ്ങളിലാണ് ഇപ്പോൾ മദ്യം സർക്കാർ-നിയന്ത്രിത വിപണനവും വിതരണവും നടത്തുന്നത്. മറ്റുപലയിടങ്ങളിലും മദ്യം പൊതുവിപണന-വിതരണ ശൃംഗലയിലൂടെ ലഭ്യമാണ്. മലയാളികൾക്ക് സുപരിചിതമായ ബംഗളൂരിൽ മദ്യം അത്തരത്തിൽ ലഭ്യമാണെന്നത് വിസ്മരിക്കാവുന്നതല്ല. മാത്രമല്ല, വിദേശങ്ങളിലെവിടേയും ഇത്തരത്തിൽ മദ്യത്തെ സർക്കാരിന്റെ കുറ്റിയിൽ മാത്രം തളച്ചിട്ടതായ ഒരു അറിവും സഞ്ചാരിയെന്ന നിലക്ക് എനിക്കില്ല.

അപ്പോൾപിന്നെ മദ്യത്തിന്റെ പൊതുവിതരണ-വിപണന സാധ്യതകൾക്ക് നാമെന്തിന് തടസ്സം നില്ക്കണമെന്നതാണ് വർത്തമാനകാലത്തിന്റെ ന്യായമായ സംശയം. അതും സർക്കാർ ഉദ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ഇവിടെ ജാഗ്രതാ മുന്നറിയിപ്പോടെ വില്ക്കുന്നതുമായ മദ്യത്തെ ഇങ്ങനെ നിയന്ത്രിക്കുന്നതെന്തിനെന്നാണ് വർത്തമാനകാലം ചോദിക്കുന്നത്. തീരെ യുക്തിഭദ്രമല്ലാത്ത ചിലരുടെ ഒരു ആലങ്കാരിക വിലക്കുമാത്രമാണ് അതെന്ന് വർത്തമാനകാലം വിശ്വസിക്കുന്നു.

മദ്യം സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മദ്യം വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് ഈ സർക്കാർ കുടുംബം ഇങ്ങനെ കഴിഞ്ഞുകൂടുന്നത് എന്ന വസ്തുത എല്ലാവർക്കുമറിയാവുന്നതുമാണ്. എന്നിട്ടും അതിനെതിരെ കണ്ണടച്ചുകൊണ്ട് മദ്യത്തിന്റെ പൊതുവിതരണ-വിപണന സാധ്യതകളോട് മുഖം തിരിച്ചുനില്ക്കുന്നവരുടെ നിലപാടിന് എന്ത് യുക്തിയാണുള്ളത്. അതും ഈ കോവിഡ് കാലത്ത് നമ്മുടെ സാമ്പത്തിക നില അപകടകരമാം വിധം താറുമാറായ ഇക്കാലത്ത്. ദീർഘവീക്ഷണത്തോടെ മദ്യത്തിന്റെ പൊതുവിതരണ-വിപണന സാധ്യത ഉദാരീകരിച്ചാൽ നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനാവും. എന്നുവച്ചാൽ നാട്ടിലുള്ളവരെ മുഴുവൻ മദ്യം കുടിപ്പിച്ച് കൊന്നൊടുക്കുക എന്നല്ല വർത്തമാനകാലം അർത്ഥമാക്കുന്നത്. നിലവിലുള്ള ജാഗ്രതാ മുന്നറിയിപ്പോടെ ജനങ്ങളുടെ ആരോഗ്യത്തെ സംരക്ഷിച്ചുകൊണ്ടുതന്നെ അത് നമുക്ക് നടപ്പാക്കാം. അതെങ്ങിനെ എന്നാണ് വർത്തമാനകാലം പറയുന്നത്.

