തെരഞ്ഞെടുപ്പും വേഴാമ്പലുകളും

തെരഞ്ഞെടുപ്പും വേഴാമ്പലുകളും
03 Apr 2021

ഓരോ തെരഞ്ഞെടുപ്പും ഓരോ ഉത്സവമാണ്. ജനാധിപത്യത്തിന്റെ തേരോട്ടമാണ്. തോരോട്ടമത്സരമാണ്. മത്സരത്തിൽ വിജയശ്രീലാളിതരാവുന്ന തേരാളികൾ പിന്നീട് ഒരു പഞ്ചവത്സരകാലത്തേക്കുള്ള ഭരണരഥ സാരഥികളാവുന്നു. അതുകഴിഞ്ഞാൽ വീണ്ടും ജനാധിപത്യത്തിന്റെ തേരോട്ട മത്സരം തനിയാവർത്തനമായി അരങ്ങേറുന്നു, മറ്റൊരു പഞ്ചവത്സരകാലത്തേക്ക്.

മത്സരാർത്ഥികൾ മാറാം, മാറാതിരിക്കാം. പക്ഷേ, തെരഞ്ഞെടുപ്പുത്സവവും തേരോട്ടവും മുടങ്ങാതെ ഒരു ആചാരം പോലെ ഇവിടെ നടന്നുകൊണ്ടിരിക്കും. അത് അഞ്ചുവർഷത്തിലൊരിക്കൽ ഭാരതത്തിന്റെ ഗ്രാമാന്തരങ്ങളിലൂടെയുള്ള ഒരു തേരോട്ട മത്സരമായി ആഘോഷിക്കപ്പെടും. ആഘോഷം ഒന്നോ രണ്ടോ മാസത്തേക്ക് നീണ്ടുനില്ക്കും. നിഷ്കളങ്കരായ ജനം ആ കാലയളവിൽ തേരുതാങ്ങികളായി ആഘോഷതിമിർപ്പിലായിരിക്കും. ഈ ജനത്തെയാണ് നാം സമ്മതിദായകർ എന്ന് ആദരപൂർവ്വം വിളിച്ചുപോരുന്നത്.

തേരോട്ട മത്സരത്തിൽ ജയിച്ചവർ തേരുകൾ ഗ്രാമവഴികളിൽ ഉപേക്ഷിച്ച് ഹൈടെക്ക് യന്ത്രങ്ങൾ ഘടിപ്പിച്ച ആർഭാട രഥങ്ങളിൽ അതത് സഭാമന്ദിരങ്ങളിലേക്ക് ചേക്കേറുന്നു. അവർ ഗ്രാമവഴികളിൽ ഉപേക്ഷിച്ച തുരുമ്പെടുത്ത തെരഞ്ഞെടുപ്പുരഥങ്ങൾ തേരുതാങ്ങികളായ പാവം ജനം അടുത്ത അഞ്ചുവർഷക്കാലത്തേക്ക് രോമാഞ്ചിതങ്ങളായ ജനാധിപത്യസ്മാരകങ്ങളായി സംരക്ഷിക്കുന്നു.

ഗ്രാമവും ഗ്രാമവഴികളും ഗ്രാമരഥങ്ങളും ഉപേക്ഷിച്ചുകൊണ്ട് സഭാപ്രവേശം നടത്തിയ ജനാധിപത്യ മഹാസാരഥികൾ പിന്നെ കാലാന്തരത്തിൽ പഞ്ചവത്സര പദ്ധതികളുമായി വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി കഴുകന്മാരെപ്പോലെ ഗ്രാമങ്ങളുടെ ആകാശങ്ങളിൽ പറക്കുന്നു. അവർ ഭൂമിയിലേക്ക് അപ്പപ്പൊതികൾ അഥവാ ഭക്ഷ്യക്കിറ്റുകൾ വർഷിക്കുന്നു. ആ സമയം ജനം പ്രകൃതിനിർമ്മിതമൊ അല്ലത്തതൊ ആയ പ്രളയത്തിലാവാം, മഹാമാരിയിലാവാം, മറ്റു കെടുതികളിലുമാവാം. അവർ ആ അപ്പപ്പൊതികളിൽ ദുരിതാശ്വാസം കൊള്ളുന്നു.

പ്രളയജലം താഴുമ്പോൾ, മഹാമാരിയുടെ മൂർച്ച കുറയുമ്പോൾ, കെടുതികൾ കെട്ടുതുടങ്ങുമ്പോൾ, ജനാധിപത്യ മഹാസാരഥികൾ ഗ്രാമങ്ങളിൽ ഉപേക്ഷിച്ച, തുരുമ്പെടുത്ത രഥങ്ങൾ അവർ വെള്ളപൂശിയൊരുക്കുന്നു. അന്നേരം ആകാശങ്ങളിൽ നിന്ന് മഹാസാരഥികൾ വീണ്ടും അവരവരുടെ രഥങ്ങളിലേക്ക് നിക്ഷേപിക്കപ്പെടുന്നു. തെരഞ്ഞെടുപ്പുത്സവത്തിന്റെ തനിയാവർത്തനം നിശ്ചയിക്കപ്പെടുന്നു.

തേരുതാങ്ങികളായ ജനം അവരുടെ നിഷ്കളങ്ക രഥസേവ നടത്തുന്നു. തേരോട്ടമത്സരം പൊടിപൊടിക്കുന്നു. തെരഞ്ഞെടുപ്പുത്സവം ഗംഭീരമാക്കുന്നു. ഉത്സവാനന്തരം  വിജയശ്രീലാളിതരായ ജനാധിപത്യ മഹാസാരഥികൾ വീണ്ടും തേരുകൾ ഗ്രാമവഴികളിൽ ഉപേക്ഷിക്കുന്നു. പതിവുപോലെ അവർ  ഹൈടെക്ക് യന്ത്രങ്ങൾ ഘടിപ്പിച്ച ആർഭാട രഥങ്ങളിൽ അതത് സഭാമന്ദിരങ്ങളിലേക്ക് ചേക്കേറുന്നു. സഭസ്ഥാശ്രമകാലത്തെ പ്രളയത്തിനും മഹാമാരിക്കുമായി നിഷ്കളങ്കരായ ജനം കാത്തിരിക്കുന്നു. ആകാശങ്ങളിലെ വിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും ഇരമ്പലുകൾക്കായി അവർ കാതോർക്കുന്നു. പെയ്യാനിരിക്കുന്ന അപ്പപ്പൊതികൾക്കായി അവർ വേഴാമ്പലുകളാവുന്നു. ജനാധിപത്യത്തിന്റെ വേഴാമ്പലുകൾ.

ഡോ. സി.റ്റി. വില്യം. ctwilliamkerala@gmail.com

Share

admin

Leave a Reply

Your email address will not be published. Required fields are marked *