ജനത്തിന്റെ വരുമാനവും ആരോഗ്യവും കണക്കിലെടുത്തുകൊണ്ടുതന്നെ മദ്യത്തിന്റെ പൊതുവിതരണ-വിപണന സമ്പ്രദായം നടപ്പിലാക്കാവുന്നതേയുള്ളൂ. വിവര സാങ്കേതിക സംവിധാനങ്ങളുടെ നിലവിലുള്ള ശൃംഗല ഉപയോഗിച്ചുകൊണ്ട് മദ്യത്തെ നമുക്ക് നിയന്ത്രിച്ചുകൊണ്ടുതന്നെ വിപണനം നടത്താനാവും. ആധാറും ആരോഗ്യ ഇൻഷൂറന്സ് കാർഡും റേഷൻ കാർഡും ബാങ്ക് എക്കൌണ്ടും എല്ലാം സർക്കാരിന്റെ നിരീക്ഷണത്തിലാകയാൽ ഇത് സാധ്യവുമാണ്. ഒരു വ്യക്തിയുടെ സാമ്പത്തികവും ആരോഗ്യവും കണക്കിലെടുത്തുകൊണ്ടുതന്നെ നമുക്ക് ഇത് സാധ്യമാക്കാനാവും. ഈ വിഷയത്തിൽ വർത്തമാനകാലം ഏതാനും നിർദേശങ്ങൾ മുന്നോട്ടുവക്കുകയാണ്, ജനവും സർക്കാരും ബന്ധപ്പെട്ടവരും ചർച്ച ചെയ്യട്ടെ.

  1. സർക്കാരിന്റെ നേരിട്ടുള്ള ഔട്ലെറ്റുകളടക്കം സർക്കാർ  റജിസ്ട്രേഷൻ സംവിധാനത്തിനും നിയന്ത്രണത്തിനും വിധേയമായ എല്ലാ വിപണന കേന്ദ്രങ്ങളിലും മദ്യം നേരിട്ടും ഓൺലൈനായും ലഭ്യമാക്കാവുന്നതാണ്.
  2. കാലാകാലങ്ങളിൽ പുതുക്കിയ റേഷൻ കാർഡും ആരോഗ്യ ഇൻഷൂറൻസ് കാർഡും പാൻകാർഡും പരിഗണിച്ചായിരിക്കണം മദ്യം വ്യക്തികൾക്ക് ലഭ്യമാക്കുക.
  3. ആരോഗ്യമുള്ള ചുരുങ്ങിയ വരുമാനക്കാർക്ക് മദ്യം വാങ്ങുന്നതിന് നിയന്ത്രണമുണ്ടാവും.
  4. അനാരോഗ്യമുള്ളവർക്ക് മദ്യം ലഭ്യമാക്കാനാവില്ല.
  5. സർക്കാർ നിശ്ചയിക്കുന്ന പ്രായക്കാർക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളൂ.
  6. ആരോഗ്യമുള്ള ഉയർന്ന വരുമാനക്കാരിൽ നിന്ന് കൂടുതൽ ആഢംഭര നികുതി ഈടാക്കാവുന്നതാണ്.

ഇത്തരത്തിൽ വ്യക്തിയുടെ ആരോഗ്യവും സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്തുകൊണ്ട് മദ്യത്തിന്റെ പൊതുവിതരണ-വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിൽ യാതൊരുവിധ തെറ്റുമില്ലെന്നാണ് വർത്തമാനകാലം പറയുന്നത്. മാത്രമല്ല, യാചകരെപോലെ സർക്കാരിന്റെ ഔദാര്യത്തിനായി സർക്കാർ ഔട്ലെറ്റുകളിൽ വരിനിന്നുകൊണ്ട് ഒരു സംസ്ഥാനത്തിന്റെ അന്തസ്സും ആഭിജാത്യവും കളങ്കപ്പെടുത്തുന്നത് ഇല്ലാതാക്കുകയുമാവാം. അന്തസ്സുള്ള രാജ്യത്തിന് അന്തസ്സുള്ള മനുഷ്യരുണ്ടാവട്ടെ. അതുണ്ടാക്കേണ്ട ഉത്തരവാദിത്തവും ധാർമ്മികതയും സർക്കാരുകൾക്കുണ്ടാവണം. പുതിയ ഇടതുപക്ഷ സർക്കാർ ഈ വഴിക്ക് ചിന്തിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. വീഡിയോ കാണാൻ

Share

admin